Saturday, March 14, 2026 Last Updated 28 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 28 Apr 2025 09.36 AM

കോളജിലെ സംഘര്‍ഷത്തെച്ചൊല്ലിയുണ്ടായ ആള്‍ക്കൂട്ട ആക്രമണം ; ഇരുപത്തിയഞ്ചോളംപേര്‍ ചേര്‍ന്ന് നിലത്തിട്ട് ചവിട്ടി ; 20 കാരന്‍ മരിച്ചു

uploads/news/2025/04/778129/mob-attack.jpg

കോഴിക്കോട്: കോളജിലെ സംഘര്‍ഷത്തെച്ചൊല്ലിയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മായനാട് പാലക്കോട്ടുവയല്‍ അമ്പലക്കണ്ടി കിഴക്കയില്‍ എം.കെ. സൂരജ് (20) ആണ് മരിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ പത്തുപേര്‍ അറസ്റ്റിലായി. സൂരജിന്റെ നാട്ടുകാരായ മനോജ് കുമാര്‍ (49), മക്കളായ അജയ് മനോജ് (20), വിജയ് മനോജ് (19), പ്രദേശവാസികളായ അനന്തു കൃഷ്ണ (20), അശ്വിന്‍ ശങ്കര്‍ (18), യദുകൃഷ്ണ (20), അഭിശാന്ത് (21), വിജയ് കൃഷ്ണ (21), നിഹല്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

ഒമ്പത് പ്രതികളെ കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത കുറ്റാരോപിതനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 11.30നാണ് സംഭവം. പാലക്കോട്ടുവയല്‍ തിരുത്തിക്കാവ് ക്ഷേത്ര ഉത്സവത്തിനിടെ ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് സൂരജിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഗുരുതര പരിക്കേറ്റ സൂരജിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാത്തമംഗലം എസ്.എന്‍.ഇ.എസ്. കോളജിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സീനിയര്‍ ജൂനിയര്‍ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പോലീസ് പറഞ്ഞു.

സൂരജിന്റെ സുഹൃത്ത് അശ്വന്തും അറസ്റ്റിലായ വിജയ് മനോജും ഈ കോളജിലെ വിദ്യാര്‍ഥികളാണ്. മുമ്പ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാത്രി തിരുത്തിക്കാവിലെ ഉത്സവത്തിനെത്തിയ അശ്വന്തിനെ വിജയിയും സുഹൃത്തുക്കളും തടഞ്ഞു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സൂരജ് ഇടപെടുകയും തര്‍ക്കം താല്‍ക്കാലികമായി ഒഴിവാക്കുകയും ചെയ്തു. രാത്രി 12 മണിയോടെ വിജയിയുടെ പിതാവും സഹോദരനും വിഷയത്തില്‍ ഇടപെട്ടതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. സൗഹൃദം നടിച്ചു വിജയിയുടെ അച്ഛന്‍ മനോജ്, സൂരജിനെ സമീപത്തെ ഇടവഴിയിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നെന്നു പോലീസ് പറഞ്ഞു. അവിടെ വെച്ച് ഇരുപത്തിയഞ്ചോളംപേര്‍ ചേര്‍ന്ന് നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സൂരജിന്റെ മരണവിവരമറിഞ്ഞതോടെ പാലക്കോട്ടുവയലില്‍ രാത്രി തന്നെ സംഘര്‍ഷമുണ്ടായി.

പ്രതികളുടെ വീട് ഒരുവിഭാഗം ആക്രമിച്ചു. മുറ്റത്തുണ്ടായിരുന്ന കാറിന്റെ ചില്ലുകളും വീടിന്റെ ജനല്‍ ചില്ലുകളും എറിഞ്ഞുടക്കുകയും ബൈക്ക് മറിച്ചിടുകയും ചെയ്തു. പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ സി.ഡബ്ലി.യു.ആര്‍.ഡി.എം. ബൈപ്പാസ് റോഡ് ഇന്നലെ രാവിലെ ഉപരോധിച്ചു. പിന്നീട് പോലിസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ചേവരമ്പലത്തെ കാര്‍ കമ്പനിയില്‍ ടെക്‌നീഷ്യനാണ് സൂരജ്. അമ്മ: രസ്‌ന. സഹോദരന്‍: ആദിത്യന്‍ (സി.ആര്‍.സി ചേവായൂര്‍). ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവ്,സബ് ഇന്‍സ്‌പെക്ടര്‍മാരായ നിവിന്‍ കെ. ദിവാകരന്‍, മിജോ, റഷീദ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ ആദില്‍,ഷഹീര്‍, ഷാഫി എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW