Monday, March 23, 2026 Last Updated 20 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 10.00 AM

ശുഭാംശു ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത് ചില അസാധാരണ വസ്തുക്കള്‍ ; ഇന്ത്യന്‍ ഭക്ഷണം മുതല്‍ കളിപ്പാട്ടം വരെ ബാഗിലുണ്ടാകും

uploads/news/2025/06/787877/shubhamshu.jpg

ന്യൂഡല്‍ഹി: ബഹിരാകാശ യാത്രയില്‍ കൊണ്ടുപോകുന്ന ഓരോ കിലോഗ്രാം വസ്തുവിനും വലിയ തോതില്‍ പണം നല്‍കേണ്ടിവരും. അതിനാല്‍ സാധാരണ ബഹിരാകാശ സഞ്ചാരികള്‍ പരമാവധി ഭാരം കുറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍ ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാങ്ഷു ശുക്ലയുടെ ബാഗുകളില്‍ ചില അസാധാരണ വസ്തുക്കളുണ്ട്. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യയുടെ രണ്ടാമത്തെ പ്രതിനിധിയും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തുന്ന ആദ്യ ഇന്ത്യക്കാരനുമായി ചരിത്രം രചിക്കാന്‍ പോകുകയാണ് അദ്ദേഹം.

1984 ല്‍ ഒരു റഷ്യന്‍ സോയുസില്‍ സഞ്ചരിച്ച ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മയ്ക്ക് ശേഷം 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗ്രൂപ്പ് കാപ്റ്റന്‍ ശുക്ലയുടെ യാത്ര. രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് ഏതാണ്ട് എട്ട് ദിവസം ചെലവഴിച്ചു. നാസ, ഐ.എസ്.ആര്‍.ഒ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇ.എസ്.എ.) എന്നിവ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി, ഹൂസ്റ്റണിലെ സ്വകാര്യ കമ്പനിയായ അക്‌സിയം സ്‌പേസ് നടത്തുന്ന വിക്ഷേപണം സ്‌പേസ്എക്‌സ് ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂളും ഫാല്‍ക്കണ്‍ 9 റോക്കറ്റും ഉപയോഗിച്ചാണു യാഥാര്‍ഥ്യമാക്കുന്നത്.

ഏറ്റവും ആവേശകരമായ യാത്രയയപ്പ് ലഭിക്കുന്നത് ശുഭാംശുവിനാണ്. അദ്ദേഹത്തിന്റെ ജന്മനഗരമായ ലഖ്‌നൗവില്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ഉപകരണങ്ങളും സാമഗ്രികളും മാത്രമല്ല, നൂറുകോടി ഹൃദയങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ശുഭാംശു കൂടെക്കൊണ്ടുപോകുന്നത്. രണ്ടാഴ്ചത്തെ ദൗത്യത്തില്‍ ശുഭാംശുവും സംഘവും 60 ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തും. അതില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) രൂപകല്‍പ്പന ചെയ്ത ഏഴെണ്ണവും ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ മധുരപലഹാരങ്ങള്‍

ബഹിരാകാശത്തേക്ക് തന്റെ പ്രിയപ്പെട്ട ചില മധുരപലഹാരങ്ങള്‍ അദ്ദേഹം കൂടെക്കൂട്ടുന്നുണ്ട്. 'ബഹിരാകാശത്ത് ധാരാളം ഭക്ഷണം ഉണ്ടാകും, പക്ഷേ ഞാന്‍ മാമ്പഴ നീര്‍, കാരറ്റ് ഹല്‍വ, മൂങ്ങ് ദാല്‍ ഹല്‍വ എന്നിവ കൊണ്ടുപോകും'- യാത്രയുടെ ഭാഗമായി ക്വാറന്റൈനില്‍ പ്രവേശിക്കുംമുമ്പ് അദ്ദേഹം പറഞ്ഞു. ആ മധുരം സഹയാത്രികരുമായി പങ്കിടും. കലോറി സമ്പുഷ്ടമായ മധുരപലഹാരങ്ങള്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന് ഭീഷണിയാകില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരി ശുചി ശുക്ല പറഞ്ഞു. 'അദ്ദേഹം ഒരു ഫിറ്റ്‌നസ്-ഫ്രീക്കാണ്, യോഗയില്‍ വളരെ താല്‍പ്പര്യമുള്ളവനാണ്. അതിനാല്‍ അമിത ഭക്ഷണം അദ്ദേഹത്തിന്റെ ശൈലിയല്ല' - അവര്‍ പറഞ്ഞു.

കളിപ്പാട്ടം

ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍, യാത്രയ്ക്കായി ക്വാറന്റൈനില്‍ കഴിഞ്ഞ ബഹിരാകാശ സഞ്ചാരികള്‍, ദൗത്യത്തിലെ 'അഞ്ചാമത്തെ ക്രൂ അംഗം' എന്ന നിലയില്‍ പരിചയപ്പെടുത്തിയത് ഒരു കളിപ്പാട്ടത്തെയാണ്. മൃദുവായ ചെറിയ കളിപ്പാട്ടം; പേര് ജോയ്. വിക്ഷേപണത്തിന് തൊട്ടുപിന്നാലെ, മൈക്രോഗ്രാവിറ്റിയിലേക്ക് മാറിയെന്നതിന്റെ ഭൗതിക സ്ഥിരീകരണമായി ക്രൂ അംഗങ്ങള്‍ ജോയിയെ ഒരു സൂചകമായി ഉപയോഗിക്കും.'

ഡയനോസറുകളെയും സിംഹങ്ങളെയും ഉള്‍പ്പെടെ നിരവധി മൃഗങ്ങളെ ക്രൂ പരിഗണിച്ചതിന് ശേഷമാണ് ജോയെ തെരഞ്ഞെടുത്തതെന്ന് അക്‌സിയം സ്‌പേസ് പറയുന്നു. ഹംഗേറിയന്‍ ബഹിരാകാശ സഞ്ചാരി കപു ആണ് പേര് നിര്‍ദേശിച്ചത്.

Ads by Google
Wednesday 25 Jun 2025 10.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW