-->
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ആശാവര്‍ക്കര്‍മാരുമായി വീണ്ടും ചര്‍ച്ചയുമായി സര്‍ക്കാര്‍. ആശമാരുമായി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും. എന്നാല്‍ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാതെ സമരം നിര്‍ത്തില്ലെന്ന് ആശാമാര്‍ വ്യക്തമാക്കി. വ്യക്തതയുള്ള ഉത്തരവ് കിട്ടിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ആശമാര്‍.
ഇന്ന് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചര്‍ച്ച.ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയിലേക്ക് സിഐടിയു, ഐഎന്‍ടിയുസി നേതാക്കളെയും വിളിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ആശമാരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ആദ്യ രണ്ടു ചര്‍ച്ചകളും അലസിപ്പിരിഞ്ഞിരുന്നു. കേന്ദ്രമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ആശാവര്‍ക്കര്‍മാരുടെ വിഷയവും ചര്‍ച്ചയായെന്നും ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം കേന്ദ്രം പരിഗണിക്കുമെന്ന് നദ്ദ വ്യക്തമാക്കിയെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു.
ആശ വര്‍ക്കര്‍മാരെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതുള്‍പ്പടെ സംസാരിച്ചു. ഇന്‍സെന്റീവ് ഉയര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ പരിഗണണനയിലാണെന്ന് പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. രാപ്പകല്‍ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാംവട്ട ചര്‍ച്ച. ആശമാരുടെ നിരാഹാര സമരം ഇന്ന് 15ആം ദിവസമാണ്. സമരം ഇത്ര ദിവസങ്ങള്‍ പിന്നിട്ടിട്ടും അയയാതെ നില്‍ക്കുകയായിരുന്നു സര്‍ക്കാര്‍. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അനിശ്ചിതകാല നിരാഹാരം തുടരുന്ന ആശമാര്‍ കഴിഞ്ഞ ദിവസം തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചിരുന്നു.
ഓണറേറിയം കൂട്ടുന്നതും വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്. അതേസമയം, എറണാകുളം ജില്ലയില്‍ യുഡിഎഫ് ഭരിക്കുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആശ വര്‍ക്കര്‍മാര്‍ക്ക് വേതനം കൂട്ടാന്‍ തീരുമാനിച്ചു. 2000 രൂപ വീതം കൂട്ടാനാണ് തീരുമാനം.
ജില്ലയിലെ യുഡിഎഫ് ഭരിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഈ തീരുമാനം നടപ്പാക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. ജില്ലയിലെ 48 പഞ്ചായത്തുകളിലും 8 മുന്‍സിപ്പാലിറ്റികളിലും തീരുമാനം നടപ്പാക്കും.