-->
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ വെടി നിര്‍ത്തിയത് അമേരിക്കയുടെ ഇടപെടല്‍ കൊണ്ടല്ലെന്നും പാകിസ്താന്‍ ഡിജിഎംഎ വെടിനിര്‍ത്തലിന് വേണ്ടി അപേക്ഷിച്ചതു കൊണ്ടാണെന്നും പറഞ്ഞു. ഓപ്പറേഷന്‍ സിന്ദുറില്‍ ഇന്ത്യയ്ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.
പാര്‍ലമെന്റില്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്തപ്പോഴായിരുന്നു രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ചെന്നും അത് ഭീകരതയ്ക്ക് എതിരേയുള്ള ഇന്ത്യയുടെ ശക്തമായ സന്ദേശമായിരുന്നെന്നും ഇന്ത്യയുടെ തന്ത്രപ്രധാനമേഖലയില്‍ ഒരു നാശവും ഉണ്ടായിട്ടില്ലെന്നും കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
പാര്‍ലമെന്റില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചപ്പോഴായിരുന്നു രാജ്‌നാഥ് സിംഗിന്റെ മറുപടി. ജമ്മുവില്‍ വധിച്ചത് ലഷ്‌ക്കര്‍ ഭീകരരെയെന്നും ഇവര്‍ പഹല്‍ഗാം ഭീകരാക്രമണം നടത്തിയവര്‍ തന്നെയാണോ എന്ന് പരിശോധിക്കണമെന്നും പറഞ്ഞു. ഭീകരതയ്ക്ക് പിന്നില്‍ പാകിസ്താന്‍ തന്നെയാണെന്ന് വ്യക്തമായെന്നും ഇന്ത്യയുടെ ആക്രമണം സ്വയം പ്രതിരോധത്തിന്റെ ഭാഗമായിരുന്നെന്നും അതുകൊണ്ട് ഇന്ത്യയ്ക്ക് ഒരു നാശവും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. ഭീകരപ്രവര്‍ത്തനം നടത്തിയാല്‍ ശക്തമായി ഇന്ത്യ തിരിച്ചടിക്കുമെന്നും പറഞ്ഞു.