കൊല്ലം: ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിൽ. ആയിരനല്ലൂര്‍ കല്യാണിമുക്കിന് സമീപം നന്ദനത്തില്‍ നന്ദകുമാറാണ് ഏരൂര്‍ പോലീസിന്റെ പിടിയിലായത്. ഏരൂര്‍ ആയിരനല്ലൂരിലാണ് സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്നായിരുന്നു ആക്രമണം.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ നന്ദകുമാറിന്റെ വീട്ടിലായിരുന്നു സംഭവം. ഭാര്യ സിമിയുടെയും മകന്റെയും പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചെടുക്കുന്നതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ നന്ദകുമാര്‍ മാരകായുധങ്ങളുമായി സിമിയെ ആക്രമിക്കാന്‍ മുതിര്‍ന്നു. ഓടിരക്ഷപ്പെട്ട സിമി വിവരം മാതാവിനെ അറിയിച്ചെങ്കിലും പിന്നാലെയെത്തിയ നന്ദകുമാര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.
യുവതിയുടെ നെഞ്ചിലുള്‍പ്പെടെ ആഴത്തിലുള്ള മുറിവുകളുണ്ട്. അമ്മയെ രക്ഷിക്കാന്‍ ഓടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത മകനും ആക്രമണത്തില്‍ പരിക്കേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടന്ന ഇരുവരേയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.