-->
ന്യൂഡല്‍ഹി: യമനില്‍ തടവില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന വാര്‍ത്തയില്‍ വിവരം സ്ഥിരീകരിക്കാതെ കേന്ദ്രം. വിദേശകാര്യമന്ത്രാലയം ഈ അവകാശവാദങ്ങള്‍ തള്ളിയിട്ടുണ്ടെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില വ്യക്തികള്‍ പങ്കിടുന്ന തെറ്റായ വിവരമെന്നാണ് വിദേശമന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ ഓഫീസുമായി ബന്ധപ്പെട്ടവരാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള വാര്‍ത്ത പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയാല്‍ പ്രതികരിക്കാമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചത്.
നേരത്തേ താല്‍ക്കാലികമായി നീട്ടിവെച്ച വധശിക്ഷയാണ് ഇപ്പോള്‍ പൂര്‍ണ്ണമായും റദ്ദാക്കിയെന്ന തരത്തിലുള്ള വാര്‍ത്തയാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ യെമന്‍ സര്‍ക്കാരില്‍ നിന്നും ഒരു തരത്തിലുമുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന ഇന്ത്യന്‍ ഗ്രാന്റ് മുഫ്ത്തിയുടെ ഓഫീസിനെയാണ് വിദേശകാര്യമന്ത്രാലയം ഉദ്ധരിച്ചിരിക്കുന്നത്. വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തയ്ക്ക് എതിരേ തലാലിന്റെ സഹോദരനും രംഗത്ത് വന്നിരുന്നു. ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് വ്യക്തമാക്കണമെന്നായിരുന്നു സഹോദരന്‍ പ്രതികരിച്ചത്.
നേരത്തേ ജൂലൈ 16 ന് നടത്താനിരുന്ന വധശിക്ഷ നീട്ടി വെച്ചിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാനും മറ്റുകാര്യങ്ങള്‍ തുടര്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായതായിട്ടായിരുന്നു വാര്‍ത്ത പുറത്തുവന്നത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് വധശിക്ഷ റദ്ദാക്കാനുള്ള തീരുമാനം ഉണ്ടായതെന്നായിരുന്നു അബൂബക്കര്‍ മുസലിയാരുടെ ഓഫീസ് അറിയിച്ചത്. അതിനിടെ നിമിഷ പ്രിയയുടെ ഭര്‍ത്താവും മകളും യമനിലെത്തിയിട്ടുണ്ട്.