Thursday, March 12, 2026 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 02.00 PM

‘‘കുഞ്ഞിന് ഹാര്‍ട്ടിന് ചെറിയ പ്രശ്‌നമുണ്ട്, ചിലപ്പോള്‍ ഈ രാത്രി തന്നെ അവന്‍ മരണപ്പെട്ടേക്കും’; ഡോക്ടറിത് പറഞ്ഞപ്പോള്‍ എന്റെ കൈയും കാലും വിറച്ചു...’’ കനിഹ

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമായ കനിഹ ഇപ്പോഴിതാ തന്റെ മകന്‍ ജനിച്ച സമയത്ത് നേരിട്ട മാനസിക വെല്ലുവിളിയെക്കുറിച്ച് തുറന്നു പറയുകയാണ്. ഡെലിവറി രാത്രി പോലും കുഞ്ഞ് തരണം ചെയ്യില്ലെന്ന് ​ഡോക്ടര്‍ പറഞ്ഞപ്പോള്‍ വിറച്ചു പോയെന്ന് പറയുകയാണ് താരം.
Kaniha, kaniha about her son's health condition at birth time
Kaniha about her son's health condition at the time of his birth (Image Source: Instagram)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ കനിഹ തമിഴ്‌നാട്ടുകാരിയാണെങ്കിലും മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച താരം കൂടിയാണ്. മലയാളത്തില്‍ കരുത്തുറ്റ ഒരുപാട് കഥാപാത്രങ്ങള്‍ കനിഹയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. വിവാഹശേഷം നായികമാര്‍ സിനിമ വിട്ടു പോകുന്ന സമയത്താണ് കനിഹ അതിനെ തിരുത്തി സിനിമയിലേക്ക് എത്തിയത്. മകന്‍ ജനിച്ച ശേഷവും കനിഹ സിനിമയില്‍ സജീവമായിരുന്നു. കാമ്പുള്ള സ്ത്രീ കഥാപാത്രങ്ങള്‍ കനിഹയ്ക്ക് കിട്ടിയതും വ്യക്തി ജീവിതത്തില്‍ അമ്മയായ ശേഷമാണ്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് കനിഹ. തന്റെ എല്ലാ സന്തോഷങ്ങളും വിശേഷങ്ങളും കുടുംബചിത്രങ്ങളുമടക്കം കനിഹ അതിലൂടെ പങ്കിടാറുണ്ട്. മകനൊപ്പമുള്ള കനിഹയുടെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ ഒരുപാടുണ്ട്. കരിയറില്‍ വളരെ പിന്തുണയുള്ള ഒരു കുടുംബമാണ് കനിഹയ്ക്കുള്ളത്.
ഇപ്പോഴിതാ മകന്‍ സായി ഋഷിയുടെ ജനനസമയത്ത് നേരിട്ട ഏറ്റവും വലിയൊരു മാനസിക വെല്ലുവിളിയെക്കുറിച്ച് പറയുകയാണ് കനിഹ. ജനിച്ച ദിവസം രാത്രി തന്നെ കുഞ്ഞ് മരിച്ചു പോകുമെന്ന് ഡോക്ടര്‍ പറഞ്ഞെന്നും ആ നിമിഷം ഇല്ലാണ്ടായി പോയി എന്നും പറയുകയാണ് കനിഹ. ‘‘ഋഷി എന്നാണ് മകന്റെ പേര്, അവനിപ്പോള്‍ പതിനൊന്ന് വയസ്സ് ആകുന്നു. കല്യാണം കഴിഞ്ഞ് ഞാന്‍ ഭര്‍ത്താവിനൊപ്പം യു എസ്സിലേക്ക് പോയി. അവന്റെ ജനനവും അവിടെയായിരുന്നു.
എന്റേത് ഒരു പെര്‍ഫക്ട് പ്രെഗ്നന്‍സിയായിരുന്നു. യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. സ്‌കാനിങ് റിസള്‍ട്ട് എല്ലാം പെര്‍ഫക്ട് ആയിരുന്നു. ഒന്‍പതാം മാസത്തില്‍ പൊതുവെ പറയുമല്ലോ, എപ്പോള്‍ വേണമെങ്കിലും ഇനി ഡെലിവറി ആയേക്കും എന്ന്. ആ സ്‌റ്റേജിലായിരുന്നു ഞാനും. അത് കാരണം ഞങ്ങള്‍ എല്ലാം പാക്ക് ചെയ്ത് വച്ചിരുന്നു. എനിക്ക് പ്രസവ വേദന വന്നു, ആശുപത്രിയില്‍ പോയി, പ്രസവിച്ചു. പ്രസവ ശേഷം എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയില്ല, കുഞ്ഞിനെ എനിക്കവര്‍ കാണിച്ചു തന്നില്ല.
ഏഷ്യന്‍ കുഞ്ഞുങ്ങള്‍ക്ക് എല്ലാം ബിലിറൂബന്‍ കുറവായിരിക്കും എന്നാണ് പൊതുവെ പറയപ്പെടുന്നത്. അത് കാരണം എന്തോ കാര്യത്തിന് കുഞ്ഞിനെ കൊണ്ടു പോയതായിരിയ്ക്കും എന്ന് കരുതി ഞാന്‍ വളരെ കൂളായിട്ടാണ് ഇരുന്നത്. വൈകുന്നേരം ആറ്, ആറര മണിക്കായിരുന്നു എന്റെ പ്രസവം. സമയം ഏതാണ്ട് അര്‍ധരാത്രിയായപ്പോള്‍ ഒരു ഡോക്ടര്‍ പെന്നും പുസ്തകവും ഒക്കെയായി റൂമിലേക്ക് വന്നു.
