-->
എടത്വാ(ആലപ്പുഴ): അശ്രദ്ധമായി പിന്നോട്ടെടുത്ത ടിപ്പര്‍ ലോറി കാലിലൂടെ കയറിയിറങ്ങി രക്തം വാര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. തിരുവല്ല വളഞ്ഞവട്ടം ഒന്‍പതില്‍ വീട്ടില്‍ സക്കറിയയാ(65)ണ് മരിച്ചത്. ഇന്നലെ രാവിലെ 8-ന് അമ്പലപ്പുഴ -തിരുവല്ല സംസ്ഥാനപാതയില്‍ നീരേറ്റുപുറം ഫിനിഷിങ് പോയിന്റിലേക്ക് പോകുന്ന റോഡിലാണ് അപകടമുണ്ടായത്.
പിന്നിലോട്ടെടുത്ത ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ തട്ടുകയും സക്കറിയയുടെ തുടയിലൂടെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു. നീരേറ്റുപുറത്ത് വിവാഹം ചെയ്ത് വിട്ട മകളുടെ വീടുപണി നടക്കുന്ന സ്ഥലത്തേക്കു പോകവെയാണ് അപകടത്തില്‍പെട്ടത്. അതുവഴി വന്ന യാത്രക്കാരായ അഭിജിത്തും സുമേഷും നാട്ടുകാരും ചേര്‍ന്ന് സക്കറിയയെ താങ്ങിയിരുത്തിയെങ്കിലും കാല്‍ അറ്റുപോയ അവസ്ഥയിലായിരുന്നു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത് സ്ഥലത്തെത്തി ആംബുലന്‍സ് സേവനം ആവശ്യപ്പെട്ടെങ്കിലും യഥാസമയത്ത് വാഹനം എത്തിയില്ല. എടത്വാ സി.എച്ച്.സിയില്‍ അംബുലന്‍സ് സേവനം രാത്രിയില്‍ ഇല്ലാത്തതിനാല്‍ രാവിലെ 8.30 മുതലാണ് സര്‍വീസ് നടത്താറുള്ളത്. പിന്നീട് ആംബുലന്‍സ് എത്തിയ ശേഷം സക്കറിയയെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശരീരത്തിലെ രക്തം അമിതമായി വാര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോട്ടത്തിനു ശേഷമുള്ള പ്രഥമിക റിപ്പോര്‍ട്ട്. സംസ്‌കാരം പിന്നീട്. ഭാര്യ: സുമ സക്കറിയ. മക്കള്‍: റിന്‍സി (അയര്‍ലണ്ട്), റിയ (യു.കെ) മരുമകന്‍: ആശിഷ്.