-->
വാഷിംഗ്ടണ്‍: ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്ന ചില കുടിയേറ്റക്കാര്‍ക്ക് നാടുകടത്തല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) അറിയിച്ചു. നിയമപരമായ രേഖകളില്ലാത്തവരും പങ്കാളികള്‍ വഴിയോ മറ്റ് കുടുംബാംഗങ്ങള്‍ വഴിയോ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരുമായ ആളുകളെയാണ് ഈ പുതിയ നയം പ്രധാനമായും ബാധിക്കുക.
ഭരണകൂടത്തിന്റെ കൂട്ട നാടുകടത്തല്‍ അജണ്ടയ്ക്ക് അനുസൃതമായാണ് നയമാറ്റമെന്ന് മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ യുഎസ് ഇമിഗ്രേഷന്‍ പോളിസി പ്രോഗ്രാമിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ജൂലിയ ഗെലാറ്റ് പറഞ്ഞു.
പുതിയ നയമനുസരിച്ച്, കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് കുടിയേറ്റ പദവി നല്‍കുന്നില്ലെന്നും, അത് നാടുകടത്തല്‍ തടസ്സപ്പെടുത്തുന്നില്ലെന്നും USCIS വ്യക്തമാക്കി. ഈ നയം ഉടനടി പ്രാബല്യത്തില്‍ വന്നു. ഇത് ഗ്രീന്‍ കാര്‍ഡ് അപേക്ഷിക്കുന്നതിനുള്ള ഒരു പ്രധാന വഴിയായ കുടുംബപരമായ ബന്ധങ്ങളെ ലക്ഷ്യമിടുന്നതാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ ഈ മാറ്റം കുടിയേറ്റ സമൂഹത്തില്‍ ഭയം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. അതേസമയം, കുടിയേറ്റ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും വേണ്ടിയാണ് ഈ മാറ്റമെന്ന് USCIS വിശദീകരിച്ചു.
പുതിയ നയം അനുസരിച്ച്, ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് ഏത് സമയത്തും നാടുകടത്തല്‍ നടപടികള്‍ ആരംഭിക്കാന്‍ USCIS-ന് അധികാരം നല്‍കുന്നു. ഇത്, നിയമപരമായി രാജ്യത്ത് കഴിയാന്‍ അര്‍ഹതയുള്ള ആളുകളെ പോലും പിന്തിരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
പി.പി. ചെറിയാന്‍