തൃശൂര്‍: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം ലക്ഷ്യമിടുന്ന ബിജെപിയുടെ പ്രചരണ പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച തൃശൂരിലെത്തും. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുന്ന മോദി പാലക്കാടും പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മൂന്ന് തവണ കേരളത്തില്‍ എത്തും.
സ്വരാജ് റൗണ്ടില്‍ നിന്നും റോഡ്‌ഷോ അടക്കമുള്ള പരിപാടിയാണ് ബിജെപി ആലോചിക്കുന്നത്. ബിജെപി ഇത്തവണ വലിയ ജയപ്രതീക്ഷകള്‍ വെയ്ക്കുന്ന മണ്ഡലങ്ങളാണ് പാലക്കാടും തൃശൂരും. പ്രധാനമന്ത്രി കൂടി എത്തുന്നതോടെ പ്രചരണം ഒന്നുകൂടി കൊഴുക്കും. ആദ്യമെത്തുന്നത് തൃശൂര്‍ ആയിരിക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. 2024 ല്‍ കെ.സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നപ്പോ ബിജെപിയ്ക്ക് ആദ്യമായി എംപി ഉണ്ടായത് തൃശൂരില്‍ നിന്നുമായിരുന്നു. അതുകൊണ്ടു തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും ശുര്‍ മണ്ഡലത്തെ കാണുന്നത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും സുരേഷ്‌ഗോപിയാണ് ലോക്‌സഭയില്‍ തെരഞ്ഞെടുപ്പെട്ട ആദ്യത്തെയാള്‍.
ലോക്‌സഭാതെരഞ്ഞെടുപ്പില്‍ തൃശൂരിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ആറിടത്തും ബിജെപി മുന്നിലെത്തിയിരുന്നു. ആ മുന്നേറ്റം ഈ നിയമസഭാ തെരഞ്ഞെടുപ്പിലും സംഭവിക്കുമെന്ന് ബിജെപി അടിയുറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ എ പ്ലസ് കാറ്റഗറിയില്‍ വരുന്ന മണ്ഡലങ്ങളിലാണ് തൃശൂരിലെ മണ്ഡലങ്ങളെയും പെടുത്തിയിരിക്കുന്നത്. കെ കരുണാകരന്റെ മകള്‍ എന്ന വ്യക്തിപ്രഭാവവും അതിനൊപ്പം ബിജെപിയുടെ ശക്തമായ സംഘടനാ സംവിധാനങ്ങളും ചേരുമ്പോള്‍ പത്മജയ്ക്ക് തൃശൂരില്‍ ജയിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
അവിടേയ്ക്കാണ് പ്രധാനമന്ത്രിയും എത്തുന്നത്. പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ പ്രചരണ പരിപാടിയായിരിക്കും ഇതെന്നാണ് സൂചന. മൂന്ന് തവണ പ്രധാനമന്ത്രി കേരളത്തില്‍ എത്തും. പാലായില്‍ ഷോണ്‍ ജോര്‍ജിന്റെയും തിരുവല്ലയില്‍ അനൂപ് ആന്റണിയുടേയും, ആറന്മുളയില്‍ കുമ്മനത്തിന്റെയും തലസ്ഥാനത്തും പ്രധാനമന്ത്രി പ്രചാരണ പരിപാടികളില്‍ എത്തുമെന്നാണ് പ്രതീക്ഷ.