ചെങ്ങന്നൂര്‍: തനിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചു എന്ന പ്രചാരണം ശുദ്ധ അസംബന്ധമാണെന്നും താന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും തിരഞ്ഞെടുപ്പ രാഷ്ട്രീയത്തിലേക്ക് മടങ്ങേണ്ടതില്ലെന്ന് തന്റെ തീരുമാനമാണെന്നും ബിജെപി നേതാവ് പി.എസ് ശ്രീധരന്‍പിള്ള. ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതാണെന്നും രാഷ്ട്രീയം അധികാരം പിടിക്കാനുള്ള ലഹരിയല്ലെന്നും പറഞ്ഞു.
തനിക്ക് സീറ്റ് നിഷേധിച്ചെന്ന ആരോപണം ധൈര്യമുണ്ടെങ്കില്‍ തെളിയിക്കാനും പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടാന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിക്കുക യായിരുന്നു. യുവാക്കള്‍ക്ക് വേണ്ടി വഴിമാറുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം.
തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തലത്തില്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നുവെങ്കിലും സന്നദ്ധനല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അധികാരം പ്രായമായവര്‍ മാത്രം കൈയാളുന്ന രീതി മാറണമെന്നും തന്റെ വോട്ട് നിലവില്‍ ഗോവയിലാണെന്നും പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉയര്‍ത്തുന്ന 'ബിജെപി-ഡീല്‍' ആരോപണങ്ങളെ ശ്രീധരന്‍ പിള്ള രൂക്ഷമായി വിമര്‍ശിച്ചു. ബിജെപിക്ക് വോട്ട് ചെയ്താല്‍ ജയിക്കില്ലെന്ന കാലം കഴിഞ്ഞു. കേരളത്തിലെ ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങളില്‍ പാര്‍ട്ടി ഭരണത്തിലുണ്ട്. കോലീബി സഖ്യം ആരോപിക്കുന്നവര്‍ ജനസംഘവുമായി ചേര്‍ന്ന് സിപിഎം മത്സരിച്ച ചരിത്രം മറക്കരുതെന്നും പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്നും ബിജെപിയുടെ വളര്‍ച്ച തടയാനാകാത്തതിനാലാണ് ഇത്തരം കുപ്രചാരണങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. താന്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ബിജെപിക്കൊപ്പം സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.