-->
ന്യൂഡല്‍ഹി: രാജ്യം 79ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയര്‍ത്തി.
രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയില്‍ എത്തിയത്. സ്വാതന്ത്ര്യദിനം അഭിമാനത്തിന്റെ ഉത്സവമെന്ന് മോദി പറഞ്ഞു. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിര്‍ണ്ണായക നേട്ടങ്ങള്‍ക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ വീര സൈനികര്‍ക്ക് മോദി ആദരം അര്‍പ്പിച്ചു. പഹല്‍ഗാമില്‍ മതം ചോദിച്ച് നിഷ്‌കളങ്കരെ വകവരുത്തിയവരെ നേരിടാന്‍ ഇന്ത്യന്‍ സേനയ്ക്ക് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും മോദി പറഞ്ഞു.
പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്ന് ആവര്‍ത്തിച്ച മോദി, സിന്ധുനദി ജല കരാറില്‍ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓര്‍മിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണെന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കല്‍പ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആത്മ നിര്‍ഭര്‍ ഭാരത് എന്താണെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ തെളിയിച്ചു. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാന്‍ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആത്മനിര്‍ഭര്‍ ഭാരതാണ് ഇന്ത്യയുടെ വഴിയെന്ന് ആവര്‍ത്തിച്ച മോദി ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടെന്ന് പറഞ്ഞ് യുഎസിന്റെ 'തീരുവ ഭീഷണി'യെ പരോക്ഷമായും വിമര്‍ശിച്ചു. സാങ്കേതിക വിദ്യയില്‍ ഇന്ത്യ ഏറെ മുന്നേറിയെന്നും വൈകാതെ ഇന്ത്യയില്‍ നിര്‍മ്മിച്ച ചിപ്പുകള്‍ വിപണിയില്‍ നിറയുമെന്നും പറഞ്ഞു.
ഇന്ത്യയില്‍ തന്നെ യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ഇന്ത്യയുടെ ഭാവി പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇതു വിവരസാങ്കേതികവിദ്യയുടെ യുഗമാണ്. നമുക്ക് സ്വന്തമായി ഒരു എഐ ആവാസവ്യവസ്ഥ വേണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ലോക വിപണിയെ ഭരിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തുന്നത്.