Saturday, March 14, 2026 Last Updated 14 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 04 Jul 2025 03.36 PM

ബിന്ദുവിന്റേത് സർക്കാർ നടത്തിയ കൊലപാതകം: ആരോഗ്യ മന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കും: രാജീവ്‌ ചന്ദ്രശേഖർ

bindu murder, rajiv chandrasekar

കോട്ടയം മെഡിക്കൽ കോളേജിലെ ബിന്ദുവിന്റെ മരണം പിണറായി വിജയൻ സർക്കാരിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ഗുരുതര അനാസ്ഥയുടെ ഫലമാണെന്ന് ബിജെപി കേരള ഘടകം പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ.
തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അപകടത്തിൽപ്പെട്ട ബിന്ദു മൂന്ന് മണിക്കൂറിലധികം കുടുങ്ങിക്കിടന്ന സമയത്ത്, രക്ഷാപ്രവർത്തനം നടത്തുന്നതിന് പകരം ആരോഗ്യമന്ത്രി പുതിയ കെട്ടിടം മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന തിരക്കിലായിരുന്നു. ഇത് രക്ഷാപ്രവർത്തനങ്ങൾ വൈകിപ്പിച്ചു. സ്വന്തം നേട്ടം ഉയർത്തിക്കാട്ടി പ്രശസ്തി നേടാനാണ് അപ്പോഴും ആരോഗ്യ മന്ത്രി ശ്രമിച്ചത്. മനഃപൂർവം നടത്തിയ നിഷ്ക്രിയത്വം ഒരു ജീവൻ നഷ്ടപ്പെടുത്തി. അതുകൊണ്ടുതന്നെ സർക്കാർ നടത്തിയ കൊലപാതകമായിത്തന്നെ ഇതിനെ കാണണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഡൽഹിയിൽ മലയാളം വാർത്താ ചാനലുകളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭവും നടത്തുമെന്ന് രാജീവ് ചന്ദ്രശേഖർ സൂച്ചിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ പാർട്ടി വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഈ മാസം 7ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രതിഷേധങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി രാജിവയ്ക്കുന്നതുവരെ ഞങ്ങൾ പ്രതിഷേധങ്ങളിൽ നിന്ന് പിന്തിരിയില്ല. ബിന്ദുവിന് നീതി ലഭിക്കുന്നതുവരെ ഞങ്ങൾ പോരാടും.
പിണറായി വിജയൻ പി.ആർ. ഗിമിക്ക് കൊണ്ട് സൃഷ്ടിച്ച വ്യാജ 'കേരള മോഡൽ' ആരോഗ്യസംരക്ഷണം പൂർണ്ണമായും തകർന്നു. മൂന്ന് ദിവസം മുമ്പ്, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ നടത്തിയ വെളിപ്പെടുത്തലുകൾ കേരളത്തിലെ ആരോഗ്യ മേഖലയിലെ സത്യം തുറന്നുകാട്ടി. മെഡിക്കൽ കോളേജുകളിൽ പോലും മരുന്നുകളുടെയും ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കടുത്ത പ്രതിസന്ധി നേരിടുന്നു. കോട്ടയം മെഡിക്കൽ കോളേജിലെതുപോലെ തന്നെ സംസ്ഥാനത്ത് ഭൂരിഭാഗം സർക്കാർ ആശുപത്രി കെട്ടിടങ്ങളും അപകടകരമായ അവസ്ഥയിലാണ്.
സർക്കാരിന്റെ സാമ്പത്തിക ബാധ്യതയും കടവും കാരണം കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ ആരോഗ്യ മേഖലയ്ക്കായി അനുവദിച്ച തുകയുടെ 50% പോലും ചിലവാക്കിയിട്ടില്ല, ഫണ്ടുകൾ വെട്ടിക്കുറച്ചു എന്ന് വീണ ജോർജ് തന്നെ നിയമസഭയിൽ സമ്മതിച്ചിട്ടുണ്ട്. വാഗ്ദാനം ചെയ്ത കാര്യങ്ങൾ ചെയ്യാൻ അവരുടെ പക്കൽ പണമില്ല. ഈ സാഹചര്യത്തിൽ സാമ്പത്തിക നില വിശദീകരിക്കുന്ന ഒരു ധവളപത്രം സർക്കാർ ഉടൻ പുറത്തിറക്കണം.
സമ്പന്നർ ഇപ്പോൾ സ്വകാര്യ ആശുപത്രികളേക്കാൾ സർക്കാർ ആശുപത്രികളെയാണ് ഇഷ്ടപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി അവകാശപ്പെട്ടു. അത് ശരിയാണെങ്കിൽ, മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പോലും വിദേശത്ത് ചികിത്സ തേടുന്നത് എന്തുകൊണ്ട്?

കഴിഞ്ഞ 10 വർഷത്തിനിടയിൽ, ആരോഗ്യമേഖലയ്ക്കായി കേന്ദ്രസർക്കാർ കേരളത്തിന് ഏകദേശം 70,000 കോടി രൂപ അനുവദിച്ചു. ഈ ഫണ്ടുകൾ ഒന്നുകിൽ ദുരുപയോഗം ചെയ്യുകയോ ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. സാധാരണക്കാർക്ക് കേന്ദ്രം നടപ്പാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണ്.
രാജഭരണ കാലത്ത് പോലും കേരളത്തിൽ ഒരു കാര്യക്ഷമമായ ആരോഗ്യ വകുപ്പ് സംവിധാനം ഉണ്ടായിരുന്നു. അതേസമയം കഴിഞ്ഞ 65 വർഷം കേരളം ഭരിച്ച എൽ.ഡി.എഫും യു.ഡി.എഫും ഒരുമിച്ച് അത് നശിപ്പിച്ചു. അവരുടെ ഭരണത്തിൽ കേരളത്തിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ തകർന്നു.
ഇത് മാറണം. ആ മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് മാത്രമേ കഴിയൂ, രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW