Sunday, March 22, 2026 Last Updated 1 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Mar 2026 10.13 AM

' ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടം, കണ്ണ് നിറഞ്ഞുപോയി' ; പശ്ചിമേഷ്യയിലെ പ്രതിസന്ധികള്‍ക്കിടയിലും ആട് 3യ്ക്ക് ലഭിക്കുന്ന സ്വീകരണത്തെക്കുറിച്ച് നിര്‍മാതാവ്

about, gulf

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ' ആട് 3' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പശ്ചിമേഷ്യയിലെ പ്രതിസന്ധികള്‍ക്കിടയിലും ആട് 3 യ്ക്ക് ലഭിക്കുന്ന സ്വീകരണത്തെക്കുറിച്ച് പറയുകയാണ് നിര്‍മാതാവ് വേണു കുന്നപ്പിളളി. രണ്ട് ദിവസത്തിനുളളില്‍ ഏകദേശം രണ്ട് ലക്ഷം പേര്‍ മിഡില്‍ ഈസ്റ്റില്‍ ഈ സിനിമ കാണാന്‍ തിയേറ്ററുകളിലെത്തിയെന്നാണ് അദ്ദേഹം പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വേണു കുന്നപ്പിളളിയുടെ വാക്കുകള്‍:

ദൈവത്തിൻറെ കയ്യൊപ്പുകൾ:---

മിഡിൽ ഈസ്റ്റിൽ അശാന്തിയുടെയും, ഭീതിയുടെയും നിഴലിലൂടെയാണ് ഈ വർഷത്തെ റംസാനും ചെറിയ പെരുന്നാളും കടന്നുപോയത്...
നമ്മുടെ സിനിമ "ആട് 3" മാർച്ച് 19ന് റിലീസ് ചെയ്യാൻ തീരുമാനിച്ചപ്പോൾ, ഇവിടെ യുദ്ധഭീതിയുടെ ഒരു സൂചനപോലും ഉണ്ടായിരുന്നില്ല... എന്നാൽ ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചതോടെ സാഹചര്യങ്ങൾ പൂർണമായും മാറിമറിഞ്ഞു... ഒപ്പം റിലീസ് ചെയ്യാനിരുന്ന പല സിനിമകളും മാറ്റിവെക്കപ്പെട്ടു... മിഡിൽ ഈസ്റ്റിലെ ഡിസ്ട്രിബ്യൂട്ടർമാരും യുദ്ധ സാഹചര്യത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടി, മുൻകൂട്ടി തീരുമാനിച്ചിരുന്ന ഡീലുകളിൽ നിന്ന് പിന്നോട്ട് പോയി... നാട്ടിലെ പല പ്രൊഡ്യൂസർമാരും സിനിമാ സുഹൃത്തുക്കളും റിലീസ് മാറ്റിവെക്കാൻ നിർദേശിച്ചു... എന്നാൽ, 36 വർഷത്തെ പ്രവാസജീവിതം എനിക്ക് പശ്ചിമേഷ്യയിലെ ജനങ്ങളുടെ മനസ്സും, ഈ രാജ്യങ്ങളിലെ ഭരണകൂടത്തിന്റെ കഴിവും മനസ്സിലാക്കാൻ സഹായിച്ചിരുന്നു... ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇവിടുത്തെ സംവിധാനങ്ങൾ എത്ര ശക്തമാണെന്ന് പലവട്ടം ഞാൻ അനുഭവിച്ചിട്ടുള്ളതാണ്...
ഈ പ്രതിസന്ധി സാഹചര്യത്തിലും എല്ലാ ജിസിസി രാജ്യങ്ങളും സിനിമയ്ക്ക് സെൻസറിംഗ് പൂർത്തിയാക്കി...തീയറ്ററുകൾ ആവേശത്തോടെ പ്രദർശനത്തിനൊരുങ്ങി...

ജനങ്ങൾ തീയറ്ററിലേക്ക് വരുമോയെന്ന സംശയം എല്ലാവർക്കും ഉണ്ടായിരുന്നുവെങ്കിലും, സിനിമയിലുള്ള വിശ്വാസവും ദൈവത്തിന്റെ അനുഗ്രഹവും ചേർത്ത് ഞങ്ങൾ മുന്നോട്ട് പോയി... അതിന്റേതായ ഫലം കാണുമ്പോൾ കണ്ണ് നിറഞ്ഞുപോയി — വെറും രണ്ട് ദിവസത്തിനുള്ളിൽ ഏകദേശം രണ്ട് ലക്ഷം പേർ മിഡിൽ ഈസ്റ്റിൽ ഈ സിനിമ കാണാൻ തീയറ്ററുകളിലെത്തി... ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടം."ആട് 3" ഒരു ലോകോത്തര സിനിമയാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല... പക്ഷേ കുടുംബസമേതം നർമ്മവും, ആകാംക്ഷയും നിറഞ്ഞ മൂന്ന് മണിക്കൂർ ആഘോഷിക്കാൻ കഴിയുന്ന ഒരു മനോഹര അനുഭവമാണ് ഈ സിനിമ... ഇത്തരം ടെൻഷൻ നിറഞ്ഞ ദിവസങ്ങളിൽ, ഇത്തരം സിനിമകൾക്ക് പ്രത്യേക സ്ഥാനമുണ്ട്, ഒന്ന് പരീക്ഷിക്കാവുന്നതാണ്...ഈ സിനിമയെ ജനഹൃദയങ്ങളിൽ എത്തിച്ച ഇതിൻറെ എഴുത്തുകാരനും , സംവിധായകനുമായ മിഥുൻ മാനുവലിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല...അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ഓരോ സാങ്കേതിക പ്രവർത്തകനും, അഭിനേതാക്കളും, പിന്തുണച്ച എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു ചിത്രമാണിത്...

ഫ്രൈഡേ ഫിലിംസിന്റെ വിജയ് ബാബുവും ,ഞാനും ചേർന്ന് എടുത്ത ഒരു വലിയ റിസ്കിന്റെ ഫലമാണ് "ആട് 3"... വലിയ ബഡ്ജറ്റിൽ ഈ സിനിമയിൽ പങ്കാളിയായപ്പോൾ പലരും സംശയത്തോടെ നോക്കിയിരുന്നു... എന്നാൽ കഥയിലും , തിരക്കഥയിലും ഉണ്ടായിരുന്ന എൻറെ വിശ്വാസം നമ്മെ മുന്നോട്ട് നയിച്ചു... ഫ്രൈഡേ ഫിലിംസിന്റെ ആത്മാർത്ഥ സഹകരണവും, കാവ്യ ഫിലിംസിലെ എന്റെ പ്രിയപ്പെട്ടവരുടെ പിന്തുണയും ഈ യാത്ര മനോഹരമാക്കി... "ആട് 3"യുടെ വിജയം, കാവ്യ ഫിലിംസിനോടുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നതുമാണ്...
കേരളത്തിലും മിഡിൽ ഈസ്റ്റിലും ജനങ്ങൾ ഈ സിനിമയെ ഉത്സവമാക്കിയിരിക്കുകയാണ്... ദൈവത്തിന്റെ കയ്യൊപ്പ് ഈ സിനിമയിലും ഉണ്ടെന്നത് തീർച്ചയാണ്... അശാന്തിയുടെ കാർമേഘങ്ങൾ അകന്ന്, സമാധാനവും സന്തോഷവും നിറഞ്ഞ ദിവസങ്ങൾ എത്രയും വേഗം എത്തട്ടെ — അതിനായി നമുക്ക് പ്രാർത്ഥിക്കാം.

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ആട്. 2015ല്‍ ചിത്രത്തിന്റെ ഒന്നാം ഭാഗവും 2017ല്‍ രണ്ടാം ഭാഗവും പുറത്തിറങ്ങി. ജയസൂര്യയ്‌ക്കൊപ്പം വിനായകന്‍, വിജയ് ബാബു, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Ads by Google
Sunday 22 Mar 2026 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google