-->
തിരുവനന്തപുരം: കേരളത്തില്‍ ഉടനീളം ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു ദിവസം ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത ശക്തമായതോടെയാണ് അതിശക്ത മഴ മുന്നറിയിപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിനുള്ള സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കു പടിഞ്ഞാറന്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.
മഴ കനക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുന്നറിയിപ്പ്.
തീരദേശപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. രാത്രി 11.30 വരെ 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.7 മുതല്‍ 0.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രംഅറിയിച്ചു.