Saturday, March 28, 2026 Last Updated 35 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Mar 2026 12.04 PM

ആവേശക്കടലിരമ്പം ഉണ്ടാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം ; പ്രമുഖനേതാക്കള്‍ ഒന്നടങ്കം വിവിധ ജില്ലകളിലെ പരിപാടികളിലെത്തും

BJP Central Leadership

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന കേരളത്തില്‍ വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ ബിജെപിയുടെ ദേശീയ നേതൃത്വം ഒന്നടങ്കം കേരളത്തില്‍ എത്തുന്നു. പ്രധാനമന്ത്രി തൃശൂരും പാലക്കാടും പാലായിലും തിരുവനന്തപുരത്തും പരിപാടികളില്‍ പങ്കെടുക്കുകയും തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന നടത്തുകയും റോഡ്‌ഷോയുടെ ഭാഗമാകുകയും ചെയ്യും.

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരാഴ്ചയ്ക്കിടെ രണ്ട് തവണ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും. കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നടത്തുന്ന റാലികളും റോഡ് ഷോകളും കേരളത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുമെന്നാണ് കരുതപ്പെടുന്നത്.

മാര്‍ച്ച് 29 ഞായറാഴ്ച ഉച്ചയ്ക്ക് 2:45 പാലക്കാട് തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി വൈകിട്ട് 4:10 തൃശൂരില്‍ റോഡ് ഷോ നടത്തി മടങ്ങും. ഏപ്രില്‍ 4 ന് ശനിയാഴ്ച വീണ്ടുമെത്തുന്നത് പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, വൈക്കം മണ്ഡലങ്ങളിലെ പ്രചരണവുമായി ബന്ധപ്പെട്ടാണ്. പാലായില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത ശേഷം അന്ന് തന്നെ തിരുവനന്തപുരത്ത് റോഡ് ഷോ നടത്തും.

കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാകും പ്രധാനമന്ത്രി പാലക്കാട് എത്തുക. പാലായിലെ സമ്മേളനത്തിലൂടെ കോട്ടയം ജില്ലയിലെ നാല് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

പിന്നാലെ അമിത് ഷായും കേന്ദ്രമന്ത്രിമാരും വരുന്നുണ്ട്. പ്രധാനമന്ത്രിക്കു പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 31-ന് തിരുവനന്തപുരം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഏപ്രില്‍ ആദ്യവാരത്തില്‍ ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും അദ്ദേഹം പ്രചാരണം നയിക്കും.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, എസ്. ജയശങ്കര്‍ എന്നിവരും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും വിവിധ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെയും മറ്റ് കേന്ദ്ര നേതാക്കളുടെയും സന്ദര്‍ശനത്തിനായുള്ള സുരക്ഷാ ക്രമീകരണങ്ങളും പ്രചാരണ ഒരുക്കങ്ങളും പൂര്‍ത്തിയായതായി എന്‍ഡിഎ നേതൃത്വം അറിയിച്ചു. കേരളത്തിലെ രാഷ്ട്രീയ ഗതി മാറ്റാന്‍ ഈ ഹൈ-പ്രൊഫൈല്‍ സന്ദര്‍ശനങ്ങള്‍ സഹായിക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.

Ads by Google
Saturday 28 Mar 2026 12.04 PM
YOU MAY BE INTERESTED
Ads by Google
Ads by Google