Wednesday, March 11, 2026 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 07 Apr 2025 10.15 PM

പൊതുജനാരോഗ്യം വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക്; കേരളത്തിലെ ആരോഗ്യ രംഗത്തിന് കൈത്താങ്ങായി കിഫ്ബി

മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെ വെല്ലുന്ന സർക്കാർ ആശുപത്രികളും മെഡിക്കൽ കോളജുകളുമാണ് ഇപ്പോൾ കേരളത്തിലുള്ളത്. കിഫ്ബിയുടെ സഹായത്തോടെ ഇടതു സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളാണ് സർക്കാർ ആശുപത്രികളെ ജനങ്ങൾക്ക് പ്രിയപ്പെട്ടതാക്കിയത്
uploads/news/2025/04/774615/kiifb-veena.jpg

കേരളത്തിന്റെ ആരോഗ്യരംഗം ആരോഗ്യ സൂചികങ്ങളിലും പൊതുജനാരോഗ്യ നിലവാരത്തിലും ലോകത്തിലെ മികച്ച വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാറിലെ ആരോഗ്യം, വനിത ശിശു വികസന വകുപ്പ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി വീണ ജോർജ്ജിന്റെ സമര്‍ത്ഥമായ നേതൃത്വം ഈ നേട്ടങ്ങളുടെ പിന്നിലുണ്ട്.

ഇപ്പോഴിതാ സര്‍ക്കാര്‍ ആശുപത്രികളിലെ വിവിധ സേവനങ്ങള്‍ ഡിജിറ്റലാകുകയാണ്. ഓണ്‍ലൈന്‍ ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍, ഡിജിറ്റലായി പണം അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം ലോകാരോഗ്യ ദിനത്തില്‍ നടന്നു. മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ തുടങ്ങി എല്ലാ പ്രധാന ആശുപത്രികളിലും മുന്‍കൂറായി ഒ.പി. ടിക്കറ്റ് ഓണ്‍ലൈനായി എടുക്കാനുള്ള ക്രമീകരണങ്ങള്‍ സജ്ജമായി. മെഡിക്കല്‍ കോളേജ് വരെയുള്ള 767 ആശുപത്രികളില്‍ ഈ സംവിധാനം സജ്ജമാണ്. ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം ആദ്യഘട്ടത്തില്‍ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടെ 313 ഇടങ്ങളില്‍ സജ്ജമാക്കി.

uploads/news/2025/04/774615/kiifb-opticket.jpg

അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആരോഗ്യകേന്ദ്രങ്ങൾ ശക്തമാക്കി പൊതുജനാരോഗ്യ ശൃംഖലയെ ആധുനികവത്ക്കരിച്ച് രോഗീ സൗഹൃദമാക്കുക എന്ന ദൗത്യത്തിൽ അധിഷ്ഠിതമായ സർക്കാർ പ്രവർത്തങ്ങൾ ആരോഗ്യരംഗത്ത് വമ്പിച്ച പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തുടനീളമുള്ള ആരോഗ്യപരിപാലന രംഗത്ത് നിരവധി അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളാണ് അടുത്ത കാലത്ത് നടത്തിയത്.

മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെ വെല്ലുന്ന സർക്കാർ ആശുപത്രികളും മെഡിക്കൽ കോളജുകളുമാണ് ഇപ്പോൾ കേരളത്തിലുള്ളത്. കിഫ്ബിയുടെ സഹായത്തോടെ ഇടതു സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളാണ് സർക്കാർ ആശുപത്രികളെ ജനങ്ങൾക്ക് പ്രിയപ്പെട്ടതാക്കിയത്. അതിനൂതന സാങ്കേതിക വിദ്യകളോട് കൂടിയ അത്യാധുനിക ഉപകരണങ്ങൾ, ഓപ്പറേഷൻ തിയറ്ററുകൾ, സ്കാനിങ് ലാബുകൾ തുടങ്ങിയ സൗകര്യങ്ങള്‍ ജനങ്ങളെ സർക്കാർ ആശുപത്രികളിലേക്ക് ആകർഷിക്കുകയാണ്. ഒരു കാലത്ത് സംസ്ഥാനത്തിന്റെ ശാപമായിരുന്നു ഇവിടുത്തെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ. നൂതന ഉപകരണങ്ങളുടെ അഭാവം, സൗകര്യക്കുറവ് എന്നിവയെല്ലാം സ്വകാര്യ ആശുപത്രികളിലേക്ക് പോകാൻ ആളുകളെ നിർബന്ധിതരാക്കിയിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല.

ശിശു പരിപാലനം ശക്തിപ്പെടുത്തുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗം, സർക്കാർ മേഖലയിൽ ആദ്യമായി പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളേജിൽ മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് ലാബും നവജാത ശിശു പരിപാലന കേന്ദ്രം തുടങ്ങിയവ സമീപകാലത്തുണ്ടായ അടിസ്ഥാന സൗകര്യ നേട്ടങ്ങളാണ്.

പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ സംരംഭമാണ്. എസ്.എ.ടി.യിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെത്തുന്ന കുട്ടികൾക്ക് അത്യാധുനിക ചികിത്സ സംവിധാനം ലഭ്യമാകും. 93.36 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനൽ എൻഡോസ്‌കോപ്പി മെഷീനും അനുബന്ധ സംവിധാനങ്ങൾക്കുമായി ലഭ്യമാക്കിയത്.

എൽ ഡി എഫ് മന്ത്രിസഭ കേരളത്തിൽ അധികാരമേറ്റ് കഴിഞ്ഞ 9 വർഷം കൊണ്ട് കിഫ്ബിയുടെ സഹായത്തോടെ നിരവധി മാറ്റങ്ങളാണ് ആരോഗ്യ രംഗത്ത് കൊണ്ടുവന്നത്. സ്വകാര്യ ആശുപത്രിയിലെ ഉയർന്ന ചെലവ് മൂലം സാധാരണക്കാർക്ക് അവിടേക്ക് പോകുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അത്കൊണ്ട് തന്നെ മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടുപോയ ധാരാളം പേർ നമ്മുടെ സംസ്ഥാനത്തുണ്ട്. എന്നാൽ ഇന്ന് സ്വകാര്യ ആശുപത്രികളിലുള്ളതിനെക്കാൾ ഒരുപടി മുന്നിലാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ. സാധാരണക്കാരന്റെ കീശ കീറാതെ മതിയായ ചികിത്സ ഉറപ്പാക്കുക എന്ന എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമാണ് ഇവിടെ നിറവേറുന്നത്.

uploads/news/2025/04/774615/kifb-bala-6.jpg

വിവിധ ജില്ലകളിലെ ആശുപത്രികളുടെ പുനർ നിർമാണത്തിനും നൂതന ഉപകരണങ്ങൾ വാങ്ങാനും ഉൾപ്പെടെ, മൊത്തം 18423.5 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി ഇതുവരെ കേരളത്തിലെ ആരോഗ്യ രംഗത്ത് നടപ്പാക്കിയത്. കൂടാതെ 87,378 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. ഓരോ ജില്ലകളിലെയും താലൂക്ക് ആശുപത്രികളുടെ വികസനത്തിനായും കിഫ്ബിയുടെ കൈത്താങ്ങ് ഏറെയാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 28 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി ആവിഷ്ക്കരിച്ചത്.

തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 743.37 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പുതിയ ജില്ലാ ആശുപത്രിയുടെ നിർമാണത്തിന് കിഫ്ബി അനുമതി നൽകിയിട്ടുണ്ട്. കൂടാതെ 9 ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 39.38 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വാർഡുകളുടെ വിപുലീകരണത്തിന് അംഗീകാരം നൽകി. ഗ്യാസ് ശ്മശാനങ്ങളുടെ നിർമാണം പോലുള്ള ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികളും അനുമതിയുടെ ഭാഗമാണ്.

വിവിധ ജില്ലകളിൽ ഐസോലേഷൻ വാർഡുകളും ക്യാൻസർ സെന്ററുകളും നിർമ്മിക്കുന്നതിലും കിഫ്ബി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. വികസനമില്ലാതെ മുരടിച്ച് കിടന്ന പല സർക്കാർ ആശുപത്രികളെയും കിഫ്ബിയുടെ തണലിൽ അത്യാധുനിക ആശുപത്രികൾക്ക് സമാനമായി രൂപപ്പെടുത്തിയെടുത്തത് എൽ ഡി എഫ് സർക്കാരിന്റെ ഭരണ കാലത്താണ്.75 കോടി രൂപ മുടക്കിയാണ് മലബാർ ക്യാൻസർ സെന്ററിനെ ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആക്കി പരിവർത്തനം ചെയ്തതത്. കൊച്ചിൻ ക്യാൻസർ സെന്ററിനായി ആശുപത്രി സമുച്ചയം നിർമ്മിക്കുന്നതിനായി ഒന്നാം ഘട്ടത്തിൽ 4.61 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 379.73 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ ആശുപത്രിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 75.18 കോടി രൂപ ചിലവഴിച്ചു. കൊച്ചി ന്യൂ ബ്ലോക്കിലെ മെഡിക്കൽ കോളജ് വികസന പ്രവർത്തനങ്ങൾക്കും സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ നവീകരണ പ്രവർത്തനങ്ങൾക്കുമായി 1.35 കോടി രൂപ ചെലവഴിച്ചു.

കണ്ണൂർ ജില്ലാ ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി കിഫ്ബിയുടെ തണലിൽ 63.49 കോടി രൂപയാണ് മുടക്കിയത്. പുനലൂർ താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ നിർമ്മാണത്തിനും നവീകരണ വികസന പ്രവർത്തനങ്ങൾക്കുമായി 68.18 കോടി രൂപ ചിലവായി. എറണാകുളം സർക്കാർ മെഡിക്കൽ കോളജ്, പത്തനംതിട്ട ജില്ലാ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, മഞ്ചേരി സർക്കാർ ആശുപത്രി, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ്, തൃശ്ശൂർ സർക്കാർ ആശുപത്രി, കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രി, കാഞ്ഞങ്ങാട് സർക്കാർ ആശുപത്രി, ആലപ്പുഴ സർക്കാർ ആശുപത്രി, കണ്ണൂർ സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ കാത് ലാബ് നിർമ്മിക്കുന്നതിനും എറണാകുളം സർക്കാർ മെഡിക്കൽ കോളജ്, പത്തനംതിട്ട ജില്ലാ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ്, തൃശൂർ സർക്കാർ ആശുപത്രി, കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രി, മഞ്ചേരി സർക്കാർ ആശുപത്രി, കാഞ്ഞങ്ങാട് സർക്കാർ ആശുപത്രി, ആലപ്പുഴ സർക്കാർ ആശുപത്രി, കണ്ണൂർ സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ കാഡിയാക് കെയർ യൂണിറ്റ് സ്ഥാപിക്കുന്നതിനുമായി 80 കോടി രൂപയാണ് കിഫ്ബി മുടക്കിയത്.

നെടുമങ്ങാട് സർക്കാർ ആശുപത്രി, അടൂർ സർക്കാർ ആശുപത്രി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് നോർത്ത് പറവൂർ, ഫറൂക്ക് താലൂക്ക് ആശുപത്രി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് പാറശാല, താലൂക്ക് ആശുപത്രി കൂത്ത്പറമ്പ്, തലശ്ശേരി സർക്കാർ ആശുപത്രി, പഴയങ്ങാടി സർക്കാർ ആശുപത്രി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് കരുനാഗപ്പള്ളി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് തളിപ്പറമ്പ്, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ഒറ്റപ്പാലം, മാവേലിക്കര സർക്കാർ ആശുപത്രി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് തിരുവല്ല, കുന്നംകുളം താലൂക്ക് ആശുപത്രി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ചാലക്കുടി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ഫോർട്ട് കൊച്ചി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് കായംകുളം, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് പെരുമ്പാവൂർ, പേരാവൂർ താലൂക്ക് ആശുപത്രി, ബാലുശ്ശേരി താലൂക്ക് ആശുപത്രി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് കൊടുങ്ങല്ലൂർ, താലൂക്ക് ആശുപത്രി ഇരിട്ടി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ചെങ്ങന്നൂർ, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് സുൽത്താൻ ബത്തേരി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് പിറവം, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് കൊട്ടാരക്കര, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് മണ്ണാർക്കാട്, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ശാസ്താംകോട്ട, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് റാന്നി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് കടയ്ക്കൽ, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് തിരൂരങ്ങാടി, വടക്കാഞ്ചേരി സർക്കാർ ആശുപത്രി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ചിറ്റൂർ, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ചാവക്കാട്, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആലത്തൂർ, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് മൂവാറ്റുപുഴ, കോഴഞ്ചേരി സർക്കാർ ആശുപത്രി, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ്, താലൂക്ക് ആശുപത്രി തൃക്കരിപ്പൂർ, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് പെരിന്തൽമണ്ണ, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് പയ്യന്നൂർ, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് കൊയിലാണ്ടി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് നീലേശ്വരം, പാല സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ ഡയാലിസിസ് സെന്ററുകൾ നിർമിക്കുന്നതിനായി 69 കോടി രൂപയാണ് ചെലവഴിച്ചത്.

ആലപ്പുഴ ജില്ലാ ആശുപത്രിയുടെ പുതിയ ഒപി ബ്ലോക്കിന്റെ നിർമാണത്തിനായി കിഫ്ബിയിൽ നിന്നും ലഭിച്ച തുക 52.06 കോടി രൂപയായിരുന്നു. കഴിഞ്ഞ 9 വർഷം കൊണ്ട് കിഫ്ബിയുടെ തണലിൽ കേരള ആരോഗ്യ രംഗം കൈവരിച്ച പുരോഗതി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. അത്യാധുനിക ഉപകരണങ്ങൾ, മികച്ച ചികിത്സാ സൗകര്യങ്ങൾ, വിവിധയിനം ആരോഗ്യ പദ്ധതികൾ എന്നിവയെല്ലാം കേരളത്തിലെ സർക്കാർ ആശുപത്രികളുടെ ഭാഗമായതിൽ കിഫ്ബിയുടെ പങ്ക് പ്രധാനമാണ്.

Ads by Google
Ads by Google
TRENDING NOW