-->
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനു രൂക്ഷവിമര്‍ശനം. പി.വി. അന്‍വറിനെ അനുനയിപ്പിക്കേണ്ടതിനു പകരം പ്രശ്‌നം ഇത്ര വഷളാക്കിയതു സതീശനാണെന്ന് പല നേതാക്കളും യോഗത്തില്‍ തുറന്നടിച്ചു. അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെങ്കിലും ഈ അവസരത്തില്‍ ഒപ്പം നിര്‍ത്തണമായിരുന്നെന്ന അഭിപ്രായവുമുയര്‍ന്നു.
അന്‍വര്‍ വിഷയത്തില്‍ സതീശന്‍ അനാവശ്യധാര്‍ഷ്ട്യം കാണിച്ചെന്നു യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഒമ്പതുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന മുന്നണിയുടെ ചെയര്‍മാനാണ് താനെന്ന ബോധം സതീശനുണ്ടായില്ല. അദ്ദേഹം വിഷയം വഷളാക്കാനാണ് ശ്രമിച്ചത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. പ്രശ്‌നം വഷളായപ്പോള്‍ വേണുഗോപാല്‍ ഇടപെടണമായിരുന്നു.
അന്‍വര്‍ കാണാന്‍ വന്നപ്പോള്‍ ഒഴിഞ്ഞുമാറിയതു ശരിയായില്ല. അന്‍വറുമായി വേണുഗോപാല്‍ സംസാരിച്ചിരുന്നെങ്കില്‍ പ്രശ്‌നം അവസാനിക്കുമായിരുന്നു. ലീഗ് പറഞ്ഞതു പലതും പ്രതിപക്ഷനേതാവ് ചെവിക്കൊണ്ടില്ല.
'ഇങ്ങനെ പോയാല്‍ വേറേ വഴി നോക്കേണ്ടിവരും'
ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍നിന്നുണ്ടാകുന്നത്. ഇങ്ങനെ പോയാല്‍ പാര്‍ട്ടിക്കു വേറേ വഴി നോക്കേണ്ടിവരുമെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. എം.കെ. മുനീര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, കെ.എം. ഷാജി തുടങ്ങിയ നേതാക്കളാണു വിമര്‍ശനമുന്നയിച്ചത്. അന്‍വറിന്റെ നിലപാടുകളോട് മുമ്പ് നീരസമുണ്ടായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയും വിമര്‍ശനം ശരിവച്ചു.
മുമ്പ് ഇത്തരം പ്രശ്‌നങ്ങളില്‍ ലീഗ് ഇടപെട്ടാല്‍ പരിഹാരമുണ്ടാകുമെന്ന വിശ്വാസം മുന്നണി പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. അത് കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചു. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാനമെന്നത് ആരും ഓര്‍ത്തില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വിമര്‍ശനങ്ങള്‍ നിലനില്‍ക്കെത്തന്നെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ലീഗ് യോഗം തീരുമാനിച്ചു.