Thursday, March 12, 2026 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 05 Apr 2025 10.47 AM

സുന്ദര നായകന്‍ മറവിയിലേക്കു മറഞ്ഞു ; സിനിമയിലേക്കു ജനിച്ചു വീണയാള്‍ ; മലയാളത്തിലെ മികച്ച ഗാനങ്ങള്‍ക്കായി അഭിനയിച്ച താരം

uploads/news/2025/04/774192/revikumr.jpg

സിനിമയിലേക്കു ജനിച്ചു വീണയാളായിരുന്നു ഇന്നലെ അന്തരിച്ച നടന്‍ രവി കുമാര്‍ എന്നു പറയാം. കേരളത്തിലെ ആദ്യ സ്റ്റുഡിയോകളില്‍ ഒന്നായിരുന്ന ശ്രീകൃഷ്ണാ സ്റ്റുഡിയോയുടെ ഉടമയായിരുന്നു പിതാവ് കെ.എം.കെ. മേനോന്‍. അമ്മ ഭാരതിയും നടിയായിരുന്നു. എ. വിന്‍സന്റിന്റേതടക്കം സിനിമകളില്‍ നായികയായിരുന്ന ഭാരതി പിന്നീട് സിനിമകളും നിര്‍മിച്ചു.

പിതാവ് നിര്‍മിച്ച സിനിമകളില്‍ ബാലനടനായി രവി കുമാര്‍ അഭിനയിച്ചിരുന്നു. നായകനാക്കിയതും പിതാവ് തന്നെ. 1975ല്‍ പുറത്തിറങ്ങിയ ഉല്ലാസയാത്രയില്‍. അതേ സിനിമയില്‍ മറ്റൊരു നടനും മുഴുനീള വേഷം കിട്ടി-- ജയന്. അതിനു മുന്‍പ് ജേസി സംവിധാനം ചെയ്ത ശാപമോക്ഷത്തില്‍ ഒരു പാട്ടു സീനില്‍ മാത്രം രംഗത്തു വന്ന ജയന്‍ ഉല്ലാസയാത്രയില്‍ വില്ലനായിരുന്നു.

ഐ.വി. ശശിയുടെ സിനിമകളായിരുന്നു രവി കുമാറിനെ താരപ്രഭയിലേക്കു നയിച്ചത്. ശശിയുടെ നാലാമത്തെ സിനിമയായ അയല്‍ക്കാരിയിലാണ് ഈ കൂട്ടുകെട്ടിനു തുടക്കം. അവളുടെ രാവുകളിലെ നായക വേഷം അദ്ദേഹത്തിന് വലിയ മുന്നേറ്റമാണ് സമ്മാനിച്ചത്. ശശിയുടെ 89 സിനിമയില്‍ അഭിനയിച്ചു.

നായകനായി തിളങ്ങി നില്‍ക്കുമ്പോള്‍ 'അങ്ങാടി'യിലെ വില്ലന്‍ സ്വഭാവമുള്ള വേഷത്തിനു സമ്മതം മൂളാന്‍ രവി കുമാറിനു തെല്ലും മടിയുണ്ടായില്ല. ആ സിനിമയിലെ നായകനാകട്ടെ, താന്‍ നായകനായി അഭിനയിച്ച ആദ്യ സിനിമയിലെ വില്ലനായിരുന്നു, - ജയന്‍! 'അടുത്ത സിനിമയില്‍ ജയനാണ് നായകന്‍, നീ വില്ലനാണ്'' എന്ന് ഐ.വി. ശശി പറഞ്ഞപ്പോള്‍ ''ഓ, ശരി'' എന്നു പറഞ്ഞു സമ്മതിക്കുകയായിരുന്നു. അത്രയ്ക്കു ബന്ധമായിരുന്നു മൂന്നു പേരും തമ്മില്‍.

ഉല്ലാസയാത്ര മുതല്‍ രവി കുമാറും ജയനും തമ്മില്‍ ഉറച്ച സൗഹൃദം പുലര്‍ത്തിയിരുന്നു. അത് ജയന്റെ മരണ ദിവസം വരെ തുടര്‍ന്നു. ജയന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിക്കുന്ന ദിവസം രാവിലെ ഇരുവരും ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചിരുന്നു. ജയന്‍ സഹനിര്‍മാതാവായ സ്‌ഫോടനം എന്ന സിനിമയില്‍ അഭിനയിക്കുന്ന കാര്യമായിരുന്നു സംസാരവിഷയം. വൈകുന്നേരം നേരില്‍ കാണാമെന്നു പറഞ്ഞു ഫോണ്‍ വച്ചെങ്കിലും കാണാനായത് ജയന്റെ മൃതദേഹമാണ്. ഇതേക്കുറിച്ചു പറയുമ്പോഴെല്ലാം രവി കുമാറിന്റെ കണ്ണു നിറയുമായിരുന്നു.

ഐ.വി. ശശി സംവിധാനം ചെയ്ത ''ആ നിമിഷം'' കണ്ട സംവിധായകന്‍ കെ. ബാലചന്ദറാണ് രവി കുമാറിനെ തമിഴിലേക്കു ക്ഷണിച്ചത്. ചിത്രം അവര്‍കള്‍. അന്നേ തിരക്കുള്ള നായകനായിരുന്ന കമല്‍ ഹാസനും മൂന്നാമത്തെ സിനിമയില്‍ മാത്രം അഭിനയിക്കുന്ന രജനീകാന്തുമായിരുന്നു സഹനടന്മാര്‍. പ്രശസ്ത നടി സുജാത മുഖ്യവേഷം അഭിനയിച്ച ആ സിനിമ കലാപരമായി ഏറെ മുന്നിലായിരുന്നെങ്കിലും പ്രേക്ഷകര്‍ സ്വീകരിച്ചില്ല. ഒരു സ്ത്രീ താലിമാല വലിച്ചെറിയുന്ന രംഗം അംഗീകരിക്കാന്‍ തമിഴ് പ്രേക്ഷകര്‍ അന്നു വളര്‍ന്നിരുന്നില്ല എന്നാണ് ഇതേക്കുറിച്ച് രവികുമാര്‍ പിന്നീടു പറഞ്ഞത്.

തമിഴില്‍ രവി കുമാറിന് ഉപദേശങ്ങള്‍ നല്‍കാന്‍ വലിയൊരു താരമുണ്ടായിരുന്നു, സാക്ഷാല്‍ എം.ജി. രാമചന്ദ്രന്‍! കെ.എം.കെ. മേനോന്റെ അടുത്ത സുഹൃത്തായിരുന്ന എം.ജി.ആറിനു രവി കുമാറിനോട് പിതൃതുല്യമായ വാത്സല്യമായിരുന്നു.

മലയാളത്തിലെ അനേകം മികച്ച ഗാനങ്ങള്‍ക്കായി അഭിനയിക്കാന്‍ സാധിച്ചു എന്നതാണ് രവി കുമാറിനു ലഭിച്ച മറ്റൊരു ഭാഗ്യം. 1979ല്‍ പുറത്തിറങ്ങിയ അനുപല്ലവിയിലെ രണ്ടു ഹിറ്റ് ഗാനങ്ങളും തിരശീലയില്‍ അവതരിപ്പിച്ചത് രവി കുമാറാണ്- യേശുദാസ് പാടിയ ''എന്‍ സ്വരം പൂവിടും ഗാനമേ''യും, ജയചന്ദ്രന്‍ പാടിയ ''ആയിരം മാതള പൂക്കളും''. ഇന്നും സംഗീത പ്രേമികള്‍ നെഞ്ചിലേറ്റുന്ന പാട്ടുകളാണിവ.

എന്‍ സ്വരം പൂവിടും ഗാനമേ എന്ന പാട്ടിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ഒരു ദിവസം ഉച്ചയ്ക്ക് അനുപല്ലവിയുടെ ഗാന രചയിതാവ് ബിച്ചു തിരുമലയും സംഗീത സംവിധായകന്‍ കെ.ജെ. ജോയിയുമൊത്ത് തന്റെ കാറില്‍ സഞ്ചരിക്കുമ്പോള്‍ രവി കുമാര്‍ ബിച്ചു തിരുമലയ്ക്കു മുന്നില്‍ ഒരു വെല്ലുവിളി ഉയര്‍ത്തി. ''വണ്‍, വണ്‍ ടു, വണ്‍ ടു ത്രി, വണ്‍ ടു ത്രി ഫോര്‍'' എന്ന ചിട്ടയില്‍ ഒരു പാട്ട് എഴുതാമോ എന്നായിരുന്നു ചോദ്യം. നിമിഷ നേരങ്ങള്‍ കൊണ്ട് ബിച്ചു തിരുമല വരികള്‍ എഴുതുകയും ജോയ് സംഗീതം പകരുകയും ചെയ്തു. ഞൊടിയിടയില്‍ രൂപം കൊണ്ട ഗാനം ഇന്നും ഹിറ്റായി നിലനില്‍ക്കുന്നു.

ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന രവി കുമാറിനു മലയാളം സംസാരിക്കാന്‍ വഴങ്ങില്ലായിരുന്നു. തിരക്കുള്ള നടനായിരിക്കെ രവി കുമാറിനായി ഡബ്ബ് ചെയ്തിരുന്നത് സംഗീത സംവിധായകന്‍ രവീന്ദ്രനായിരുന്നു. അന്ന് രവീന്ദ്രന്‍ അവസരം തേടി ചെന്നയില്‍ നടക്കുന്ന കാലമായിരുന്നു.

ഹിറ്റേ്മക്കര്‍ ശശി കുമാറിന്റെ സിനിമകളിലായിരുന്നു രവി കുമാര്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചത്- നൂറോളം സിനിമകള്‍! മലയാളത്തിലും തമിഴിലുമായി നാനൂറോളം സിനിമകളില്‍ അഭിനയിച്ച രവി കുമാറിന് ഇടയ്ക്ക് സിനിമയില്‍നിന്നു വിട്ടു നില്‍ക്കേണ്ടി വന്നു. പിതാവ് മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ബിസിനസ് നോക്കി നടത്താനായാണ് സിനിമ വിട്ടത്. പിന്നീട് അധികം സിനിമകളില്‍ അഭിനയിക്കാനായില്ല.വൈകാതെ രവി കുമാറിനെ സിനിമക്കാരും പ്രേക്ഷകരും മറന്നു. പുതിയ താരങ്ങള്‍ അരങ്ങു വാണു.

''എന്നെ ആരും വിളിച്ചില്ല'' എന്നതു മാത്രമായിരുന്നു ഒന്നിനോടും പരിഭവമില്ലാതിരുന്ന രവി കുമാറിന് ഇതേക്കുറിച്ചു പറയാനുണ്ടായിരുന്നത്. രവി കുമാര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച അവസാന സിനിമയും ഐ.വി. ശശി സംവിധാനം ചെയ്തതാണെന്ന പ്രത്യേകതയുണ്ട്. 1992ല്‍ ഇറങ്ങിയ കള്ളനും പോലീസും ആയിരുന്നു ആ സിനിമ. പിന്നീട് ഏതാനും ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു.

മലയാളം സിനിമ വിട്ടപ്പോള്‍ തമിഴ് സീരിയലായി ശ്രദ്ധ. വിവിധ സീരിയലുകളില്‍ തുടര്‍ച്ചയായ 19 വര്‍ഷം നടി രാധികയുടെ പിതാവായി അഭിനയിച്ചു റെക്കോഡുമിട്ടു അദ്ദേഹം. കഴിഞ്ഞവര്‍ഷം വരെ തമിഴ് സീരിയലില്‍ സജീവമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW