-->
ബോളിവുഡിന് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ബിഗ് സ്ക്രീന്‍ താരങ്ങളുടെ കെമിസ്ട്രി റിയല്‍ ജീവിതത്തിലേക്കും കടന്നപ്പോള്‍ പ്രേക്ഷകര്‍ ആവേശത്തോടെയത് ഏറ്റെടുത്തു. ആരും കൊതിക്കുന്ന ദാമ്പത്യത്തില്‍ ആരാധ്യ എന്ന മകള്‍ കൂടി വന്നപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചു. എന്നാല്‍ അടുത്തിടെ ഇവര്‍ പിരിയാനൊരുങ്ങുന്നു എന്ന അഭ്യൂഹം പരന്നിരുന്നു.
പക്ഷേ ആ വാര്‍ത്തകള്‍ കാറ്റില്‍പറത്തി ബന്ധുവിന്റെ കല്യാണത്തില്‍ അടിച്ചുപൊളിക്കുകയാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മകള്‍ ആരാധ്യക്കൊപ്പം ഇരുവരും കല്യാണച്ചടങ്ങുകള്‍ ആഘോഷമാക്കുന്നതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഇപ്പോഴിതാ ഐശ്വര്യയും അഭിഷേകും എക്കാലത്തെയും സൂപ്പർഹിറ്റ് ഡാൻസ് നമ്പറിന് മകള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന ഐശ്വര്യയും അഭിഷേകുമാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
ഐശ്വര്യയും അഭിഷേകും അമിതാഭും ഒന്നിച്ച് ചുവടുവയ്ക്കുന്ന ഗാനത്തിലെ ഹൂക്ക് സ്റ്റെപ്പ് ഇന്നും ഹിറ്റാണ്. വൈറലാകുന്ന വീഡിയോയില്‍ ഈ ഹൂക്ക് സ്റ്റെപ്പ് തന്നെയാണ് ഐശ്വര്യയും അഭിഷേകും ഒപ്പം ആരാധ്യയും കളിക്കുന്നത്. വിവാഹ ആഘോഷത്തിന്റെ ഭാഗമായ പരിപാടിയില്‍ കല്യാണപ്പെണ്ണും ചെക്കനും വേദിയില്‍ നൃത്തംചെയ്യുന്നതിനിടെ പാട്ടില്‍ ഈ ഭാഗമെത്തുമ്പോള്‍ ഇരുവരും ചേർന്ന് ഐശ്വര്യയേയും അഭിഷേകിനേയും മകള്‍ ആരാധ്യയേയും വേദിയിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത് വീഡിയോയില്‍ കാണാം. വേദിയില്‍ എത്തിയ ഐശ്വര്യയും അഭിഷേകും തങ്ങളുടെ ഐക്കോണിക് സ്റ്റെപ്പ് മകള്‍ക്കൊപ്പം ആഘോഷമാക്കി വേദിയില്‍ ആടിത്തിമിര്‍ത്തു.
ബൻടി ഓർ ബബ്ലി എന്ന ഹിറ്റ് ചിത്രത്തില്‍ ഐശ്വര്യയും അഭിഷേകും ചാർട്ട്ബസ്റ്റർ ഹിറ്റാക്കി മാറ്റിയതാണ് ‘കജ്രാ രേ... കജ്രാ രേ, തേരെ കാരെ കാരെ നെയ്‌നാ....’ എന്ന പാട്ടാണ്. റാണി മുഖർജിയും അഭിഷേകും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തില്‍ ഈ ഗാനരംഗത്തില്‍ മാത്രമാണ് ഐശ്വര്യ എത്തുന്നത്. ഐശ്വര്യ മാത്രമല്ല, ബിഗ് ബി അമിതാഭ് ബച്ചനും ഈ ഗാനത്തിലുണ്ട് എന്നതായിരുന്നു പാട്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
ഷാദ് അലി സെഹ്ഗളിന്റെ സംവിധാനത്തില്‍ 2005 മെയില്‍ റിലീസായ ചിത്രമാണ് ബൻടി ഓർ ബബ്ലി. സൂപ്പർഹിറ്റായിരുന്ന ചിത്രത്തിലെ ഗാനങ്ങളും ബ്ലോക്ബസ്റ്ററുകളായിരുന്നു. ശങ്കർ-ഇഷാൻ-ലോയ് ടീമിന്റെ സംഗീതത്തില്‍ അലീഷ ചിനായ്, ശങ്കർ മഹാദേവൻ, ജാവേദ് അലി എന്നിവർ ചേർന്നാണ് ‘കജ്രാരേ...’ എന്ന സൂപ്പർഹിറ്റ് ഗാനം പാടിയത്. ഗുല്‍സാറിന്റേതാണ് വരികള്‍. ഇന്നും ഗാനമേളവേദികളെയും നൃത്തവേദികളെയും ആവേശംകൊള്ളിക്കുന്ന ഗാനമാണിത്.
മണി രത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘പൊന്നിയിൻ സെല്‍വൻ-2’ ആണ് ഐശ്വര്യയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഷൂജിത് സിർകാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ഐ വാണ്ട് ടു ടോക്ക്’ എന്ന ചിത്രമാണ് അഭിഷേകിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. തരുണ്‍ മൻസുഖാനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഹൗസ്ഫുള്‍-5’ ആണ് അഭിഷേകിന്റെ അടുത്ത റിലീസിന് തയ്യാറെടുക്കുന്ന സിനിമ.