Saturday, March 14, 2026 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 18 Aug 2025 03.38 PM

സ്വാതന്ത്ര്യദിനം: സ്വപ്നം കണ്ട ഇന്ത്യയും ഇന്നത്തെ വെല്ലുവിളികളും

uploads/news/2025/08/796552/ind.gif

ഓരോ ഓഗസ്റ്റ് 15-ഉം രാജ്യത്തിന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ദിവസമാണ്. 1947-ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ആ സുപ്രധാന മുഹൂര്‍ത്തം വെറുമൊരു രാഷ്ട്രീയ മാറ്റം മാത്രമായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും സാക്ഷാത്കാരമായിരുന്നു. ഇന്ന്, നമ്മള്‍ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, ആ പോരാട്ടങ്ങളുടെ ഓര്‍മ്മകള്‍ മനസ്സില്‍ ഒരു തിരമാല പോലെ ഉയര്‍ന്നു വരുന്നു.

സ്വാതന്ത്ര്യദിനം എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് സ്‌കൂള്‍ മുറ്റത്ത് അണിനിരന്ന കുട്ടിക്കാലമാണ്. വെളുത്ത യൂണിഫോമിട്ട്, നെഞ്ചില്‍ ആവേശത്തിന്റെ ഭാരം പേറി, ദേശീയഗാനം പാടി, 'ഭാരത് മാതാ കീ ജയ്' എന്ന് ആര്‍ത്തുവിളിച്ച ആ ഓര്‍മ്മകള്‍ക്ക് ഇന്നും മധുരമേറെയാണ്. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഉയര്‍ത്തുന്ന ത്രിവര്‍ണ്ണ പതാക, അതിന് ആദരവോടെ സല്യൂട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍, ഒടുവില്‍ മധുര വിതരണം... ഇതെല്ലാം ചേര്‍ന്ന് ഒരു സുന്ദരമായ ചിത്രമാണ് മനസ്സില്‍ തെളിയുന്നത്.

സ്‌കൂളില്‍ നടന്ന പ്രസംഗ മത്സരങ്ങള്‍ പ്രധാന ആകര്‍ഷണമായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകള്‍ ഉരുവിട്ടും, പോരാട്ടങ്ങളെക്കുറിച്ച് പഠിച്ചും, ആവേശത്തോടെ പ്രസംഗങ്ങള്‍ തയ്യാറാക്കിയതും ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന മത്സരങ്ങളും കളികളും ആ ദിനത്തിന് ചിരിയുടെയും സ്‌നേഹത്തിന്റെയും നിറം പകര്‍ന്നു. ജയിക്കാനും തോല്‍ക്കാനും ഒപ്പം നിന്നിരുന്ന കൂട്ടുകാര്‍, സ്വാതന്ത്ര്യത്തിന്റെ ആത്മാവ് സൗഹൃദത്തിലൂടെയും സ്‌നേഹത്തിലൂടെയും എങ്ങനെ ആഘോഷിക്കാമെന്ന് അന്നേ പഠിപ്പിച്ചു.

സ്‌കൂള്‍ കഴിഞ്ഞുള്ള കോളേജ് ജീവിതത്തില്‍ സ്വാതന്ത്ര്യദിനം ഒരു പുതിയ മുഖം കൈക്കൊണ്ടു. യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന പതാക ഉയര്‍ത്തലിന് ശേഷം, സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയ മാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയായി ക്യാമ്പസ് മാറി. സ്വാതന്ത്ര്യം വെറുമൊരു അവധിയായി കാണാതെ, അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അര്‍ത്ഥങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനുള്ള ഒരു അവസരമായിരുന്നു അത്. ക്യാമ്പസില്‍ നിന്ന് തുടങ്ങുന്ന മനുഷ്യച്ചങ്ങലകളും, നാടകങ്ങളും, ചുവരെഴുത്തുകളുമെല്ലാം അന്നത്തെ യുവത്വത്തിന്റെ ആവേശത്തിന്റെ ഭാഗമായിരുന്നു.

എന്നാല്‍ ഇന്ന് നമ്മുടെ രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിടുന്നു.നമ്മുടെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും അവരുടെ മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. ഒരു മതേതര രാഷ്ട്രമെന്ന നിലയില്‍, എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു നയം ഇന്ത്യ പിന്തുടരുന്നു. എന്നാല്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന മതപരമായ അതിക്രമങ്ങള്‍ ഈ മതേതര സങ്കല്‍പ്പങ്ങള്‍ക്ക് ഭീഷണിയാകുന്നു. ഒരു വിഭാഗം മറ്റൊരു മതവിഭാഗത്തെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍, സമൂഹത്തില്‍ ഭിന്നതയും ഭയവും സൃഷ്ടിക്കുന്നു. ഇത് സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്നം കണ്ട, ഒരൊറ്റ ഇന്ത്യ എന്ന സങ്കല്‍പ്പത്തെത്തന്നെ ചോദ്യം ചെയ്യപ്പെടുന്നു.

ജനാധിപത്യത്തിന്റെ നെടുംതൂണായ തിരഞ്ഞെടുപ്പ് പ്രക്രിയയിലും ആശങ്കകള്‍ ഉയരുന്നുണ്ട്. 'ഒരു പൗരന് ഒരു വോട്ട്' എന്ന ജനാധിപത്യ തത്വത്തിന് വെല്ലുവിളിയായി, വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതായും, വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയതായും ഉള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നു. ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിനും സംഘര്‍ഷങ്ങള്‍ക്കും വഴിതുറനിരിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളാണ് ഒരു ജനാധിപത്യത്തിന്റെ ശക്തി. ഈ ആശങ്കകള്‍ പരിഹരിക്കാന്‍ സുതാര്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാകണം.

നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ ജീവന്‍ ബലിയര്‍പ്പിച്ചത് വെറുമൊരു മണ്ണിന് മാത്രമായിരുന്നില്ല, മറിച്ച് സാഹോദര്യത്തിലും സ്‌നേഹത്തിലും അടിയുറച്ച ഒരു ഭാവിക്കുവേണ്ടിയായിരുന്നു. വര്‍ഗീയതയുടെയും ഭീകരവാദത്തിന്റെയും ഇരുണ്ട ശക്തികള്‍ ഭാരതത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, ഓരോ ഇന്ത്യക്കാരനും ഒറ്റക്കെട്ടായി അതിനെതിരെ പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
'ഓരോ ഭാരതീയനും എന്റെ സഹോദരീസഹോദരനാണ്' എന്ന വികാരം നമ്മുടെ ഹൃദയങ്ങളില്‍ കെടാത്ത ദേശസ്‌നേഹത്തിന്റെ ജ്വാലയായി എന്നും ജ്വലിച്ചുനില്‍ക്കട്ടെ! ആകാശംമുട്ടെ ഉയര്‍ന്നുപാറുന്ന നമ്മുടെ ത്രിവര്‍ണ്ണ പതാകയ്ക്ക് കീഴില്‍അഭിമാനത്തോടെ, ഭാരതത്തിന്റെ യശസ്സിനായി നമുക്ക് ഒറ്റക്കെട്ടായി അണിചേരാം. ജയ് ഹിന്ദ്!

ബാബു പി സൈമണ്‍, ഡാളസ്

Ads by Google
Monday 18 Aug 2025 03.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW