-->
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമകള്‍ മുതല്‍ നര്‍മ്മരസമുള്ള സിനിമകളും ത്രില്ലറുകളും വരെ ചെയ്ത് കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയുടെ പൂമുഖപ്പടിയില്‍ തന്നെയുണ്ട് സിബി മലയില്‍. ഒരു ജോണറിലും കുടുങ്ങി കിടക്കാതെ സഞ്ചരിച്ച സംവിധായകനാണ് സിബി മലയില്‍.
മലയാള സിനിമയുടെ ഗതി മാറ്റിയ, കാലത്തെ അടയാളപ്പെടുത്തിയ ഒരുപിടി സിനിമകളുടെ സംവിധായകനായതു കൊണ്ടു തന്നെ സിബി മലയില്‍ പറയുന്ന വാക്കുകള്‍ പ്രേക്ഷകരെ ഏറെ സ്വാധീനിക്കാറുണ്ട്. ഒരു നല്ല സിനിമാ നിരൂപകനാണ് സിബി മലയില്‍ എന്ന് ആരാധകരും സിനിമാപ്രവര്‍ത്തകരും ഒരുപോലെ വിശ്വസിക്കുന്നുണ്ട്.
അതുകൊണ്ടാകാം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ ‘ജെഎസ്‌കെ’ എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡുണ്ടാക്കിയ പ്രശ്നങ്ങളെ കുറിച്ച് സിബി മലയില്‍ മാധ്യമങ്ങളോട് സംസാരിച്ചത് പ്രേക്ഷകര്‍ ഏറ്റെടുത്തത്. എന്നാല്‍ അതിനിയില്‍ സംവിധായകന്‍ എംബി പദ്മകുമാറിന്റെ ഒരു സിനിമയെക്കുറിച്ചും സിബി മലയില്‍ പരാമര്‍ശിച്ചിരുന്നു. എംബി പദ്മകുമാറിന്റെ സിനിമയ്ക്കും ഇത്തരത്തില്‍ അനുഭവമുണ്ടായെന്നും അതൊരു ചെറിയ സിനിമ ആയിരുന്നുവെന്നും അതിന്റെ പേര് മാറ്റി സംവിധായകന്‍ തന്നെ ആ പ്രശ്നം പരിഹരിച്ചെന്നുമാണ് സിബി മലയില്‍ പറഞ്ഞത്.
എന്നാല്‍ ഇപ്പോഴിതാ ഇതിനെതിരെ ഒരു തുറന്ന വീഡിയോയിലൂടെ പ്രതികരണം അറിയിക്കുകയാണ് എം.ബി. പദ്മകുമാര്‍. സിബി മലയലിന്റെ വാക്കുകള്‍ ചാനലിലൂടെ പുറത്തുവന്നതിനുശേഷം സിനിമ പുറത്തിറക്കാന്‍ തന്നെ സഹായിക്കാമെന്ന് പറഞ്ഞ വിതരണക്കാരന്‍ പിന്മാറിയെന്നും പറയുകയാണ് പദ്മകുമാര്‍. ഒരിക്കലും തങ്ങളുടെ മാനസികാവസ്ഥ സിബി മലയലിനെപ്പോലെയുള്ള സംവിധായകര്‍ക്ക് മനസ്സിലാവില്ല എന്നും എം ബി പദ്മകുമാര്‍ പറയുന്നു.
‘‘സാഹചര്യങ്ങളെ വിവേകം കൊണ്ടാണ് നേരിടേണ്ടത്, വികാരം കൊണ്ടല്ലെന്ന് പലരും പറയാറുണ്ട്. പലപ്പോഴും ഞാനത് ചെയ്യാറുണ്ട്. പക്ഷേ ഈ ഒരു സാഹചര്യത്തെ ഞാന്‍ എന്റെ വികാരം കൊണ്ട് നേരിടുകയാണ്. സിബിമലയില്‍ സാറിനോട് ആര് പറഞ്ഞു എന്റെ സിനിമ അവാര്‍ഡ് സിനിമയാണ്, ചെറിയ സിനിമയാണെന്ന്. സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ അല്ലെങ്കില്‍ വലിയ ബജറ്റുള്ള സിനിമ അല്ലെങ്കില്‍ അതൊക്കെ ചെറിയ സിനിമയായി പോകും അല്ലേ സാറേ. അത് പ്രേക്ഷകര്‍ കാണണ്ട അല്ലേ സാറേ. സാര്‍ ആ സിനിമ കണ്ടോ? അല്ലെങ്കില്‍ സാര്‍ സിനിമയെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോ?
ഇത് തന്നെയല്ലേ സാറേ സെന്‍സര്‍ ബോര്‍ഡും ചെയ്തത്. സിനിമ കാണാതെ അവര്‍ മുന്‍വിധിയോടു കൂടി പത്മകുമാര്‍ ചെയ്യുന്ന സിനിമയാണ്, ഞാനോ അല്ലെങ്കില്‍ സംഘടനയിലുള്ള ആള്‍ക്കാരോ സിനിമ ചെയ്തില്ലെങ്കില്‍ അതൊക്കെ മോശം സിനിമയാകുമെന്ന് കരുതിയല്ലേ സാറേ എന്നെപ്പോലുള്ള സാധാരണക്കാരെ സാര്‍ ഉപദ്രവിക്കുന്നത്.
സാറിന് ഒരു കാര്യം അറിയാമോ. ഞാന്‍ കഴിഞ്ഞ ഏഴു മാസമായിട്ട് ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് ചെയ്ത ഒരു സിനിമയാണ്. ആ സിനിമ എല്ലാം ഭംഗിയായി തീര്‍ന്ന്, സെന്‍സര്‍ ചെയ്തു കിട്ടിയത്. അത് കഴിഞ്ഞ് തിയേറ്ററില്‍ എത്തിക്കണമല്ലോ, സൂപ്പര്‍ താരങ്ങള്‍ ഒന്നുമില്ല. വര്‍ഷങ്ങളായിട്ട് സിനിമ സ്വപ്നം കണ്ടു നടന്ന ഒരുപാട് പേരുടെ മുഖമാണ് സാറേ, അവരുടെ വയറാണ് സാറേ ആ സിനിമയുടെ കണ്ടന്റ്. സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ തിയേറ്റിന്റെ തിരശ്ശീല കിട്ടാന്‍ വലിയ ബുദ്ധിമുട്ടല്ലേ. ഒരു ഡിസ്ട്രിബ്യൂട്ടറും വരത്തില്ല. ഞാന്‍ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി പൈസ കൊടുത്ത് ഡിസ്ട്രിബ്യൂട്ട് ചെയ്യാന്‍ വേണ്ടി ഒരാളെ അതിന് ഒപ്പിച്ചു വച്ചിരിക്കുകയായിരുന്നു. അദ്ദേഹം സാറിന്റെ സംസാരം കേട്ട് എന്നെ വിളിച്ചു പറഞ്ഞത് എന്താണെന്ന് അറിയാമോ? ‘നിങ്ങള്‍ പറഞ്ഞത് ഇത് വലിയ സിനിമയാണ്, പ്രേക്ഷകര്‍ ഇഷ്ടപ്പെടും എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ സിബിമലയില്‍ പറഞ്ഞല്ലോ അതൊരു ചെറിയ സിനിമയാണെന്ന്. അവാര്‍ഡ് സിനിമയ്ക്ക് ഞാന്‍ പൈസ മുടക്കുന്നില്ല’ എന്ന് അദ്ദേഹം പറഞ്ഞു.
സാറേ എന്റെ കഞ്ഞിയിലാണ് സര്‍ പാറ്റ ഇട്ടത്. ഞാന്‍ സാറിനെ വെല്ലുവിളിക്കുകയാണ്, ഇതൊരു ചെറിയ സിനിമയാണെന്ന്, അല്ലെങ്കില്‍ ഇതൊരു അവാര്‍ഡ് സിനിമയാണ്, ഇതൊരു മോശം സിനിമയാണ്, ആള്‍ക്കാര്‍ വെറുക്കുന്ന സിനിമയാണെന്ന് സാറിന് അല്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അന്ന് ഞാന്‍ ഈ പണി നിര്‍ത്താം.
ആരുടെയെങ്കിലും കയ്യും കാലും പിടിച്ച്, തിയറ്റര്‍ വാടകയ്ക്ക് എടുത്ത് അല്ലെങ്കില്‍ തിയേറ്റര്‍ കിട്ടിയില്ലെങ്കില്‍ തിരശ്ശീല വലിച്ചു കെട്ടി ഞാന്‍ ഈ സിനിമ പ്രേക്ഷകരെ കാണിച്ചിട്ട് ഏതെങ്കിലും പ്രേക്ഷകര്‍ പറയുകയാണ് ഈ സിനിമ അവാര്‍ഡ് സിനിമയാണ് അത് എന്‍ഗേജിങ് അല്ല, അത് മോശം സിനിമയാണെന്ന് പറഞ്ഞാല്‍ അന്ന് ഞാന്‍ ഈ പണി നിര്‍ത്താം സാറേ. അത്രമാത്രം സങ്കടത്തോടെയാണ് പറയുന്നേ...’’ എം ബി പദ്മകുമാര്‍ ഫെയ്സ്ബുക്കില്‍ പങ്കിട്ട വീഡിയോയിലൂടെ പറഞ്ഞു.
വൈകാരികമായി പങ്കിട്ട വീഡിയോയില്‍ താന്‍ എന്തുകൊണ്ട് സംഘടനയില്‍ അംഗമാകുന്നില്ല എന്നുള്ളതിന്റെ കാരണവും എം ബി പദ്മകുമാര്‍ പറയുന്നുണ്ട്.
‘‘വികാരത്തോടെ തന്നെയാണ് പറയുന്നത്. ഞാൻ സാറിനെ നേരിട്ട് വിളിച്ച് ഈ സങ്കടം പറഞ്ഞതാ. മറ്റൊരാളെ ഞാൻ വിളിച്ചു പറഞ്ഞതാ. സർ ഞാൻ സംഘടനയിൽ അംഗത്വം എടുക്കാത്തത് മനഃപൂർവം ഒന്നുമല്ല. അതിന്റെ കാര്യം എന്താനിന്നു അറിയോ, ഒരു സംഘടനയിൽ അംഗത്വം എടുത്താൽ ഒരു പ്രൊഡ്യൂസറുടെ പോക്കറ്റാണ് കാലിയാകുന്നത്. സംഘടന പറയുന്ന പൈസ മുഴുവൻ കൊടുത്തു കഴിഞ്ഞാൽ ആ സിനിമയക്ക് വേണ്ടി ഒന്നും കാണത്തില്ല. എന്നെപ്പോലുള്ള ആൾക്കാർക്ക് പുതിയ ആൾക്കാരെ വച്ച് സിനിമ ചെയ്യാൻ ഒരു പ്രൊഡ്യൂസറേയും കിട്ടത്തില്ല. അതുകൊണ്ടാണ് സംഘടനയിൽ ഇത്രയും കാലം മെമ്പർഷിപ്പ് എടുക്കാതെ സാധാരണ കഴിവുള്ളവരെ വച്ചിട്ട് ഞാൻ സിനിമ ചെയ്തത്. ആ സിനിമയിൽ നിന്ന് എന്തെങ്കിലും കിട്ടുമ്പോൾ അവർക്ക് കൂടെ അതിൽ പങ്ക് വീതിക്കാവുന്നതാണ്.
സാറിനെ പോലുള്ള ആറ്റിറ്യൂഡ് ഉള്ള സമൂഹം അത്തരത്തിൽ സിനിമയക്ക് മുഖം തിരിഞ്ഞു നിൽക്കുകയാണ്. വല്ലാത്ത സങ്കടമുണ്ട് സാറേ. കാരണം സർ ഈ പറഞ്ഞതിന്റെ സീരിയസ്നെസ്സ് സാറിന് പോലും മനസ്സിലാകത്തില്ല. സാറൊക്കെ ശീതീകരിച്ച മുറിയിൽ ഇരുന്ന് ഏതെങ്കിലും പ്രൊഡ്യൂസറുടെ വലിയ വലിയ സിനിമകൾ ചെയ്ത്, അത് പരാജയപ്പെട്ടോ നന്നായോ എന്നൊന്നും ചിന്തിക്കാതെ അടുത്ത സിനിമയിലേക്ക് പോവുന്നവരാണ്. ബാക്കിയുള്ള സാധാരണക്കാർ ഉണ്ടല്ലോ, ജീവൻ പണയം വച്ച് ഓരോ സിനിമയിലും തന്റെ ആത്മാവിനെ ഇട്ടാണ് ഓരോ സിനിമയും ചെയ്യുന്നത്. സർ ഈ സിനിമ തിയറ്ററിൽ അല്ലെങ്കിൽ ഏതെങ്കിലും തിരശീലയിൽ തെളിയുമ്പോൾ വന്ന് കണ്ടു നോക്ക്. ഈ സിനിമയുടെ ഫയർ സാർ മനസ്സിലാക്കും. അതിൽ ഞാൻ സാറിനെ വെല്ലുവിളിക്കുകയാണ്. സാർ ആ സിനിമ കണ്ടിട്ട് വീണ്ടും മോശമാണെന്ന് പറയുകയാണെങ്കിൽ ഞാൻ നിർത്താം ആ പണി അന്ന്.
പിന്നെ മറ്റൊരാൾ പറഞ്ഞ ഒരു വാക്കിതാ “വേറൊരു സംവിധായകനും ഇതേ പ്രശ്നം ഉണ്ടായി പക്ഷേ അദ്ദേഹം സംഘടനകളോടൊന്നും പരാതിപ്പെട്ടില്ല പേര് ‘ജയന്തി’ എന്ന് മാറ്റി രക്ഷപ്പെട്ടു. അത് ശരിയാണ്. ഇതിനു മുമ്പുള്ളവർ അതിന് കീഴടങ്ങി, ഇവർ അതിന് കീഴടങ്ങാതെ ഫൈറ്റ് ചെയ്യുന്നു എന്നുള്ളത് തീർച്ചയായും സ്വാഗതാർഹമാണ്.”
ഞാൻ തോറ്റു പിന്മാറിയൊന്നുമല്ല. ഇത് ഞാൻ അറിഞ്ഞപ്പോൾ തന്നെ പരിഹരിക്കാൻ വേണ്ടി പല ആൾക്കാരുടെയും പടിവാതിൽ മുട്ടിയതാണ്. സംഘടനയോട് ചേർന്നു നിൽക്കുന്ന പലരോടും ഈ കാര്യം പറഞ്ഞതാണ്. അവരാണ് എന്നെ ചതിച്ചത്. അത് നിങ്ങൾക്കറിയുമോ? അല്ലാതെ ഞാൻ അതു പേടിച്ചൊന്നും ചെയ്തതല്ല. പല പടിവാതിലുകളിലും മുട്ടിയാണ്. പല നേതാക്കന്മാരുടെയും കാൽക്കൽ വീണതാണ്. അവരൊക്കെ എന്നോട് പറഞ്ഞത് എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയോ. ഏതായാലും ‘ജെഎസ്കെ’ ഒന്ന് റിലീസ് ചെയ്യട്ടെ, നിങ്ങൾക്കൊക്കെ അത് ആവശ്യമാണല്ലോ. സൂപ്പർ താരം അതിനകത്തുണ്ട്, കേന്ദ്രമന്ത്രി ഉണ്ട്, പണം ചാക്കിൽക്കെട്ട് നടക്കുന്ന ഒരുപാട് പേരുണ്ട് അതിനകത്ത്.
നമുക്ക് അതൊന്നുമില്ല സാറേ. എന്നാൽ ഇതിനകത്ത് സിനിമയെ സ്നേഹിക്കുന്ന ജീവിതത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം പേരുടെ ഹൃദയമുണ്ട് സാറേ. അതുകൊണ്ടാണ് പലരുടെയും പടിവാതിൽ ചെന്നിട്ട് ജാനകി എന്റെ മുത്തശ്ശിയുടെ പേരാണ് അത് മാറ്റാൻ ഞാൻ തയാറാവില്ല എന്ന് പറഞ്ഞത്. ഒരു തിരക്കഥാകൃത്ത സിനിമ എഴുതുന്നതും ഒരു സംവിധായകൻ സിനിമ മെനയുന്നതൊക്കെ അവന്റെ ആത്മാംശം ചേർത്താണ്. യഥാർഥ ഫിലിം മേക്കർ, യഥാർത്ഥ സൃഷ്ടാക്കൾ, അതിൽ ഒരാളാണ് സാറേ ഞാനും, എന്നെപ്പോലെ ഒരുപാട് പേരും.
അവരുടെ നെഞ്ചത്താണ് സാർ കത്തികുത്തി ഇറക്കിയത്. പിന്നെ ഈ മറ്റേ മഹാൻ പറഞ്ഞപോലെ ഞാൻ തോറ്റ് ഓടിയതൊന്നുമല്ല, ധൈര്യത്തോടുകൂടെ തന്നെ ഞാൻ പേര് മാറ്റുകയാണ്.
ജാനകിക്കു പകരം ജയന്തിയാലും എന്റെ സിനിമ സ്റ്റാൻഡ് ഔട്ട് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നെ ഞാൻ വിശ്വസിക്കുന്ന ഒരു പ്രത്യയ ശാസ്ത്രത്തിന്റെ നെഞ്ചത്ത് അങ്ങനെ അങ്ങ് കഠാര വെക്കേണ്ട എന്ന് കരുതി. കാരണം ആരൊക്കെയോ ഇതിന്റെ ഇടയിൽ കിടന്ന് കളിക്കുന്നതാണ് നിങ്ങൾക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. അതിന് ഞാൻ ഒരു കാരണം ആകേണ്ട എന്ന് കരുതിയാണ് ഈ പ്രശ്നം രൂക്ഷമാക്കാതെ ഇരുന്നത്. അധികം മാധ്യമ ശ്രദ്ധ വരുത്താതിരിക്കാൻ, എന്തായാലും നിങ്ങൾ ഈ പ്രശ്നം കത്തിച്ചില്ലേ, അത് എന്തിനാണെന്ന് നിങ്ങൾക്ക് നന്നായിട്ട് അറിയാവുന്ന കാര്യമാണ്. എന്തായാലും കോടതിവിധി വരട്ടെ. ഞാൻ സാറിനോട് പിന്നെയും പറയുകയാണ്, ഞാൻ ഈ സിനിമ തിയറ്റിൽ എത്തിക്കും അല്ലെങ്കിൽ തിരുശീല കെട്ടി പ്രദർശിപ്പിക്കും. അന്ന് സാറിന് മനസ്സിലാകും യഥാർഥ ഫയർ എന്താണെന്ന്. സാറിനും സാറിന്റെ സംഘടനയ്ക്കും സിനിമകൾക്കും നല്ലത് വരട്ടെ...’’ ഗദ്ഗദത്തോടെ എം.ബി.പദ്മകുമാര്‍ പറഞ്ഞു.
പലരും പദ്മകുമാറിന്റെ മാനസികാവസ്ഥ മനസ്സിലാക്കി കമന്റുകള്‍ കുറിക്കുന്നുണ്ട്. തിയേറ്ററില്‍ റിലീസ് ചെയ്യൂ, തങ്ങള്‍ കുടുംബത്തോടെ പോയി സിനിമ കാണാമെന്നും, പ്രേക്ഷകർ ആണ് തീരുമാനിക്കേണ്ടത് ചെറിയ സിനിമ ആണോ വലിയ സിനിമ ആണോ എന്ന്’ എന്നതടക്കമാണ് കമന്റുകള്‍. സിബി മലയലിനെ കുറ്റപ്പെടുത്തിയും പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്.
ജെഎസ്‌കെ ഇപ്പോള്‍ നേരിടുന്ന സമാനപ്രശ്‌നം പദ്മകുമാറിന്റെ സിനിമയും നേരിട്ടുണ്ടെന്നും അത് ചെറിയ സിനിമ ആയതിനാല്‍ സംവിധായകന്‍ തന്നെ ആ പേരുമാറ്റി പ്രശ്‌നം പരിഹരിച്ചു എന്നുമാണ് സിബി മലയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
‘‘പത്മകുമാർ എന്നൊരു സംവിധായകന്റെ ഒരു സിനിമയക്കും ഇതേപോലെ ഒരു പേര് സംബന്ധമായ ഒരു വിഷയണ്ട്. അതിലും ജാനകി തന്നെയായിരുന്നു. ജാനകി എന്ന പേര് മാറ്റാതെ അത് സെൻസർ ബോർഡ് അംഗീകരിക്കില്ല സർട്ടിഫിക്കറ്റ് കൊടുക്കില്ല എന്നഒരു തീരുമാനം ഉണ്ടായിരുന്നു. അതൊരു ചെറിയ സിനിമയാണ്, ഫെസ്റ്റിവലുകൾക്ക് അയക്കാൻ വേണ്ടി ചെയ്ത ഒരു സിനിമയാണ്. അത് നമ്മുടെ ശ്രദ്ധയിലേക്ക് വന്നില്ല. സംവിധായകൻ നേരിട്ട് അത് കൈകാര്യം ചെയ്യുകയായിരുന്നു...’’ എന്നാണ് സിബി മലയില്‍ പറഞ്ഞത്.