-->
ന്യൂഡല്‍ഹി : ഐ പി എൽ ചാമ്പ്യൻമാരായ ആർ സി ബിയുടെ വിജയാഘോഷത്തിനിടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ദുരന്തത്തിൽ അനുശോചനം അറിയിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.
ബെംഗളൂരുവിലെ അപകടം ഹൃദയഭേദകമെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും മോദി എക്സിൽ കുറിച്ചു.
അതേസമയം ബെംഗളൂരു ദുരന്തത്തിൽ മരണസംഖ്യ ഉയരുമോയെന്ന ആശങ്കയിലാണ് ഏവരും. വിജയാഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണങ്ങളാണ് നടന്നത്. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിക്കും തിരക്കും കാരണം ആംബുലൻസുകൾക്ക് അപകട സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നത് രക്ഷാപ്രവര്‍ത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തിന്റെ ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു.