-->
ന്യൂഡല്‍ഹി: താരിഫുകള്‍ സംബന്ധിച്ച വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട്രംപിന് മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നും മിണ്ടാതെ തലകുനിക്കുമെന്ന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. പരസ്പരമുള്ള താരിഫുകള്‍ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിശ്ചയിച്ച സമയപരിധിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗമ്യമായി വണങ്ങുമെന്നാണ് വിമര്‍ശനം.
പ്രസിഡന്റ് ട്രംപിന്റെ ജൂലായ് 9 സമയപരിധി മുന്‍നിര്‍ത്തിയ യുഎസുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം. എക്സിലിട്ട പോസ്റ്റിലൂടെയാണ് അഭിപ്രായപ്രകടനങ്ങള്‍. ന്യായമായതും ദേശീയ താല്‍പ്പര്യം അനുസരിച്ചും അല്ലാതെ ഒരു വ്യാപാര ഇടപാടും അന്തിമമാക്കാന്‍ ഇന്ത്യ തിടുക്കം കാട്ടില്ലെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയെ കുറിച്ചുള്ള എന്‍ഡിടിവി വാര്‍ത്തയും പങ്കിട്ടിട്ടുണ്ട്. ''പീയൂഷ് ഗോയലിന് നെഞ്ചത്തലയ്ക്കാം'' ഗാന്ധി എഴുതി, ''എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക, ട്രംപിന്റെ താരിഫ് സമയപരിധിക്ക് മുന്നില്‍ മോദി സൗമ്യമായി കീഴടങ്ങും.'' രാഹുല്‍ കുറിച്ചു.
നിര്‍ദിഷ്ട ഇടക്കാല വ്യാപാര ഉടമ്പടി സംബന്ധിച്ച് ഇന്ത്യ-അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്, ഇരുപക്ഷവും മാസങ്ങളായി അതിനായി പ്രവര്‍ത്തിക്കുന്നു. ട്രംപ് ഭരണകൂടം ചുമത്തിയ പരസ്പര താരിഫുകളുടെ 90 ദിവസത്തെ സസ്‌പെന്‍ഷന്‍ കാലാവധി ജൂലൈ 9ന് അവസാനിക്കും. അപ്പോഴേക്കും കരാറിലേര്‍പ്പെട്ടില്ലെങ്കില്‍, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ തീരുവ ചുമത്തിയതിന് പ്രതികാരമായി പ്രസിഡന്റ് ട്രംപ് നേരത്തെ ഏര്‍പ്പെടുത്തിയ യുഎസ് താരിഫ് പുനഃസ്ഥാപിക്കാനാകും.
ട്രംപ് ഭരണകൂടം ഇന്ത്യന്‍ കയറ്റുമതിയുടെ ഒരു ശ്രേണിയില്‍ 26 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ, പരസ്പര പ്രയോജനകരവും ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായ വ്യാപാര കരാറില്‍ മാത്രമേ ഇന്ത്യ ഒപ്പുവെക്കുകയുള്ളൂവെന്ന് പീയൂഷ്‌ഗോയല്‍ ആവര്‍ത്തിച്ചിരുന്നു. യുഎസുമായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍, യൂറോപ്യന്‍ യൂണിയന്‍, ന്യൂസിലാന്‍ഡ്, ഒമാന്‍, ചിലി, പെറു എന്നിവയുള്‍പ്പെടെ മറ്റ് പങ്കാളികളുമായും സമാനചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഗോയല്‍ പറഞ്ഞു.