-->
ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ അടിസ്ഥാനമാക്കി സിനിമ പ്രഖ്യാപിച്ചതില്‍ ക്ഷമാപണം നടത്തി സംവിധായകന്‍ ഉത്തം മഹേശ്വരി. പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ല സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ അദ്ദേഹം കുറിച്ചു. നമ്മുടെ സൈനികരുടെയും നേതൃത്വത്തിന്റെയും ധൈര്യവും ത്യാഗവും ശക്തിയും തന്നെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
ഒട്ടും ശരിയല്ലാത്ത സാഹചര്യത്തില്‍ ഉള്ള സിനിമാ പ്രഖ്യാപനത്തില്‍ താന്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയുന്നു. ആരുടെയെങ്കിലും മനസ് വേദനിച്ചെങ്കില്‍ ഇതൊരു മാപ്പ് അപേക്ഷയായി കണക്കാക്കണം. നമ്മുടെ സൈന്യത്തിന്റെ ശക്തിയും, ബുദ്ധിയും ധൈര്യവും ആത്മസമര്‍പ്പണവും വെള്ളിത്തിരയില്‍ എത്തിക്കണമെന്ന് മാത്രമേ താന്‍ ഉദ്ദേശിച്ചുള്ളൂവെന്നും മഹേശ്വരി വ്യക്തമാക്കി.
ഇതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നന്ദിയും സംവിധായകന്‍ അറിയിക്കുന്നുണ്ട്. ഈ ധീരമായ നേതൃത്വത്തിന് നന്ദി എന്നാണ് മഹേശ്വരി കുറിച്ചത്. അതേസമയം, ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സൈനിക യൂണിഫോമില്‍ റൈഫിളുമേന്തി പുറം തിരിഞ്ഞു നില്‍ക്കുന്ന വനിത നെറ്റിയില്‍ സിന്ദൂരക്കുറി അണിയുന്നതായാണ് പോസ്റ്ററിലുള്ളത്.