അദ്ദേഹം ആ കടലാസില്‍ ഹാര്‍ട്ട് വരച്ചിട്ട് എന്നോട് പറഞ്ഞു, ‘ക്ഷമിക്കണം നിങ്ങളുടെ കുഞ്ഞിന് ഹാര്‍ട്ടിന് ചെറിയ പ്രശ്‌നമുണ്ട്, ചിലപ്പോള്‍ ഈ രാത്രി തന്നെ അവന്‍ മരണപ്പെട്ടേക്കും’ എന്ന്. അത് കേട്ടതും എന്റെ കൈയ്യും കാലും എല്ലാം വിറയ്ക്കാന്‍ തുടങ്ങി. എങ്ങിനെ റിയാക്ട് ചെയ്യണം എന്ന് പോലും എനിക്ക് അറിയില്ല. ഡെലിവറി കഴിഞ്ഞ അവസ്ഥയില്‍ നിന്ന് ശരീരം റിക്കവറി ആയിട്ടു പോലും ഉണ്ടായിരുന്നില്ല.
എങ്ങിനെ ധൈര്യം വന്നു എന്ന് അറിയില്ല, അപ്പോള്‍ തന്നെ ഞാന്‍ എഴുന്നേറ്റ് അവന്‍ കിടക്കുന്ന അടുത്ത ബ്ലോക്കിലേക്ക് പോയി. അവനെ ഞാന്‍ ആദ്യമായി കാണുമ്പോള്‍ തീരെ ചെറിയ ഒരു വാവ, ശരീരം മുഴുവന്‍ പൈപും മറ്റുമെല്ലാം ഘടിപ്പിച്ച അവസ്ഥയില്‍ കിടത്തിയിരിയ്ക്കുന്നു. എനിക്ക് അത് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു.
ഒരു രാത്രി അതിജീവിയ്ക്കില്ല എന്ന് പറഞ്ഞ എന്റെ കുഞ്ഞ് ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങളോട് ഏഴ് ദിവസം പിന്നിട്ടു. ഇങ്ങനെ വച്ച് ഇരുന്നത് കൊണ്ട് പ്രയോജനം ഇല്ലല്ലോ, ഒരു ചാന്‍സ് മാത്രം ജീവന്‍ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയില്‍ സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചു. ആ സമയത്ത് ഞാന്‍ പ്രാര്‍ത്ഥിക്കാത്ത ദൈവങ്ങളില്ല. സായി ഭാവ ഭക്തയാണ് ഞാന്‍, എന്റെ എല്ലാ ഭാരവും അദ്ദേഹത്തില്‍ വച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചു.
സര്‍ജറി നടക്കുന്ന ദിവസം എന്റെ ഭര്‍ത്താവിനെ ആശുപത്രിയില്‍ നിര്‍ത്തി, ഞാന്‍ അമ്പലത്തില്‍ പോയി. എട്ട് മണിക്കൂറോളം നീണ്ട സര്‍ജ്ജറിയായിരുന്നു. ആ സര്‍ജ്ജറിയ്ക്ക് ശേഷം എന്ത് വേണമെങ്കിലും നടക്കാം എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അതിനെ എല്ലാം അതിജീവിച്ച് വന്ന കുഞ്ഞാണ് എന്റെ മകന്‍. അവന്‍ ദൈവത്തിന്റെ പുത്രനാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
അതുവരെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന ഞാന്‍, ജീവിതത്തില്‍ ആദ്യമായി ഒരു ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചത് അന്നായിരുന്നു. എന്റെ മകന് വേണ്ടി. അത് വരെ അല്പത്തരം കാണിച്ച ആളായിരുന്നു ഞാന്‍. എന്നെ സംബന്ധിച്ച് ജീവിതം തന്നെ മാറിയ നിമിഷമായിരുന്നു അത്. അതിന് ശേഷം ജീവിതത്തില്‍ എന്ത് സംഭവിച്ചാലും നേരിടാനുള്ള ധൈര്യം എനിക്ക് ഉണ്ടായി...’’ കനിഹ ഗദ്ഗഗദത്തോടെ പറയുന്നു.
അടുത്തിടെ ഒരു സൗന്ദര്യ മത്സരത്തില്‍ ചുക്കി ചുളിഞ്ഞ വയര്‍ കാണിച്ചുകൊണ്ട് കനിഹ റാംപ് വാക്ക് നടത്തിയത് ശ്രദ്ധിക്കപ്പെട്ടതാണ്. അന്ന് ആ വയറിനെ കുറിച്ച് ചോദിച്ചപ്പോള്‍ കനിഹ പറഞ്ഞത്, ‘‘എനിക്ക് വേണമെങ്കില്‍ ഒരു പ്ലാസ്റ്റിക് സര്‍ജറി ചെയ്തുകൊണ്ട് ആ പാടുകളും ചുളിവുകളും മാറ്റാന്‍ പറ്റും. പക്ഷെ ഇത് എന്റെ കുഞ്ഞ് എനിക്ക് കിട്ടിയതിന്റെ പാടുകളാണ്. എനിക്കിത് അഭിമാനമാണ്...’’ എന്നാണ്. നിറഞ്ഞ കൈയ്യടിയോടെയാണ് ഈ വാക്കുകളെ സദസ്സ് ഏറ്റെടുത്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW