Thursday, March 19, 2026 Last Updated 6 Min 9 Sec ago English Edition
Todays E paper
Ads by Google
സനില്‍ അടൂര്‍
Wednesday 02 Apr 2025 08.55 AM

മെമുവിനും വേണാടിലെ തിരക്കിനെ കുറയ്ക്കാന്‍ സാധിക്കുന്നില്ല ; കായംകുളം എത്തും മുമ്പേ ബോഗികള്‍ നിറയും; ബാത്ത്റൂമിന് മുന്നില്‍ വരെ ജനക്കൂട്ടം

uploads/news/2025/04/773548/venad.jpg

അടൂര്‍: പുതിയതായി തുടങ്ങിയ മെമുവിനും വേണാടിലെ തിരക്കിനെ കുറയ്ക്കാന്‍ സാധിക്കുന്നില്ല. കായംകുളം എത്തും മുമ്പേ മെമുവിലെ ബോഗികളെല്ലാം നിറയും. പിന്നീടുള്ള സ്‌റ്റേഷനില്‍നിന്നുള്ള യാത്രക്കാര്‍ വേണാടിലേക്ക് മാറിക്കയറും. നില്‍ക്കാനിടമില്ലാത്ത വിധമാണു വേണാടിലെ തിരക്ക്. യാത്രക്കാര്‍ വലയുകയാണ്. ടോയ്‌ലറ്റുകളുടെ മുന്നിലും വാതില്‍ ഭാഗത്തുമെല്ലാം യാത്രക്കാര്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം.

തിരുവനന്തപുരത്തുനിന്നും ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തുന്ന വേണാട് ഓഫീസ് സമയത്ത് എറണാകുളത്ത് എത്തുന്നതിനാല്‍ തിരുവനന്തപുരം മുതല്‍ തൃപ്പൂണിത്തുറ, എറണാകുളം വരെ വലിയ തിരക്കാണ്. തിരുവനന്തപുരത്തിനും കോട്ടയത്തിനുമിടയില്‍ കയറുന്നവരില്‍ കൂടുതല്‍ പേരും എറണാകുളത്ത് വിവിധയിടങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഇവരില്‍ പലരും തൃപ്പൂണിത്തുറയില്‍ ഇറങ്ങി മെട്രോയില്‍ കയറി ജോലിസ്ഥലങ്ങളിലേക്ക് പോകുന്നു.

പാലരുവിയുടെ സമയം നേരത്തെയാക്കിയത് പുതിയ മെമുവിലെ തിരക്കിനും കാരണമായിട്ടുണ്ട്. എറണാകുളത്തേക്കുള്ള വേണാടിന്റെ പുതിയ സമയക്രമം ഏറെ അനുകൂലമായതും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നു. രാവിലെ 9.40 ന് മുമ്പ് എല്ലാ ദിവസവും എറണാകുളത്ത് എത്തുന്നുണ്ട്. ഒരു കാലത്ത് വൈകിയോടിയിരുന്ന വേണാട് കൃത്യസമയം പാലിക്കുന്നതുമൂലം കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കാന്‍ തുടങ്ങി. മെട്രോയുടെ വരവോടെ വേണാടില്‍ തൃപ്പൂണിത്തുറയില്‍ ഇറങ്ങുന്ന ഏതൊരാള്‍ക്കും നഗരത്തിന്റെ മുക്കിലും മൂലയിലും 10 ന് മുമ്പ് എത്താന്‍ കഴിയുന്നുണ്ട്.

ബസ് ചാര്‍ജിലെ വര്‍ധന ട്രെയിന്‍ ആശ്രയിക്കാന്‍ മറ്റൊരു കാരണമായി. കോട്ടയത്തുനിന്ന് 65 രൂപ മുടക്കി ബസില്‍ യാത്ര ചെയ്യുന്ന ഒരാളെ സംബന്ധിച്ച് 270 രൂപ മാത്രമാണ് ട്രെയിനില്‍ ഒരു മാസം ഇരുദിശയിലേയ്ക്കും ആകെ ചെലവ് വരുന്നത്. കൂടാതെ 8.24 ന് കോട്ടയത്തുനിന്നുള്ള വേണാടില്‍ കയറുന്ന ഒരാള്‍ക്ക് 9.30 ന് എറണാകുളത്തെ ഓഫീസില്‍ എത്താന്‍ സാധിക്കും. രണ്ടു മണിക്കൂറിലേറെ ബസ് യാത്രയ്ക്ക് ആവശ്യമായി വരുന്നതും കൂടുതല്‍ പേര്‍ മാറി ചിന്തിക്കാന്‍ കാരണമായി. ഓഫീസ് സമയങ്ങളില്‍ അരമണിക്കൂര്‍ ഇടവിട്ട് രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ച് കൂടുതല്‍ മെമു ട്രെയിന്‍ അനുവദിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.

ട്രെയിനുകള്‍ക്കിടയിലുള്ള നീണ്ട ഇടവേളയാണ് പലപ്പോഴും അനിയന്ത്രിതമായ തിരക്ക് സൃഷ്ടിക്കുന്നത്. രാവിലെത്തെ പാലരുവിക്കും സ്‌പെഷല്‍ മെമുവിനും ഇടയില്‍ ഒന്നേകാല്‍ മണിക്കൂറിന്റെ ഇടവേളയാണുള്ളത്. സ്‌റ്റേഷന്‍ നവീകരണം പൂര്‍ത്തിയായിട്ടും കോട്ടയത്തിന് കാര്യമായ നേട്ടമൊന്നും പങ്കുവയ്ക്കാനില്ല. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് മെമുവിനുവേണ്ടിമാത്രം പൂര്‍ത്തീകരിച്ച 1 എ പ്ലാറ്റ്‌ഫോം ഉപയോഗശൂന്യമായി കിടക്കുകയാണ്. കോട്ടയത്തുനിന്ന് ഒരു സര്‍വീസ് ആരംഭിച്ചാല്‍ വേണാടിലെ തിരക്കിന് അല്‍പം ശമനമാകും.

തിരുവനന്തപുരത്ത് നിന്ന് തൃപ്പൂണിത്തുറയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മറ്റൊരു ബദല്‍ മാര്‍ഗമില്ല. കായംകുളം, കോട്ടയം എന്നിവിടങ്ങളില്‍ നിന്ന് പുതിയ സര്‍വീസുകള്‍ പരിഗണിച്ചാല്‍ വേണാടിലെ വന്‍ തിരക്ക് കുറയ്ക്കാതാകും. പുലര്‍ച്ചെ 5.25 ന് പുറപ്പെട്ടിരുന്ന വേണാട് ജനുവരി ഒന്നിന് ശേഷം അഞ്ചു മിനിറ്റ് നേരത്തെ തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്നത് യാത്രക്കാര്‍ക്ക് ഗുണകരമായി.

Ads by Google
സനില്‍ അടൂര്‍
Wednesday 02 Apr 2025 08.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW