-->
അവതാരക, അഭിനേത്രി എന്നീ നിലകളിലൊക്കെ തിളങ്ങിയ താരമാണ് ജുവല്‍ മേരി. നഴ്സിംഗ് രംഗത്തു നിന്നും അവതാരകയായി അവിടെ നിന്ന് ബിഗ് സ്ക്രീനില്‍ അഭിനേത്രിയായും തിളങ്ങി ജുവല്‍ മേരി കഴിഞ്ഞ കുറച്ചു നാളുകളായി വെള്ളിത്തിരയിലില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളും സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും പങ്കിട്ട് ജുവല്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
എങ്കിലും ഇടയ്ക്ക് വലിയൊരു ഇടവേള താരം എടുത്തിരുന്നു. അതിനുള്ള കാരണം 2023ൽ ജുവലിന് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചതായിരുന്നു. വിവാഹജീവിതവും ഒരു വേര്‍പിരിയലില്‍ അവസാനിച്ചു ജുവലിന്.
ജീവിതം കടന്നുപോയ പരീക്ഷണഘട്ടങ്ങളെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ ജുവൽ മേരി പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹം, ഡിവോഴ്സ്, അതിനു തൊട്ടു പിന്നാലെയെത്തിയ കാൻസർ, കാൻസറുമായുള്ള പോരാട്ടം, അതിജീവനം എന്നിവയെ കുറിച്ചൊക്കെയാണ് ജുവല്‍ മനസ്സു തുറന്നത്. ആ അഭിമുഖം വൈറലായതോടെ ജുവലിന്റെ ആരോഗ്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ നിറഞ്ഞു.
ഇപ്പോഴിതാ അതിനെല്ലാം മറുപടി പറയുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കിട്ട വീഡിയോയിലൂടെയാണ് ജുവല്‍ തുറന്നു പറഞ്ഞത്. തന്റെ ചുറ്റിനുമുള്ളവര്‍ക്ക് എന്തെങ്കിലുമൊരു പ്രകാശം നല്‍കട്ടെ എന്നു കരുതിയാണ് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് തുറന്നു പറഞ്ഞത് എന്നാണ് ജുവല്‍ പറഞ്ഞത്. ഒപ്പം തന്റെ ക്യാന്‍സര്‍ യാത്രയിലെ ചില ചിത്രങ്ങളും
‘‘2023 ല്‍ വന്ന അസുഖത്തെക്കുറിച്ച് അല്ലെങ്കില്‍ സര്‍ജറിയെക്കുറിച്ച് ഇപ്പോള്‍ എന്തിനാ വന്നു പറയുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. ചിലര്‍ക്കിത് ക്ലിയര്‍ ആകുന്നില്ല. ഇപ്പോഴാണ് അസുഖമുള്ളതെന്നാണ് കുറെ പേര്‍ വിചാരിച്ചിരിക്കുന്നത്. ഇല്ല. എനിക്ക് തൈറോയ്ഡ് ക്യാന്‍സര്‍ വന്നിരുന്നു. അത് 2023 ലാണ്, ഇത് 2025 ആണ് വര്‍ഷം. എന്റെ ട്രീറ്റ്മെന്റ് മുഴുവനായും കഴിഞ്ഞു, എനിക്കിപ്പോള്‍ യാതൊരു അസുഖവും ഇല്ല. ഞാന്‍ പൂര്‍ണ്ണ ആരോഗ്യവതിയായിട്ടുള്ള ആളാണ്.
ഇപ്പോഴിത് പറയുന്നതിന്റെ കാരണം എന്താണെന്ന് വച്ചാല്‍, എന്റെ ഡിവോഴ്സായാലും എന്റെ ക്യാന്‍സര്‍ യാത്രയാണെങ്കിലും എന്റെ ചുറ്റുപാടുമുള്ള ഒരുപാട് മനുഷ്യര്‍ ഈ അവസ്ഥകളിലൂടെ കടന്നു പോകുന്നുണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. അവരെ റെപ്രസെന്റ് ചെയ്ത് മുന്നില്‍ വന്നു സംസാരിച്ചു എന്നല്ല. നമ്മള്‍ ഒരുപാട് ഇരുട്ടുകളുള്ള ഒരു കടലില്‍ കൂടി പോകുമ്പോള്‍ എവിടെയെങ്കിലുമൊരു ലൈറ്റ് ഹൗസ് കാണുന്നത് നമുക്ക് ദിശ മനസ്സിലാക്കാന്‍ എളുപ്പമാകുമെന്ന് പറയാറുണ്ട്. ഞാന്‍ ചെറിയൊരു ചൂട്ട് കത്തിച്ചുവന്നേയുള്ളൂ. അത് വേണ്ടവര്‍ക്ക് വേണ്ടി മാത്രമാണ്.
എല്ലാവര്‍ക്കം എന്റെ കഥ അറിഞ്ഞതു കൊണ്ട് പ്രയോജനമൊന്നുമില്ല. നിങ്ങളെല്ലാവരും അറിഞ്ഞതു കൊണ്ട് ആര്‍ക്കുമൊരു പ്രയോജനമില്ല. പക്ഷേ ചിലരത് കേള്‍ക്കേണ്ടതുണ്ട്, ചിലരത് അന്വേഷിക്കുന്നവരാണ്. ചിലര്‍ക്കെങ്കിലും എന്റെ യാത്ര ഒരു പ്രകാശം നല്‍കും.
ഞാന്‍ എന്റെ ആ സമയത്തെ യാത്രയുടെ ചില ചിത്രങ്ങള്‍ കാണിക്കാം. ഒരുപാട് പിക്ചേഴ്സ് ഒന്നുമില്ല, കാരണം ഞാനത് എപ്പോഴുമോര്‍ത്ത് ഭയപ്പെടാനോ സങ്കടപ്പെടാനോ ഇഷ്ടപ്പെടുന്നില്ല. ക്യാന്‍സര്‍ സര്‍വൈവറായിട്ടുള്ള ചിലര്‍ക്ക് പിന്നീട് വരുമോ എന്നോര്‍ത്ത് പേടിയുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഞാന്‍ അങ്ങനെ പോലും ചിന്തിക്കുന്നില്ല. എന്നെ സംബന്ധിച്ച് കഴിഞ്ഞതു കഴിഞ്ഞു, വരാനുള്ളത് വരും. ഇപ്പോഴുള്ളതാണ് ജീവിതം. ‘കൂടെ’ സിനിമയില്‍ നസ്റിയ പറഞ്ഞതു പോലെ, നമ്മള്‍ ഇന്ന് ജീവിക്കുക, മരിക്കുന്ന സമയമാകുമ്പോഴല്ലേ, അത് എന്നെങ്കിലുമല്ലേ അന്ന് മരിക്കാം....’’ ജുവല്‍ മേരി വീഡിയോയില്‍ പറഞ്ഞു.
തന്റെ ചിത്രങ്ങള്‍ പങ്കിടുമ്പോഴും ജുവല്‍ സംസാരിക്കുന്നുണ്ട്, ‘‘ഇത് എന്റെ സര്‍ജറിക്ക് മുമ്പുള്ള ചിത്രമാണ്, പേടിയുണ്ടായിരുന്നു, പക്ഷേ ഞാന്‍ ചിരിച്ചു. സര്‍ജറി കഴിഞ്ഞും ഒരുങ്ങി പൊട്ടൊക്കെ തൊട്ട് ഞാന്‍ ചിരിച്ചു കൊണ്ടിരുന്നു. അന്ന് ഞാന്‍ ചിരിക്കുകയായിരുന്നു. ഇന്നും അതൊക്കെ ഓര്‍ക്കുമ്പോള്‍ ഞാന്‍ ചിരിക്കും. കാരണം ഞാൻ അതിനെ അതിജീവിച്ചു....’’ ജുവല്‍ പറഞ്ഞു.
‘‘എന്റെ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും അന്വേഷിച്ച് എന്നെ വിളിച്ച് മെസ്സേജ് അയച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. 2023 ൽ എനിക്ക് തൈറോയ്ഡ് കാൻസർ ബാധിച്ചു എന്ന് വ്യക്തമാക്കുന്നതിനാണിത്. ഇപ്പോൾ ഞാൻ അതിൽ നിന്ന് പൂർണ്ണമായും വിരമിച്ചു, എന്റെ ജീവിതം അതിന്റെ പൂർണ്ണ രൂപത്തിൽ നയിക്കുന്നു. നിങ്ങളുടെ സ്നേഹത്തിന് വളരെ നന്ദി... സ്നേഹം മാത്രം എല്ലാരോടും....’’ എന്ന ക്യാപ്ഷനൊപ്പമാണ് ജുവലിന്റെ വീഡിയോ. ജുവലിന്റെ പോസ്റ്റിനു താഴെ മിക്ക സഹതാരങ്ങളും സ്നേഹവും ആശംസയും കുറിക്കുന്നുണ്ട്. ശ്വേത മേനോന്‍, നൈല ഉഷ, ഭാമ, സയനോര എന്നിവര്‍ ഹാര്‍ട്ട് ഇമോജിയും ആശംസകളും കുറിക്കുന്നുണ്ട്.
‘ക്ഷമിക്കണം ഞങ്ങൾക്ക് ഒരിക്കലും അറിയില്ലായിരുന്നു... പക്ഷേ നിങ്ങൾ ഒരു ശക്തയായ സ്ത്രീയാണെന്ന് എനിക്കറിയാം...പോസിറ്റീവ് & എപ്പോഴും അതേ സന്തോഷകരമായ സൗഹൃദപരമായ രീതി നിങ്ങൾ എല്ലായിടത്തും വ്യാപിക്കുന്നു...കൂടുതൽ ശക്തി നിങ്ങൾക്ക് കിട്ടട്ടെ... ആലിംഗനം.. നിങ്ങൾ പറഞ്ഞതുപോലെ കഴിഞ്ഞുപോയത് കഴിഞ്ഞുപോയതാണ്, പക്ഷേ നിങ്ങൾ അതിജീവിച്ച എല്ലാത്തിനും നിങ്ങളെ അഭിനന്ദിക്കാൻ തോന്നി...’ എന്നാണ് മാളവിക സി. മേനോന്‍ കുറിച്ചത്.
ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജുവൽ ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. ‘‘വളരെ തിരക്കുള്ള ഒരു എംസി ആയിരുന്നു ജൂവൽ. പക്ഷേ കുറേ നാളുകളായി ഒരു വിവരവുമില്ല, എന്ത് പറ്റി ജീവിതത്തിൽ? എന്താ സംഭവിച്ചത്?" എന്നായിരുന്നു ധന്യ വർമ്മയുടെ ചോദ്യം.
‘‘ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ഐ വാസ് മാര്യേഡ്, ദെന്‍ ഐ ഗോട്ട് ഡൈവോഴ്സ്ഡ്...’. ഞാൻ ഫൈറ്റ് ചെയ്തു ഡിവോഴ്സ് വാങ്ങിയ ഒരാളായിരുന്നു. 2021 മുതല്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. പലർക്കും അതൊരു കേക്ക് വാക് ആയിട്ട് പറഞ്ഞു കേട്ടിട്ടുണ്ട്, എനിക്ക് അങ്ങനെ ആയിരുന്നില്ല. എന്റെ സ്റ്റോറി അങ്ങനെ ആയിരുന്നില്ല. ഐ സ്ട്രഗിള്‍ഡ്, ഐ ബാറ്റില്‍ഡ്, ഐ വണ്‍....മ്യുച്വൽ കിട്ടാൻ വേണ്ടി തന്നെ ഞാൻ ഒരു 3 വർഷം അലഞ്ഞു തിരിഞ്ഞു. മൂന്ന് നാല് വര്‍ഷം ഇതിനായി പോരാടി. അവസാനം രക്ഷപ്പെട്ടു. ഡിവോഴ്സ് കിട്ടി.
ഇതിന്റെ ഇടയിൽ ഒരു തമാശ എന്തെന്നാൽ, വളരെ രസമുള്ള കാര്യമാണ് കേട്ടോ. ഇനിയെങ്കിലും ജീവിതമൊന്ന് ആസ്വദിക്കണം എന്നാണ് കരുതിയത്. ഡിവോഴ്സ് ഒക്കെ മേടിച്ചു, അന്ന് എന്റെ കൈയിൽ സ്റ്റാർ സിംഗർ ഒക്കെ ചെയ്ത കുറച്ച് പൈസ ഉണ്ടായിരുന്നു. ഞാൻ ലൈഫ് ഒന്ന് അടിച്ചു പൊളിച്ചാലോ എന്ന് വിചാരിച്ചു യൂറോപ്പിൽ പോയി, ലണ്ടനില്‍ ഒരു ഷോയ്ക്ക് പോയി. അവിടെ ഉള്ള സുഹൃത്തുക്കളെ ഒക്കെ കണ്ടു, നല്ല ഹരം പിടിപ്പിക്കുന്ന, ഒറ്റയ്ക്കുള്ള യാത്ര. സന്തോഷത്തിന്റെ പാരമ്യമായിരുന്നു അത്. എന്റെ ആ ബര്‍ത്ത് ഡേ ആഘോഷിക്കുന്നത് ലണ്ടനിലാണ്. ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും സ്‌കോട്ട്ലന്‍ഡിലും അടക്കം പല രാജ്യങ്ങളിലും പോയി. പൈസ ഒക്കെ ഇങ്ങനെ പൊടിഞ്ഞു കൊണ്ടിരിക്കുവാണ്.
ഇതെല്ലാം കഴിഞ്ഞു നാട്ടിൽ എത്തിയപ്പോൾ, എനിക്ക് തൈറോയിഡിന്റെ അസുഖം ഉണ്ട്. ആകെ ഒരു പ്രോബ്ലം എന്നത് ചുമയ്ക്കുമ്പോൾ കഫം വരും, പിന്നെ കരകരപ്പ്. ഞാനോർത്തു ഞാൻ ഇങ്ങനെ അലറി നടന്ന് പരിപാടി ഒക്കെ ചെയ്യുന്നത് അല്ലേ അതിന്റെ ആകും. പെട്ടെന്ന് തന്നെ ഭാരത്തില്‍ വ്യത്യാസമുണ്ടാകും. കൂടെ ഇന്റേണല്‍ ട്രോമയും സ്ട്രസ്സും പിസിഒഡിയുമൊക്കെയുണ്ട്. വല്യ കാര്യമാക്കാൻ പോവാറില്ല. അങ്ങനെ ഒരു പതിവ് ചെക്കപ്പിനു പോയപ്പോൾ ഒന്ന് സ്കാൻ ചെയ്തു നോക്കിയേക്കാം എന്ന് ഡോക്ടർ പറഞ്ഞു. ഇതിന്റെ ആവശ്യമൊന്നുമില്ല, എങ്കിലും ചെയ്തേക്കാം എന്നാണ് എന്റെ മനസ്സിൽ.
ഒന്ന് സ്‌കാന്‍ ചെയ്തു നോക്കാം എന്ന് ഡോക്ടര്‍ പറഞ്ഞു. സ്കാനിങ് മുറിയിൽ, അവർ എന്റെ സ്കാൻ വട്ടം ഒക്കെ വരക്കുന്നതും പരസ്പരം എന്തോ സംസാരിക്കുന്നതുമൊക്കെ കണ്ടപ്പോൾ തന്നെ എന്റെ കിളി ചെറുതായി പോകാൻ തുടങ്ങി. ഞാൻ ബിഎസ് സി നഴ്സിംഗ് പഠിച്ചിട്ടുണ്ട്. അവര്‍ മാര്‍ക്ക് ചെയ്യുന്നത് കണ്ടപ്പോള്‍ ഏതാണ്ട് ഒക്കെ ചെറുതായി എനിക്കു മനസ്സിലായി. എന്റെ കാലൊക്കെ തണുക്കാന്‍ തുടങ്ങി. അവരുടെ മുഖമൊക്കെ മാറാന്‍ തുടങ്ങിയിരുന്നു.
എന്നോട് വെളിയിൽ ഇരിക്കാൻ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞു വന്നു ബയോപ്സി ചെയ്യണം എന്ന് പറഞ്ഞു. പണി പാളി തുടങ്ങിയെന്ന് എനിക്കു മനസ്സിലായി. എന്റെ കാല് അനങ്ങുന്നില്ല. ഉറഞ്ഞു പോയി. പേടിയായിട്ട് അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അത് പറയരുത് എടുക്കണമെന്ന് അവര്‍ പറഞ്ഞു. ഡോക്ടര്‍ കാന്‍സര്‍ ആകാന്‍ സാധ്യതയുണ്ടെന്ന സൂചന തന്നിരുന്നു. ബയോപ്സിയുടെ റിസള്‍ട്ട് വരാന്‍ 15 ദിവസം കഴിയും. ജീവിതം സ്ലോ ആയിപ്പോയി. റിസള്‍ട്ട് വന്ന ശേഷം വീണ്ടും ഒന്നൂടെ ഉറപ്പിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു. വീണ്ടും ബയോപ്സി എടുത്തു. ഈ സമയമത്രയും താന്‍ വീട്ടുകാരുടെ മുന്നില്‍ പേടി കാണിച്ചതേയില്ല. അവരുടെ മുന്നില്‍ ധൈര്യത്തില്‍ തന്നെ നിന്നു. രണ്ടാമത്തെ റിസള്‍ട്ട് വന്നപ്പോള്‍ പണി കിട്ടിയെന്ന് മനസിലായി.
അന്ന് ഡോക്ടര്‍ ഗംഗാധരന്‍ സാറിന്റെ വൈഫിനെയാണ് എനിക്ക് അറിയാവുന്നത്. ചിത്ര മാമിനെ വിളിച്ചിട്ട് ഞാന്‍ ഇക്കാര്യം പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. അവര് ആശ്വസിപ്പിച്ചു. കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു. ഫെബ്രുവരിയില്‍ സര്‍ജറി ചെയ്തു. ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സര്‍ജറിയായിരുന്നു. സർജറിക്ക് പോകും മുൻപ് അനസ്തേഷ്യ മുറിയിൽ ഇരിക്കുമ്പോൾ എനിക്ക് കരച്ചിൽ വരുന്നില്ല, മൊത്തം മരവിച്ച അവസ്ഥയാണ്. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാൻ മനസ്സിൽ സ്വയം പറഞ്ഞു. ‘നീ മരിച്ചിട്ടില്ല. നീ ഇന്നും ജീവിച്ചിരിക്കുന്നു. മരിക്കുമ്പോൾ മരിച്ചാൽ മതി, അത് വരെ ജീവിക്കണം. പിന്നേ വാശി ആയിരുന്നു. ഞാനിതിനോട് പൊരുതും എന്നുറച്ചു....’
സര്‍ജറിയ്ക്ക് ശേഷം തന്റെ ശബ്ദം മുഴുവന്‍ പോയി. ആറ് മാസം എടുക്കുമെന്നാണ് പറഞ്ഞത്. ഇടത്തെ കൈ ദുര്‍ബലമായി, ആക്ടിവിറ്റിയൊന്നും നടക്കില്ലായിരുന്നു. ഫിസിയോയും തെറാപ്പിയും ഉണ്ടായിരുന്നു.
ഇന്‍ഷുറന്‍സ് ഒന്നുമില്ലാത്തതിനാല്‍ സേവിങ്‌സ് എടുത്താണ് ചികിത്സയെല്ലാം ചെയ്തത്. ആറ് മാസത്തിനുശേഷം റിവ്യൂവിന് പോയി. ഇനി ഉണ്ടാവില്ല എന്ന് മനസിലുറപ്പിച്ചാണ് ഡോക്ടറെ കാണാന്‍ പോയത്. രക്തം പരിശോധിച്ചു. സ്‌കാനും ചെയ്തു. സ്‌ക്കൂളില്‍ നിന്ന് റിപ്പോര്‍ട്ട് കാര്‍ഡ് എടുത്ത് തരുന്നതുപോലെ ഡോക്ടര്‍ എന്റെ റിപ്പോര്‍ട്ട് എടുത്തിട്ട് ‘കണ്‍ഗ്രാജുലേഷന്‍സ്, യു ആര്‍ ഫ്രീ ഓഫ് കാന്‍സര്‍’ എന്ന് പറഞ്ഞു. അപ്പോള്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ഇനി ഓരോ ആറ് മാസം കൂടുംതോറും റിവ്യൂ ചെയ്യണം...’’.’’ കാൻസർ പോരാട്ടത്തെ കുറിച്ച് ജുവൽ പറഞ്ഞത് ഇങ്ങനെയാണ്.