Thursday, March 12, 2026 Last Updated 9 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 10.10 AM

നികുതി കുടിശിക ചോദിച്ച് വില്ലേജ് ഓഫീസറുടെ പ്രകോപനം ; ഓഫീസില്‍ കയറി വെട്ടുമെന്ന് ഭീഷണിമുഴക്കി സി.പി.എം. ഏരിയാസെക്രട്ടറിയുടെ പ്രതികരണം

uploads/news/2025/03/772355/cpm.gif

പത്തനംതിട്ട: പുതിയ വീട് നിര്‍മിച്ചതിന്റെ ഒറ്റത്തവണ നികുതി കുടിശിക ചോദിച്ച് വിളിച്ച വില്ലേജ് ഓഫീസറുടെ പ്രകോപനത്തിന് പിന്നാലെ ഓഫീസില്‍ കയറി വെട്ടുമെന്ന് സി.പി.എം ഏരിയാ സെക്രട്ടറിയുടെ ഭീഷണി. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സി.പി.എം വെട്ടിലായി. നാരങ്ങാനം വില്ലേജ് ഓഫീസര്‍ മാവേലിക്കര സ്വദേശി ജോര്‍ജ് ജോസഫിനോടാണ് ഓഫീസില്‍ കയറി വെട്ടുമെന്ന് അസഭ്യത്തിന്റെ അകമ്പടിയോടെ സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ചു പ്രതികരിച്ചത്.

സഞ്ചു നാരങ്ങാനം സ്വദേശിയാണ്. പുതിയ വീട് വച്ച വകയില്‍ വില്ലേജ് ഓഫീസില്‍ നിന്നുളള അസസ്‌മെന്റ് പ്രകാരം 8000 രൂപ ഒറ്റത്തവണ നികുതി സഞ്ചുവിന് നിശ്ചയിച്ച് നല്‍കിയിരുന്നു. 2022 ല്‍ നിശ്ചയിച്ച തുക അടയ്ക്കാതെ കുടിശികയായി. നാരങ്ങാനം വില്ലേജില്‍ പുതുതായി ചുമതലയേറ്റ ഓഫീസര്‍ ഈ തുക അടയ്ക്കുന്നതിന് വേണ്ടി ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് സഞ്ചുവിനെ വിളിച്ചത്. നികുതി അടയ്ക്കുന്നത് സംബന്ധിച്ച ഓഫീസറുടെ സംഭാഷണ ശൈലിയില്‍ പ്രകോപിതനായ സഞ്ചു കുടിശിക അടച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്ന് ആരാഞ്ഞു.

നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞപ്പോഴാണ് നിന്നെ ഓഫീസില്‍ കയറി വെട്ടുമെന്ന് ഭീഷണി മുഴക്കിയത്. ഇതിന്റെ ശബ്ദരേഖ റവന്യൂ വകുപ്പിലെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചു. അതേ സമയം, വില്ലേജ് ഓഫീസര്‍ തന്നെ വിളിച്ച് പ്രകോപിപ്പിക്കുകയായിരുന്നുവെന്നും അതിരു വിട്ടപ്പോഴാണ് അങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നും എം.വി. സഞ്ചു 'മംഗള'ത്തോട് പറഞ്ഞു. 8000 രൂപ മാത്രമാണ് കുടിശികയുള്ളത്. അടയ്ക്കാന്‍ വിട്ടുപോയതാണ്. വില്ലേജ് ഓഫീസര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ഒട്ടും മര്യാദയില്ലാതെയാണ് സംസാരിച്ചത്.

അതിരു കടന്നപ്പോള്‍ താനും അതിരു വിട്ട് പ്രതികരിച്ചു പോയതാണെന്നും സഞ്ചു പറഞ്ഞു. വിളിച്ച സംഭാഷണം എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്നും സഞ്ചു പറഞ്ഞു. സംഭവം ഡെപ്യൂട്ടി തഹസില്‍ദാറെ അറിയിച്ചിട്ടുണ്ടെന്നും ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു. സി.പി.എം. ഏരിയ സെക്രട്ടറി വീടിന്റെ കെട്ടിട നികുതിയായി വില്ലേജ് ഓഫീസില്‍ അടയ്ക്കാനുള്ളത് 9360 രൂപ. 2022ല്‍ 2825 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മ്മിച്ചതിന്റെ ഒറ്റത്തവണ നികുതി നാല് ഗഡുക്കളായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു. 2023 സെപ്റ്റംബര്‍, ഡിസംബര്‍, 2024 മാര്‍ച്ച്, മെയ് മാസങ്ങളിലായി അടച്ചു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഇതിനകം പല തവണ വില്ലേജ് ഓഫീസില്‍ നിന്ന് സഞ്ജുവിന് കത്തയക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു.

നികുതി കര്‍ശനമായി പരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പണം അടയ്ക്കാനുള്ളവരുടെ പട്ടിക കഴിഞ്ഞ ദിവസം ഡെപ്യൂട്ടി തഹസില്‍ദാര്‍ വില്ലേജ് ഓഫീസര്‍ക്ക് നല്‍കി. ഇതിനു പിന്നാലെയാണ് ഏരിയ സെക്രട്ടറിയെ വിളിച്ചത്.-വില്ലേജ് ഓഫീസര്‍ പറഞ്ഞു. അതിനിടെ, അങ്ങാടിക്കല്‍ വില്ലേജ് ഓഫീസറായിരിക്കുമ്പോള്‍ മോശം പെരുമാറ്റത്തിന് അച്ചടക്ക നടപടി നേരിട്ടയാളാണ് ജോര്‍ജ് ജോസഫെന്ന് ആക്ഷേപം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണു സസ്‌പെന്‍ഷനിലായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW