Friday, March 13, 2026 Last Updated 14 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 02.40 PM

രണ്ടരവര്‍ഷം, മോദി സന്ദര്‍ശിച്ചത് 38 രാജ്യങ്ങള്‍, ചെലവ് 258 കോടി ; ഏറ്റവും കൂടുതല്‍ ചെലവഴിച്ചത് യു.എസ്. സന്ദര്‍ശനത്തിന്

uploads/news/2025/03/771306/modi.jpg

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടര വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 38 വിദേശയാത്രകള്‍. ഇതിനായി പൊതുഖജനാവില്‍നിന്നു ചെലവഴിച്ചത് ഏകദേശം 258 കോടി രൂപ. പാര്‍ലമെന്റില്‍ വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗെരീത്തയാണ്് ഇക്കാര്യം വ്യക്തമാക്കിയത്.

2022 മേയ് മുതല്‍ 2024 ഡിസംബര്‍ വരെ പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളുടെ കണക്കാണിത്. ഇതില്‍ത്തന്നെ ഒറ്റ യാത്രയ്ക്കായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് 2023 ജൂണില്‍ നടത്തിയ യു.എസ്. സന്ദര്‍ശനത്തിനാണ്. 22 കോടി രൂപയോളമാണ് ഇതിന്റെ ചെലവ്.

രാജ്യസഭയില്‍ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചോദ്യത്തിനാണ് വിദേശകാര്യമന്ത്രാലയം കണക്കു നിരത്തിയത്. പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കുള്ള ക്രമീകരണങ്ങള്‍ക്കായി ഇന്ത്യന്‍ എംബസികള്‍ ചെലവഴിച്ച മൊത്തം തുക, ഹോട്ടല്‍ ക്രമീകരണങ്ങള്‍, സ്വീകരണം, ഗതാഗതം തുടങ്ങിയവയുടെ ഇനംതിരിച്ചുള്ള കണക്കാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനത്തില്‍ അദ്ദേഹത്തെ അനുഗമിക്കുന്ന ഉദ്യോഗസ്ഥര്‍, സുരക്ഷവിഭാഗം, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ചെലവ് അടക്കമാണ് വ്യക്തമാക്കിയിരിക്കുന്നത്. പട്ടികരൂപത്തില്‍ നല്‍കിയ കണക്കില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പുള്ള പ്രധാനമന്ത്രിമാരുടെ വിദേശസന്ദര്‍ശനത്തിനു ചെലവഴിച്ച തുകയുടെ വിശദാംശങ്ങളുമുണ്ട്.

2023 ജൂണില്‍ അമേരിക്കന്‍ യാത്രയ്ക്ക് 22,89,68,509 രൂപയും 2024 സെപ്റ്റംബറിലെ യു.എസ്. സന്ദര്‍ശനത്തിന് 15,33,76,348 രൂപയുമാണ് ചെലവായത്. 2023 മേയില്‍ 17,19,33,356 രൂപ ചെലവഴിച്ചാണ് പ്രധാനമന്ത്രി മോദി ജപ്പാന്‍ സന്ദര്‍ശിച്ചത്. 2022 മേയില്‍ നടത്തിയ നേപ്പാള്‍യാത്രയ്ക്ക് 80,01,483 രൂപ ചെലവായി. പോളണ്ട് (10,10,18,686 രൂ.), യുക്രൈന്‍ (2,52,01,169 രൂ.), റഷ്യ (5,34,71,726 രൂ.), ഇറ്റലി (14,36,55,289 രൂ.), ബ്രസീല്‍ (5,51,86,592 രൂ.), ഗയാന (5,45,91,495 രൂ.) എന്നിങ്ങനെയാണു മറ്റു പ്രധാന സന്ദര്‍ശനങ്ങള്‍ക്കു ചെലവായത്.

മോദിയുടെ സന്ദര്‍ശനവുമായി താരതമ്യം ചെയ്ത് 2014 നു മുമ്പ് അധികാരത്തിലിരുന്ന യു.പി.എയുടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നടത്തിയ വിദേശ യാത്രകളുടെ കണക്കും നല്‍കിയിട്ടുണ്ട്. 2011-ലെ യു.എസ്. സന്ദര്‍ശനത്തിന് ചെലവിട്ടതാണ് ഈ കണക്കിലെ ഉയര്‍ന്ന തുക;10,74,27,363 രൂപയായിരുന്നു ചെലവ്. 2013-ലെ റഷ്യ സന്ദര്‍ശനത്തിന് 9,95,76,890 രൂപ, 2011-ലെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് 8,33,49,463 രൂപ, 2013-ലെ ജര്‍മന്‍ സന്ദര്‍ശനത്തിന് 6,02,23,484 രൂപയുമാണ് ചെലവഴിക്കപ്പെട്ടത്.

ജര്‍മനി, കുവൈത്ത്, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, യു.എ.ഇ, ഉസ്‌ബെക്കിസ്ഥാന്‍, ഇന്തോനീഷ്യ, ഓസ്‌ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ്, പോളണ്ട്, യുക്രൈന്‍, റഷ്യ, ഇറ്റലി, ബ്രസീല്‍, ഗയാന തുടങ്ങിയ രാജ്യങ്ങളാണ് 2022 നും 2024 നും ഇടയില്‍ പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW