Friday, March 13, 2026 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
കെ. മനോജ്
കെ. മനോജ്
Monday 31 Mar 2025 01.27 PM

ഇന്ന് അശ്വതി പൂജ; നിയോഗത്തിന്റെ 24-ാം വര്‍ഷത്തില്‍ രവീന്ദ്രനാഥ അടികള്‍

ഇരുപത്തിനാലാമത്തെ വർഷവും നിയോഗമായി അശ്വതി പൂജ നിർവ്വഹിക്കാനൊരുങ്ങും മുമ്പ് ഗുരുവായൂർ കുരഞ്ഞിയൂരിലെ മഠത്തിൽ തറവാട്ടിലിരുന്ന് തന്റെ ജീവിതത്താളുകളിലൂടെ ഒന്നു കണ്ണോടിക്കുകയാണ് കൊടുങ്ങല്ലൂരിലെ മേൽശാന്തി രവീന്ദ്രനാഥ അടികൾ .
uploads/news/2025/03/773186/raveendranadha-adikal.jpg

നിയോഗങ്ങൾ ഓരോന്നായി സംഭവിക്കുന്നു. വീണ്ടും അതു തന്നെ ആവർത്തിക്കുന്നു. എല്ലാം അപൂർണ്ണമാണ്; ഈശ്വരനൊഴികെയെല്ലാം. അങ്ങിനെ പറയുന്നതാകും ശരി. ഇതു തന്നെയാണ് തന്റെ ജീവിതത്തിലെ സത്യവും തുടർച്ചയും. ഇരുപത്തിനാലാമത്തെ വർഷവും നിയോഗമായി അശ്വതി പൂജ നിർവ്വഹിക്കാനൊരുങ്ങും മുമ്പ് ഗുരുവായൂർ കുരഞ്ഞിയൂരിലെ മഠത്തിൽ തറവാട്ടിലിരുന്ന് തന്റെ ജീവിതത്താളുകളിലൂടെ ഒന്നു കണ്ണോടിക്കുകയാണ് കൊടുങ്ങല്ലൂരിലെ മേൽശാന്തി രവീന്ദ്രനാഥ അടികൾ .

? ഇന്ന് അശ്വതി പൂജയാണല്ലോ. വിശേഷാൽ പൂജാപ്രത്യേകതകളെക്കുറിച്ച് കൊടുങ്ങല്ലൂർ ഭക്തരായ വായനക്കാർക്കെന്തെങ്കിലും ..

ഇത് രണ്ടു മഠത്തിലെ കാരണവൻമാരായ മേൽശാന്തിമാർ മാത്രമിരുന്ന് അടച്ചിട്ട ശ്രീകോവിലിനകത്ത് ചെയ്യുന്ന പൂജയാണ്. എനിക്ക് പുറമെ മേൽശാന്തിയായ കുന്നത്തുമഠത്തിൽ പരമേശ്വര അടികളും പൂജയ്ക്കായുണ്ടാകും. പൂജകഴിഞ്ഞ് പട്ടു കുട നിവർത്തുന്നത് വരെ ക്ഷേത്ര പരിസരത്ത് ഭക്തർക്കു പോലും പ്രവേശനം നിഷിദ്ധമാണ്. ഈ വേളയിൽ ക്ഷേത്രാന്തരീക്ഷം പൂർണ നിശബ്ദതയിലാകും.

ആടയാഭരണങ്ങളില്ലാതെനിൽക്കുന്ന ദേവിക്കാണ് പൂജ കഴിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്... അന്ന് പൂജയ്ക്കെടുക്കുന്ന ഒരു പാത്രങ്ങളും മറ്റു പൂജകൾക്ക് പിന്നീട് ഉപയോഗിക്കാറില്ല. പിന്നെ പൂജയ്ക്കായി ഒരു പാട് മുന്നൊരുക്കങ്ങളും വേണ്ടതുണ്ട്. ഏഴ് ദിവസത്തെ കഠിന വ്രതശേഷമേ ശ്രീകോവിലിൽ പ്രവേശിക്കാറുള്ളൂ. അതിൽ ഒരു ദിവസം പൂർണ ശുദ്ധോപവാസമാകും. അത് അശ്വതിത്തലേനാളായ രേവതി നക്ഷത്രത്തിലാകും പതിവ്. അടച്ചിട്ട ശ്രീകോവിലിനകത്ത് വായു സഞ്ചാരം പോലും കുറഞ്ഞ വേളയിൽ നാലു മണിക്കൂറേളം അശ്വതി പൂജ നീണ്ടു നിൽക്കുന്നു. ഇവിടെ ഒരു ദീപം പോലും കെടാതെ നിറഞ്ഞു കത്തുന്ന പശ്ചാത്തലം അസാങ്കൽപികമായി തോന്നിയേക്കാം.പക്ഷെ യാഥാർത്ഥ്യം അടുത്തറിയുന്നവർക്ക് പറയാതെ വയ്യല്ലോ. "ശക്തി വിശേഷങ്ങളെ വർണിക്കാതെ വയ്യ ". കൊടും മീനച്ചൂടിൽ നമ്മൾപോലുമറിയാതെ കടന്നു പോകുന്ന നാലു മണിക്കൂറിനെക്കുറിച്ച് പുറത്തിറങ്ങിയാൽ പലപ്പോഴും അത്ഭുതം കൂറാറുണ്ട്.

നിഗൂഢ മന്ത്രങ്ങളെക്കുറിച്ചും പൂജയെക്കുറിച്ചും ഒന്നും പറയുന്നില്ല. അത് വെളിപ്പെടുത്തിയാൽ അതിൻ്റെ പരിപാവനത്വം നഷടപ്പെട്ടേക്കുമെന്നാണ് ഉപദേശിച്ചു തന്നവർ കൈമാറുന്ന സന്ദേശം. അതിനാൽ അതൊഴിവാക്കട്ടെ. അശ്വതി പൂജാ ദിനത്തിലെ കാവുതീണ്ടൽ കൂടി പിന്നിട്ടാൽ 7 ദിവസം വരെ ഭക്തർക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശന മുണ്ടാകാറില്ല. എന്നാൽ എല്ലാ ദിവസവും ഓരോ യാമങ്ങളിലായി ക്ഷേത്രത്തിനകത്ത് പൂജയുണ്ടാകും.

അശ്വതി പൂജചെയ്യാൻ അവകാശം എങ്ങിനെയാണ് കൈവരുന്നത്?

ഇത് പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണ്. എന്റെ 24-ാം വർഷമാണിത്. പൂജാവിധികൾ ഞാൻ മറ്റൊരാൾക്ക് (അടികളുടെ കുടുംബത്തിലെ അടുത്ത കാരണവർക്ക്) കൈമാറേണ്ടിയിരിക്കുന്നു. നിർവ്വാഹമില്ലാത്ത വേളകൾ ജീവിതത്തിൽ ആർക്കും കടന്നെത്തുമല്ലോ.

? കൗള മാർഗം അല്ലാത്ത മറ്റ് ക്ഷേത്രങ്ങളിൽ പോകാറുണ്ടോ?

അതിന് കൊടുങ്ങല്ലൂരിൽ വർഷത്തിലെ ഒരു ദിവസം മാത്രമേ കൗള മാർഗമുള്ളൂ . മറ്റെല്ലാ ദിനങ്ങളിലും ഉത്തമ പൂജകളാണ് നടക്കുക.
ഞാൻ ഗുരുവായൂരപ്പന്റെ കൂടി ഭക്തനാണ്. എന്റെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഈ സന്നിധിയിൽനിന്നാകും. നിത്യേന പുലരുമ്പോൾ രുദ്ര തീർത്ഥത്തിൽ കുളിച്ച് തൊഴുകയെന്നത് വർഷങ്ങളായി തുടർന്നു വരുന്ന ചിട്ടയാണ്. അവിടെ നിന്ന് തീർത്ഥവും ആടിയ എണ്ണയും സേവിച്ച ശേഷമേ അന്നത്തെ ജലപാനം പോലും തുടങ്ങൂ.

ഈ അടികൾ എന്ന പേരു വരാൻ കാരണം.?

പട്ടാമ്പിക്കടുത്തുള്ള കൊടിക്കുന്നാണ് അടികളുടെ ആസ്ഥാനം: അവിടെയാണ് അടികൾ എന്ന് പറയുന്ന ഒരു വിഭാഗം ജന്മം കൊള്ളുന്നതെന്നോ അല്ലെങ്കിൽ ആവിർഭവിക്കുന്നതെന്നോ പറയാം. പിന്നീട് അവിടെ നിന്ന് ഗുരുവായൂരിനടുത്ത കുരങ്ങിയൂർ എന്ന സ്ഥലത്തേക്ക് മാറിപ്പാർക്കപ്പെട്ടു. മല്ലാട് മുതൽ ആലപ്പാലം വരെ പരന്നു കിടക്കുന്ന പ്രദേശം അടികൾക്ക് സമ്മാനിച്ച് അന്നത്തെ നാടുവാഴി കുന്നത്ത് മൂസാണ് ഇവിടേക്ക് കൊണ്ടു വരുന്നത്. ഇതാണ് ചരിത്രം. അക്കാലത്ത് കുറച്ചു ക്ഷേത്രങ്ങളും സമ്മാനിക്കപ്പെട്ടിരുന്നു.

അങ്ങിനെ സമർപ്പിക്കപ്പെട്ട ക്ഷേത്രങ്ങളാണ് കൊടുങ്ങല്ലൂർ, കുരഞ്ഞിയൂർ ചെട്ട്യാലക്കൽ, കൊടികുന്നത്ത് കാവ് എന്നിവ ''.. അടികൾ വിഭാഗത്തിലെ മൂന്ന് കുടുംബങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ അവകാശികൾ. മരുമക്കത്തായമാണ് അടികളുടെ സമ്പ്രദായം. അഗ്നിഹോത്രികളുടെ പരമ്പരകളായാണ് അടികൾ അറിയപ്പെടുന്നത്. പഴയകാലത്ത് പൂജാദികർമ്മങ്ങൾ ചെയ്യുമ്പോൾ ഒരു പൂജയ്ക്ക് ഇളനീരിൻ്റെ അടിവെട്ടി നീരെടുത്ത് പൂജാരികൾ അഭിഷേകം ചെയ്തുവത്രെ... അഗ്നിഹോത്രി അതോടെ ആ കുടുംബത്തിന് ഭ്രഷ്ട് കൽപ്പിച്ചുവെന്നും ഐതിഹ്യമുണ്ട്. അടിവെട്ടി അഭിഷേകം ചെയ്തവർ അങ്ങനെ അടികളായി അറിയപ്പെട്ടു വെന്നാണ് ചരിത്രം

നിത്യേന കൊടുങ്ങല്ലൂരിൽ പോകാറുണ്ടോ?

കൊടുങ്ങല്ലൂരിൽ നിത്യവും സാന്നിധ്യം വേണമെന്നില്ല. ഉണ്ടെങ്കിൽ പൂജ കഴിക്കാം വിരോധവുമില്ല.15 ദിവസമാണ് മoത്തിൽ തറവാട്ടുകാരായ ഞങ്ങളുടെ അവകാശം. അതും താവഴിയിലെ ആരെങ്കിലും പൂജ നടത്തിയാൽ മതി. 8 ദിവസം തെക്കെ കുന്നത്ത് തറവാടിനും ഏഴ് ദിവസം വടക്കേ കുന്നത്തുകാർക്കും അവകാശം പകുത്ത് നൽകപ്പെട്ടിട്ടുണ്ട്. അങ്ങിനെയാണെങ്കിലും അശ്വതി പൂജയ്ക്ക് നിർബന്ധമായും കാരണവർമാർ തന്നെ വേണമെന്ന് നിർബന്ധമുണ്ട്.

കൊടുങ്ങല്ലൂരിൽ നിത്യേന പോകാൻ അവസരമുണ്ടെങ്കിലും അവിടുത്തെ ആവശ്യകതയ്ക്കനുസരിച്ചാകും പലപ്പോഴും യാത്ര...
ചെറുപ്പ കാലത്ത് "കൊടുങ്ങല്ലൂർയാത്ര" ഏറെ പ്രയാസമായിരുന്നു. ചേറ്റുവയിൽ പോയി ചങ്ങാടം കടക്കണം.എന്നാൽ മുമ്പുള്ളവർ കനോലി കനാൽ വഴി യാത്ര ചെയ്തായിരുന്നു കൊടുങ്ങല്ലൂരിലെത്തിപ്പെട്ടിരുന്നത്.

ഇന്ന് കാർ മുറ്റത്തുണ്ട്. സൗകര്യങ്ങളിൽ ഒട്ടും കുറവില്ല...' ഒരു പാട് ത്യാഗം സഹിച്ച നാളുകൾക്ക് പിന്നാലെ ദേവി തന്ന കടാക്ഷമായി അതിനെ കരുതുന്നു.
കൊടുങ്ങല്ലൂരിലമ്മ എനിക്ക് ദാനം തന്നതാണ് ഇന്നത്തെ ജീവിതം. അത് ധന്യമായി തുടരുന്നുണ്ട്. ഏറെ സംതൃപ്തനാണ്. ഈ ജീവിതത്തിൽ ഇതിൽ കൂടുതലെന്താ പറയാൻ!

Ads by Google
കെ. മനോജ്
കെ. മനോജ്
Monday 31 Mar 2025 01.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW