-->
നഴ്‌സിംഗ് രംഗത്ത് പെന്‍സില്‍വാനിയ ഇന്‍ഡ്യന്‍ അമേരിക്ക നഴ്‌സസ് ഒര്‍ഗനൈസേഷന്‍ (PIANO) സ്ഥാപിതമായത് 1975 ല്‍ ആയിരുന്നു. അന്നു മുതല്‍ അമേരിക്കയിലും ഇന്‍ഡ്യയിലും നഴ്‌സുമാരുടെ ന്യായമായ എല്ലാ ആവശ്യങ്ങളിലും പിയാനോ കൃത്യമായി ഇടപ്പെട്ടു വരുന്നു. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ബോണ്ട്, സര്‍ട്ടിഫിക്കറ്റ് പിടിച്ചുവക്കല്‍ മുതലായ കാര്യങ്ങളിലും ഉയരം, വയസ്, വിവാഹ സ്ഥിതി മുതലായവയിലും അടിമുടി വന്ന മാറ്റങ്ങളില്‍ പിയാനോയുടെ സ്വാധീനം ചില്ലറയല്ല.
ശമ്പളം വര്‍ദ്ധിപ്പിക്കുക, മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക മുതലായ ആവശ്യങ്ങള്‍ ഉന്നയിച്ച് 115 ദിവസം കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിയ സമരം ഒത്തുതീര്‍ന്നത് പുന്നപ്ര സമരനായകന്‍ അന്തരിച്ച ശ്രീ വി.എസ് അച്യുതാനന്ദന്റെ ശക്തമായ ഇടപെടല്‍ മൂലം ആയിരുന്നു. അന്ന് മാര്‍ ബസേലിയോസില്‍ കത്തിപ്പടര്‍ന്ന സമരം പ്രതിപക്ഷ നേതാവായിരുന്ന വി എസിന്റെ ഉറപ്പിലാണ് ഒത്തു തീര്‍ന്നത്. മൂന്ന് നഴ്‌സുമാര്‍ ആത്മാഹുതി നടത്തുവാന്‍ മുകളിലത്തെ നിലയില്‍ എത്തുകയും അവര്‍ ബഹുമാനപ്പെട്ട വിഎസിന്റെ ഉറപ്പിന്റെ പിന്‍ബലത്തില്‍ ആത്മഹത്യാ ശ്രമം ഉപേക്ഷിച്ച് താഴെ ഇറങ്ങുകയും ഉണ്ടായി. അതവരുടെ ജീവിത വിജയം ആയിരുന്നു. ഒപ്പം കഷ്ടപ്പെട്ടിരുന്ന ഒരു പാട് നഴ്‌സ്മാരുടേയും. ആലുവയില്‍ ആരോഗ്യ മന്ത്രിയുടെയും തൊഴില്‍ മന്ത്രിയുടെയും ശ്രീ വി എസിന്റേയും നേതൃത്വത്തില്‍ മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ച വിജയം കണ്ടു. ഇംഗ്ലീഷില്‍ ഉണ്ടാക്കിയ ഉടമ്പടി മാനേജ്‌മെന്റ്‌റ് തിരുത്തും എന്ന പേടിയില്‍ മലയാളത്തിലും വേണം എന്ന് പറഞ്ഞതും വി എസ് ആയിരുന്നു.
ഈ സമരത്തിലും പിയാനോ സ്വീകരിച്ച നിലപാടുകള്‍ സ്മരണീയമാണ്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലുകള്‍ പോലും ഫലം കണ്ടിരുന്നില്ല എന്ന കാര്യത്തിലാണ് വി എസ് നമുക്ക് പ്രിയങ്കരനാകുന്നത്
ബ്രിജിത് വിന്‍സന്റ്
Founding President, (PIANO)