-->
പാറ്റ്‌ന: ട്രാക്കില്‍ കുടുങ്ങിയ പോത്തുകളെ രക്ഷിക്കാന്‍ ശ്രമിച്ച കര്‍ഷകന്‍ പാറ്റ്‌നയില്‍ വന്ദേഭാരത് ട്രെയിനിടിച്ചു മരിച്ചു. വാരണാസി - ദോഗ് വന്ദേഭാരത് എക്‌സ്പ്രസാണ് ഷെയ്ഖ്പുരയില്‍ വെച്ച് 50 വയസ്സുള്ള കര്‍ഷകനെ ഇടിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഈസ്്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ഡണാപൂര്‍ ഡിവിഷന് കീഴില്‍ നവാഡ കുയില്‍ സെക്ഷന് കീഴിലാണ് സംഭവം. ഗോപാല്‍ യാദവ് എന്നയാളാണ് മരണമടഞ്ഞത്. അതിവേഗത്തില്‍ ട്രെയിന്‍ കടന്നുവരുമ്പോള്‍ ട്രാക്കില്‍ പെട്ടുപോയ പോത്തുകളെ രക്ഷിക്കാന്‍ ഓടിയെത്തുകയായിരുന്നു ഗോപാല്‍യാദവ്. എന്നാല്‍ ഹൈസ്പീഡ് ട്രെയിന്‍ ഗോപാലിനെ വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ഗോപാലിന്റെയും പോത്തുകളുടെയും മൃതശരീരങ്ങള്‍ ട്രാക്കിലും മീറ്ററുകള്‍ മാറിയും ചിതറിക്കിടന്നു. ട്രെയിന്‍ അതിന്റെ ഏറ്റവും വേഗതയില്‍ എത്തുമ്പോള്‍ പോത്തുകള്‍ ട്രാക്കിന് നടുക്കായിരുന്നു. അവയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ യാദവ് ട്രാക്കിന് നേരെ ഓടിയെത്തുകയായിരുന്നു. എന്നാല്‍ അതിവേഗത്തില്‍ വന്ന ട്രെയിന്‍ പോത്തുകളെയും യജമാനനെയും ഇടിച്ചു തെറുപ്പിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ലോക്കോപൈലറ്റ് പെട്ടെന്ന് തന്നെ ബ്രേക്കിട്ടെങ്കിലും ട്രെയിന്‍ നിയന്ത്രിക്കാനായില്ല.
ഇതേ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. സംഭവത്തില്‍ റെയില്‍വേയ്ക്ക് നേരെ പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പുകളുമുണ്ടായി.ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടില്ല എന്നാണ് പ്രധാന ആരോപണം. ഈ ഭാഗം മിക്കവാറും കന്നുകാലികള്‍ ട്രാക്ക മുറിച്ചുകടക്കുന്നത് പതിവായ സ്ഥലമാണ്. എന്നാല്‍ ഇവിടെ വേണ്ടത്ര വേലിയോ ബാരിക്കേഡുകളോ ഇല്ലെന്നും അവര്‍ വാദിക്കുന്നു. വന്ദേഭാരത് പോലെയുള്ള അതിവേഗ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ ഓടുന്ന റൂട്ടായിട്ടും അധികാരികള്‍ ഈ ഭാഗത്തിന് മതിയായ പരിഗണന നല്‍കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. യാദവിന് ഭാര്യയും പ്രായമാകാത്ത മൂന്ന് മക്കളുമാണ് ഉള്ളത്്.