-->
തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന സുവോളജിക്കല്‍ പാര്‍ക്ക് ആഗസ്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. രണ്ടിലേറെ പതിറ്റാണ്ടു നീണ്ട ഒരു സ്വപ്‌നമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. ഇത് ഒരു മൃഗശാലയല്ല. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ചെറുജീവികള്‍ക്കും സ്വതന്ത്രമായി വിഹരിക്കാനാവുന്ന വിധത്തിലാണ് ഇത് തയ്യാറാവുന്നത്. -അദ്ദേഹം പറഞ്ഞു. നേരത്തേ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് നിലവില്‍ തൃശൂര്‍ മൃഗശാലയിലുള്ള മൃഗങ്ങളെ മാറ്റുന്നതിന് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നു.
മനുഷ്യ ‑വന്യമൃഗ സംഘര്‍ഷം പരിഹരിക്കുന്നതിനായി കിഫ്ബി സഹായത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. വനംവകുപ്പിന്റെ സ്വപ്‌ന പദ്ധതിയാണ് സുവോളജിക്കല്‍ പാര്‍ക്കെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യയ്ക്ക് തന്നെ മാതൃകയാവുന്ന വിധത്തിലാണ് സുവോളജിക്കല്‍ പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നത്. ഇത് നിര്‍മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ആഗസ്ത് ഒടുവില്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷ.
331 കോടി രൂപയാണ് പദ്ധതിക്കായി കിഫ്ബി നല്‍കിയത്. തികച്ചും നൂതനമായ സങ്കല്‍പ്പമാണ് സുവോളജിക്കല്‍ പാര്‍ക്ക്. ഇത് ഒരു മൃഗശാലയല്ല. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ചെറുജീവികള്‍ക്കും സ്വതന്ത്രമായി വിഹരിക്കാനാവുന്ന വിധത്തിലാണ് ഇത് തയ്യാറാവുന്നതെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ മാറ്റം വിതയ്ക്കുന്ന മനുഷ്യ‑വന്യമൃഗ സംഘര്‍ഷം തടയുന്നതിന് വനസമിതികള്‍ രൂപീകരിച്ച് പഞ്ചായത്തുകളുടെ സഹായത്തോടെയായിരിക്കും പ്രത്യേക പദ്ധതി നടപ്പാക്കുക. അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിക്കുന്നതിനനുസരിച്ച് മൃഗങ്ങള്‍ കൂടുതലായി നാട്ടിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതി തയ്യാറാക്കിയത്. ഇതിന് കിഫ്ബിയുമായി ധാരണയായിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകളെയും ജനപ്രതിനിധികെളയും ഒപ്പം ചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്. വനസംരക്ഷണ സമിതികളിലൂടെയായിരിക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. കിഫ്ബി സഹായത്തോടെ വനം വകുപ്പില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടപ്പിലാക്കിയത്.
പാലക്കാട് ഫോറസ്റ്റ് ഡിവിഷനിലെ ധോണി മുതൽ മീൻവല്ലം വരെ സ്ഥാപിച്ചിരിക്കുന്ന ആന പ്രതിരോധ മതിൽ സംഘർഷം ലഘൂകരിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. 270 മീറ്ററിലുള്ള ആന പ്രതിരോധ മതിലിനു പുറമെ ജനവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ ഇറങ്ങിയതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചാല്‍ അടിയന്തിര ഇടപെടല്‍ നടത്താനും വന്യമൃഗങ്ങളെ കാട്ടിലേക്ക് തന്നെ തുരത്താനും ദ്രുതകര്‍മ്മ സേനയും സജ്ജമാണ്. കിഫ്ബി ഫണ്ടുപയോഗിച്ചാണ് മതിൽ നിർമിച്ചിരിക്കുന്നത്.
വയനാട് സുൽത്താൻ ബത്തേരിയിൽ കുറിച്യാട് ഫോറസ്റ്റ് റേഞ്ചിൽ പുത്തൻവീട് മുതൽ കണ്ണമൂല വരെ നിർമിച്ചിരിക്കുന്ന ആനപ്രതിരോധ മതിൽആനകൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കിഫ്ബി ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് ഈ മതിലിന്റെ നിർമാണം പൂർത്തിയാക്കിയത്.
വന്യമൃഗങ്ങളെ ജനവാസ മേഖലയിലേക്ക് കയറുന്നതിൽ നിന്ന് തടയുന്നതിനായി കാടിന്‍റെ അതിർത്തികളിലും റോഡിനോടു ചേർന്നുമാണ് ആനപ്രതിരോധ മതിലുകൾ നിർമിക്കുന്നത്. മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിരവധി പദ്ധതികളിൽ ഒന്നാണ് ആനപ്രതിരോധ മതിലുകൾ എന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നു.
മനുഷ്യ- വന്യമൃഗ സംഘര്‍ഷം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത വേലിക്കായി 110 കോടി രൂപ കിഫ്ബി നല്‍കിയിട്ടുണ്ട്. പൊതുജനപങ്കാളിത്തത്തോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി 67 കോടിയുടെ പദ്ധതിയുമുണ്ട്. തിരുവനന്തപുരം കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിനായി 82 കോടിയുടെ പദ്ധതിക്കും അംഗീകാരമായി. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിതെളിയിച്ച കിഫ്ബിക്ക് ഇക്കഴിഞ്ഞ നവംബര്‍ 11‑ന് 25 വയസ്സ് തികഞ്ഞിരിക്കുകയാണ്.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബി എന്ന സ്വപ്നത്തിന് 1999‑ല്‍ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് വിത്ത് പാകുന്നത്. 2016‑ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് പ്രാബല്യത്തില്‍ വന്നു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കും ധനസെക്രട്ടറിയായിരുന്ന കെ എം ഏബ്രഹാമും ചേര്‍ന്നാണ് കിഫ്ബി പുതുക്കിപ്പണിത് നിയമം പൊളിച്ചെഴുതിയത്. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ നിയമസഭയില്‍ കിഫ്ബി നിയമം പാസാക്കുകയായിരുന്നു. ഇതോടെയാണ് അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടിയുടെ വികസനം എന്ന ലക്ഷ്യവുമായി കിഫ്ബി ഉയര്‍ന്നുവന്നത്.
ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂര്‍ കിഫ്ബി ഫണ്ടിന്റെ സഹായത്തോടെ വികസന പാതയിലാണ്. റോഡുകള്‍ക്കും പാലങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കിഫ്ബി ഫണ്ട് ഏറ്റവുമധികം ഉപയോഗിച്ചത്.