-->
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തീക തട്ടിപ്പില്‍ സൗബീന്‍ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. സാമ്പത്തീകതട്ടിപ്പ് കേസില്‍ 14 ദിവസത്തിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സൗബീനും സിനിമയുടെ സഹനിര്‍മ്മാതാക്കള്‍ക്കും മരട് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായി ഇന്ന് ഹാജരാകാമെന്ന് സൗബീന്‍ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു.
എറണാകുളം എസിപി യുടെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്യുക. അരൂര്‍ സ്വദേശി സിറാജിന്റെ ഹര്‍ജിയില്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതി നടനു പുറമേ പറവ ഫിലിംസിന്റെ മറ്റു നിര്‍മ്മാതാക്കളായ ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍ എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സിനിമയുടെ ലാഭവിഹിതത്തില്‍ 40 ശതമാനം വാഗ്ദാനം ചെയ്തുകൊണ്ട് ഏഴൂകോടി രൂപയോളം തട്ടിയെടുത്തെന്നാണ് ആരോപണം. പരാതിക്കാരന്‍ സമീപിച്ചത് അനുസരിച്ച് പോലീസിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.
ഇതിനെതിരേ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഈ ആവശ്യം കോടതി തള്ളിയതോടെയാണ് സംഭവത്തില്‍ അന്വേഷണം വന്നിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണാണ് പണം വാങ്ങിയത്. ഏഴ് കോടി രൂപ മുടക്കിയിട്ട് മുതലോ ലാഭമോ തന്നിട്ടില്ല എന്നാണ് ആരോപണം. എന്നാല്‍ 18 കോടി രൂപ മാത്രമാണ് ചെലവായതെന്ന് പൊലീസ് കോടതിയില്‍ തെളിവ് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി കോടതി തള്ളുകയായിരുന്നു.
മലയാളത്തില്‍ വന്‍ വിജയം നേടിയ സിനിമ തീയേറ്ററില്‍ 200 കോടിക്ക് മുകളില്‍ കളക്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളമായി സിനിമ 243 കോടി നേടിയെന്ന റിപ്പോര്‍ട്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ റഡാറിലും പെട്ടിട്ടുണ്ട്. സിനിമയുടെ ടിക്കറ്റ് കളക്ഷന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് എറണാകുളം മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബാങ്ക് രേഖകളും ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തില്‍ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 150 കോടി രൂപയിലധികം കലക്ട് ചെയ്തിട്ടുണ്ട്. നികുതിയുള്‍പ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്.