Monday, March 23, 2026 Last Updated 12 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jun 2025 10.36 AM

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി വരാന്തയില്‍ പ്രസവിച്ചു ; പ്രസവവേദന നേരിട്ട യുവതിയെ ലേബര്‍റൂമില്‍ എത്തിക്കാനായില്ല

uploads/news/2025/06/787229/medi-kozhikkod.jpg

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിക്ക് വരാന്തയില്‍ പ്രസവം. 15നാണ് സംഭവം. 51-ാം വാര്‍ഡില്‍ പ്രസവവേദന നേരിട്ട യുവതിയെ ലേബര്‍റൂമില്‍ എത്തിക്കുന്നതിനു മുമ്പ് വരാന്തയില്‍ പ്രസവിക്കുകയായിരുന്നു. യുവതിക്കു 15നു രാവിലെ മുതല്‍ പ്രസവവേദനയ്ക്കുള്ള മരുന്ന് നല്‍കിയിരുന്നു. വെരിക്കോസ് വെയിന്‍ അസുഖമുള്ള യുവതി പ്രസവത്തിന് 15 ദിവസം മുമ്പ് തന്നെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

രാത്രി എട്ടോടെ വേദന അനുഭവപ്പെട്ടു. കൂട്ടിരിപ്പുകാര്‍ ഡ്യൂട്ടി നഴ്‌സിനെ അറിയിച്ചു. ഒരു നഴ്‌സ് മാത്രമാണ് ആ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. അറ്റന്‍ഡര്‍മാര്‍ വീല്‍ച്ചെയറുമായി വന്നെങ്കിലും യുവതിക്ക് അതില്‍ ഇരിക്കാന്‍ സാധിക്കുമായിരുന്നില്ല. പിന്നീട് സ്ട്രച്ചറുമായി എത്തി ലേബര്‍ റൂമിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വാര്‍ഡിന്റെ വരാന്തയിലെത്തിച്ചപ്പോഴേക്കും പ്രസവിക്കുകയായിരുന്നു. ഈ സമയം ഡോക്ടര്‍ അടുത്തില്ലായിരുന്നുവെന്ന് വാര്‍ഡിലെ കൂട്ടിരിപ്പുകാര്‍ പറഞ്ഞു.

മറ്റു രോഗികളുടെ കൂടെ നില്‍ക്കുന്ന കൂട്ടിരിപ്പുകാരാണ് പ്രസവമെടുത്തത്. ഈ സമയം ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതും പ്രതിസന്ധിക്കിടയാക്കി. റാമ്പ് വഴിയാണ് ഗര്‍ഭിണിയെയും കുഞ്ഞിനെയും സ്ട്രച്ചറില്‍ നാലാം നിലയില്‍നിന്ന് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ റൂമില്‍ എത്തിച്ചത്. പ്രത്യേക പരിചരണം ആവശ്യമുള്ള രോഗിയെ ആരോഗ്യസ്ഥിതി പരിഗണിച്ച് നേരത്തേതന്നെ ലേബര്‍ റൂമിലേക്കു മാറ്റാത്തതാണ് പ്രശ്‌നത്തിനിടയാക്കിയത്. മാതാവിനും കുട്ടിക്കും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇത് സംബന്ധിച്ച് യുവതിയുടെ ബന്ധുക്കള്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. വെരിക്കോസ് വെയിന്‍ അസുഖമുള്ള ഗര്‍ഭിണിക്ക് പ്രസവവേദന വന്നയുടനെതന്നെ പ്രസവം നടക്കുകയായിരുന്നുവെന്നാണ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് വ്യക്തമാക്കിയത്. യുവതിയുടെ മൂന്നാമത്തെ പ്രസവമാണ്. കുഞ്ഞിന് ഭാരവും കുറവായിരുന്നു. ഇക്കാരണങ്ങളാല്‍ വേദന വന്നയുടന്‍ പ്രസവം നടന്നു.

മാത്രമല്ല മഴയില്‍ ആശുപത്രിയുടെ തറനിലയില്‍ അടക്കം വെള്ളം കയറുന്നതിനാല്‍ ഈ സമയം ലിഫ്റ്റ് ഓഫ് ചെയ്തിരുന്നു. റാംപ് വഴി രോഗിയെ താഴെ എത്തിക്കാനും സമയമെടുത്തു. മഴ ശക്തമായാല്‍ ലിഫ്റ്റ് പിറ്റില്‍ വെള്ളം നിറയല്‍ പതിവാണ്. അതിനാല്‍ ഇത്തരം സമയങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് അടക്കമുള്ള അപകട സാധ്യത മൂന്‍കൂട്ടിക്കണ്ട് ലിഫ്റ്റ് ഓഫ് ചെയîാറുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.

Ads by Google
Saturday 21 Jun 2025 10.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW