-->
കേരള സംസ്ഥാനത്തെ അടിസ്ഥാന വികസനത്തില്‍ മുഖ്യപങ്ക് വഹിക്കാന്‍ കിഫ്ബിക്കായെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. പ്രതിസന്ധികളെ മറികടന്നാണ് കിഫ്ബി മുന്നോട്ട് പോകുന്നത്. വിഴിഞ്ഞം തുറമുഖത്തെ തുടര്‍ന്നുണ്ടാകുന്ന വികസനം പ്രയോജനപ്പെടുത്താനായി, ആയിരം കോടി രൂപ ഈ വര്‍ഷം തന്നെ കിഫ്ബി പ്രഖ്യാപിച്ചുകഴിഞ്ഞെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കാനാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) രൂപീകരിച്ചത്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബർ 11നാണ് കിഫ്ബി ആരംഭിച്ചത്. എൽഡിഎഫ് സർക്കാർ 2016ൽ അധികാരമേറ്റെടുത്തപ്പോൾ കിഫ്ബിയുടെ ചട്ടങ്ങൾ പരിഷ്ക്കരിച്ചു. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
മാതൃവകുപ്പ് ധനവകുപ്പാണെങ്കിലും മറ്റെല്ലാ വകുപ്പുകളുടെയും വികസന പദ്ധതികള്‍ ചെന്നെത്തി നില്‍ക്കുന്നത് കിഫ്ബിയുടെ ഫണ്ടിലാണ്. അതുകൊണ്ട് തന്നെ സംസ്ഥാന വികസനത്തിന്റെ അടിസ്ഥാനമെന്നാണ് ധനമന്ത്രി കിഫ്ബിയെ വിശേഷിപ്പിക്കുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി, കേന്ദ്രസഹായം വെട്ടിക്കുറക്കല്‍ തുടങ്ങി പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നു കിഫ്ബിക്ക് മുന്നില്‍. കിഫ്ബിയുടെ കരുത്തില്‍ തന്നെയാണ് നിലവില്‍ മുന്നോട്ടുള്ള വികസനങ്ങളെയും ധനവകുപ്പ് വിഭാവനം ചെയ്യുന്നത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന വിഴിഞ്ഞം–കൊല്ലം–പുനലൂര്‍ കോറിഡോറിന് ആയിരം കോടി ബജറ്റില്‍ പ്രഖ്യാപിച്ചത് ഉദാഹരണം മാത്രം. വലിയ നിക്ഷേപം വരുന്ന പദ്ധതികള്‍ ഏറ്റെടുക്കാന്‍ കിഫ്ബിക്ക് ആകുമോയെന്ന സംശയത്തിനുള്ള മറുപടി കൂടിയാണ് ഇത്തരം പദ്ധതികളെന്ന് ധനമന്ത്രി പറഞ്ഞു.
ഏകദേശം ഒരു ലക്ഷം കോടി രൂപയോളം വരുന്ന പദ്ധതികൾ അടുത്ത കാലയളവിനുള്ളിൽ പൂർത്തീകരിക്കണം എന്നാണ് കിഫ്ബി ലക്ഷ്യമിടുന്നത്. തീരദേശ ഹൈവേയും മലയോര ഹൈവേയും തീരദേശ കനാലും ഏറ്റവും വലിയ വികസന പ്രവർത്തനമായി നമ്മുടെ മുന്നിലുണ്ട്. കേരളത്തിന്റെ വികസന പദ്ധതികൾക്ക് കുതിപ്പേകിയ കിഫ്ബിയാണ് സ്‌കൂളുകളിലും ആശുപത്രികളിലും അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലമായ കൊട്ടാരക്കരയിലും കിഫ്ബിയുടെ വിവിധ പദ്ധതികൾക്കു കീഴിൽ മണ്ഡലത്തിന്റെ സമഗ്ര വികസനം പുരോഗമിക്കുകയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 67.67 കോടി രൂപയുടെ ധനസഹായമാണ് കിഫ്ബി നൽകിയിരിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള മൂന്ന് കെട്ടിടങ്ങളാണ് പുതുതായി നിര്‍മിക്കുക. ഇവയില്‍ ഒന്ന് 10 നിലയാണ്. നാല് നിലകളിലായി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, അഞ്ച് നിലയുള്ള ഡയഗനോസ്റ്റിക് ബ്ലോക്ക്, 10 നിലയുള്ള വാര്‍ഡ് ടവര്‍ എന്നിവയാണ് മറ്റുള്ളവ.
രാജ്യാന്തര നിലവാരത്തിലുള്ള മാസ്റ്റർപ്ലാൻ അനുസരിച്ചാണ് പുതിയ കെട്ടിടങ്ങളുടെ നിർമാണം. ലിഫ്റ്റുകള്‍, സാനിട്ടേഷന്‍, ഓര്‍ഗാനിക് വേസ്റ്റ് കണ്‍വേര്‍ഷന്‍, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്‍റ്, അഗ്നിശമന സംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശന കവാടം, ചുറ്റുമതില്‍, റോഡ് വേ, നടപ്പാത എന്നിവയും വികസന പദ്ധതിയുടെ ഭാഗം. ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് 67.67 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കിയത്.
കല്ലടയാറിനു കുറുകെ ചെട്ടിയാരഴികത്ത് പാലം നിർമാണത്തിനു 10.18 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് കല്ലടയാറിനു കുറുകെയുള്ള പാലമാണിത്. കൊല്ലം ജില്ലയിലെ താഴത്ത് കുളക്കടയും പത്തനംതിട്ട ജില്ലയിലെ മണ്ണടിയും ബന്ധിപ്പിച്ചാണ് എംസി റോഡിനു സമാന്തരമായുള്ള പാലം. 130 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. മണ്ണടി ഭാഗത്ത് 380 മീറ്റർ നീളത്തിലും താഴത്ത് കുളക്കട ഭാഗത്ത് 425 മീറ്റർ നീളത്തിലും അപ്രോച്ച് റോഡ്. മണ്ണടിയിലുള്ളവർക്ക് കൊട്ടാരക്കര, പുത്തൂർ ഭാഗങ്ങളിലെത്താനുള്ള എളുപ്പമാർഗമാണ് ഈ പാലം. എംസി റോഡിൽ ഗതാഗതക്കുരുക്കുണ്ടായാൽ അടൂരിൽനിന്നും ഏനാത്തുനിന്നും വഴിതിരിച്ചു വിടുന്ന വാഹനങ്ങൾക്ക് ഇതുവഴി കൊട്ടാരക്കരയിലേക്കു പോകാം.
ശാസ്താംകോട്ട കൊട്ടാരക്കര നീലേശ്വരം കോർട്ട് കോംപ്ലക്സ് റോഡിന്റെ വികസനം ഈ മണ്ഡലത്തിലെ അടിസ്ഥാനസൗകര്യ മേഖലയിൽ സുപ്രധാനമാണ്. 20.80 കോടി രൂപ കിഫ്ബി വഴി ഇതിന് അനുവദിച്ചിട്ടുണ്ട്. നെടുമങ്കാവ് ആറിനു കുറുകെയുള്ള അറക്കക്കടവ് പാലത്തിന് 10.28 കോടി രൂപയും കിഫ്ബി ധനസഹായം നൽകി.
1834ൽ കൊട്ടാരക്കരയിൽ സ്ഥാപിതമായ സ്കൂളാണ് ജിവിഎച്ച്എസ്എസ്. സ്കൂളിന്റെ വികസനത്തിന് അഞ്ച് കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. പെരുംകുളത്ത് സ്ഥിതി ചെയ്യുന്ന ജിപിവി എച്ച്എസ്എസിന്റെ വികസനവും കിഫ്ബി ഫണ്ടിന്റെ കരുത്തിൽ പുരോഗമിക്കുന്നു.