-->
ചാരുംമൂട്: മകളുടെ ശിക്ഷണത്തില്‍ അധ്യാപികയായ അമ്മ നൃത്ത അരങ്ങേറ്റം കുറിച്ചത് ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. മാവേലിക്കര ചത്തിയറ വി.എച്ച്.എസ്.എസ് അധ്യാപിക താമരക്കുളം കൊട്ടയ്ക്കാട്ടുശേരി മഞ്ജീരം വീട്ടില്‍ എസ്.അമ്പിളിയാണ് മകള്‍ കലാമണ്ഡലം ശ്രീലക്ഷ്മിയുടെ ശിക്ഷണത്തില്‍ ചിലങ്കയണിഞ്ഞത്. സ്‌കൂള്‍ പഠനകാലത്ത് അമ്മ മകള്‍ക്ക് ഗുരുവായത് മറ്റൊരു പ്രത്യേകതയായി.
കലാമണ്ഡലം ശ്രീലക്ഷ്മിയുടെ തൗര്യത്രികം നൃത്തവിദ്യാലയത്തിലെ കുട്ടികളും മുതിര്‍ന്നവരുമായ 24 പേരുടെ അരങ്ങേറ്റ ത്തിനൊപ്പമായിരുന്നു ചാരുംമൂട് വിപഞ്ചിക ആഡിറ്റോറിയത്തില്‍ അമ്മ അമ്പിളിയും നൃത്തച്ചുവടുകള്‍ വച്ചത്. ചത്തിയറ വി.എച്ച്.എസ്.എസിലെ യു.പി.പഠനകാലത്ത് ശ്രീലക്ഷ്മിയുടെ അധ്യാപിക കൂടിയായിരുന്നു അമ്മ അമ്പിളി.
എട്ടാം ക്ലാസില്‍ കേരള കലാമണ്ഡത്തില്‍ പ്രവേശനം നേടിയ ശ്രീലക്ഷ്മി മോഹിനിയാട്ടത്തില്‍ ബിരുദവും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ദൂരദര്‍ശനില്‍ മോഹിനിയാട്ടത്തില്‍ ഗ്രേഡ് ആര്‍ട്ടിസ്റ്റും യു.ജി.സി നെറ്റ് ജേതാവും നൃത്തസംവിധായകയും കൂടിയായ ശ്രീലക്ഷ്മി താമരക്കുളം, ചാരുംമൂട് എന്നിവിടങ്ങളില്‍ നൃത്തവിദ്യാലയവും നടത്തിവരുന്നു.
അമ്മ അമ്പിളിയെ മാത്രമല്ല ഗുരുക്കന്‍മാരായ മറ്റു ചില അധ്യാപികമാരെയും ശ്രീലക്ഷ്മി നൃത്തം അഭ്യസിപ്പിച്ചിരുന്നു. ചെറുപ്പകാലത്ത് നൃത്തം പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മയ്ക്ക് കഴിയാതെ പോയി. എന്നാല്‍ മകളിലൂടെ ആ സ്വപ്നം യാതാര്‍ഥ്യമാക്കുകയായിരുന്നുവെന്ന് അമ്പിളി പറഞ്ഞു.