-->
തിയേറ്ററുകൾ ഇളക്കിമറിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയാണ് മോഹൻലാലിന്റെ റി റിലീസ് ചിത്രം ഛോട്ടാ മുംബൈ. 2007ൽ പുറത്തിറങ്ങിയ ചിത്രം 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തി സിനിമാപ്രേമികളെ ആവേശത്തിലാക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച എൻടെർടെയ്ൻമെന്റ് ചിത്രങ്ങളിൽ ഒന്നായാണ് ഛോട്ടാ മുംബൈയെ ആരാധകർ കണക്കാക്കുന്നത്.
കേരളക്കര ഒട്ടാകെ ട്രെൻഡിങ്ങിലുള്ള റി റിലീസായ ഛോട്ടാ മുംബൈയെ കുറിച്ച് 2023ൽ മ്യൂസിക്ക് കംപോസർ അശ്വിൻ റാം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. നിങ്ങൾ 2025ലാണെന്ന് ചിന്തിക്കുക, നിങ്ങൾ വീടിന്റെ അടുത്തുള്ള തിയേറ്ററിലാണെന്ന് കരുതുക അവിടെ ഈ ടൈറ്റിൽ കാർഡും ബി ജി എമ്മും എന്ന് പറഞ്ഞുകൊണ്ട് ഛോട്ടാ മുംബൈയിലെ ബി ജി എം പ്ലേ ആകുന്നതാണ് അശ്വിൻ 2023ൽ പോസ്റ്റ് ചെയ്ത വീഡിയോ.
ഛോട്ടാ മുംബൈയുടെ ബി ജി എമ്മിൽ അശ്വിൻ റാം തന്നെ മോഡിഫൈ ചെയ്യുന്നതായിരുന്നു 2023ലെ ആ വീഡിയോ. രണ്ട് വർഷങ്ങൾക്കിപ്പുറം ഛോട്ടാ മുംബൈ റി റിലീസ് ചെയ്യുമ്പോൾ അന്ന് അശ്വിൻ ചെയ്ത ബി ജി എമ്മാണ് സിനിമയുടെ ടെെറ്റില്‍ കാർഡില്‍ ഉപയോഗിച്ചിരിക്കുന്നത്. .
നിലവിൽ റി റിലീസ് ആയപ്പോൾ അത് കാണാൻ തിയേറ്ററിൽ പോകുന്നതും തന്റെ ബി ജി എം തിയേറ്ററിൽ പ്ലേ ആകുന്നതും പഴയ വീഡിയോയുമെല്ലാം മിക്‌സ് ചെയ്തുകൊണ്ടാണ് അശ്വിൻ റാം ഈ വീഡിയോ പങ്കുവെക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയിൽ വൈറലാണ്
മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസ് ചെയ്തപ്പോൾ അത് ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. റി റിലീസിൽ ആദ്യ ദിനം 40 ലക്ഷം നേടിയ സിനിമ രണ്ടാം ദിനത്തിൽ 75 ലക്ഷത്തിലധികം രൂപ സ്വന്തമാക്കി. വരും ദിവസങ്ങളും സിനിമയുടെ കളക്ഷൻ ഉയരാനാണ് സാധ്യത.
നേരത്തെ മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നായിരുന്നു ഛോട്ടാ മുംബൈയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടിയത്. അൻവർ റഷീദിന്റെ ഛോട്ടാ മുംബൈയിലെ സീനുകൾക്കും തമാശകൾക്കും പാട്ടുകൾക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുൽ രാജായിരുന്നു സംഗീത സംവിധാനം.