-->
തിരുവനന്തപുരം: കടുത്തവേനലിന് പിന്നാലെ വേനല്‍മഴയും ശക്തമാകുന്നു. ഇന്നലെ സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ ശക്തമായി പെയ്ത വേനല്‍മഴ ഇന്നും നാളെയും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിയും മിന്നലും കാറ്റും ഉള്‍പ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പറഞ്ഞിരിക്കുന്നത്്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നും നാളെയും എല്ലാ ജില്ലകളിലും ശക്തമായ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
നാളെ മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ പ്രദേശങ്ങങ്ങളിലും വടക്കന്‍ കേരളത്തില്‍ മലയോര മേഖലയിയിലും ശക്തമായ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ട്. മദ്ധ്യമേഖലയിലും ശക്തമായി മഴപെയ്യും. മണിക്കൂറില്‍ 50 കിമി വരെ വേഗതയില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.