-->
കണ്ണൂര്‍: കണ്ണൂരില്‍ പ്രകടനവുമായി ബന്ധപ്പെട്ട് ഇന്നലെ യൂത്ത്‌കോണ്‍ഗ്രസ് - സിപിഎം ഏറ്റുമുട്ടല്‍ നടന്ന സംഭവത്തില്‍ യൂത്ത്‌കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. കൊടിമരവും ഗാന്ധിപ്രതിമയും തകര്‍ത്തതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ നയിച്ച പ്രകടനത്തിന് നേരെ സിപിഎം ആക്രമണം നടത്തിയെന്നാണ് ആരോപണം.
സിപിഎം മലപ്പട്ടം ലോക്കല്‍ കമ്മറ്റി ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. എന്നാല്‍ പ്രകടനത്തില്‍ രക്തസാക്ഷി ധീരജുമായി ബന്ധപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളിച്ച പ്രകോപന മുദ്രാവാക്യമാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചതാണെന്നും എന്നിട്ടും എന്നിട്ടും തങ്ങള്‍ പരമാവധി സംയമനം പാലിച്ചെന്നുമാണ് സിപിഎം പറയുന്നത്. 'ജനാധിപത്യ അതിജീവന യാത്ര' എന്ന സമാധാന സന്ദേശയാത്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തിയിട്ടില്ല. അത് മിനിക്കുയെടുത്ത് ഉപയോഗിക്കാന്‍ മടിയില്ല' എന്ന രീതിയില്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
മലപ്പട്ടം ഉള്‍പ്പെടുന്ന തളിപ്പറമ്പിലെ തൃച്ചംബരത്താണ് ധീരജിന്റെ വീട്. 2022 ല്‍ ഇടുക്കിയിലെ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ സംഘര്‍ഷത്തിനിടെയായിരുന്നു ധീരജിന്റെ മരണം. സംഭവത്തില്‍ 75 പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 50 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും 25 സിപിഎം പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് കേസ്. പ്രകടനം മലപ്പട്ടത്ത് എത്തിയപ്പോഴായിരുന്നു സംഘര്‍ഷം ഉണ്ടായത്.