പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രചാരണം ആരംഭിച്ചിരിക്കുകയാണ് ചലച്ചിത്ര താരം രമേഷ് പിഷാരടി. രാഹുൽ മാക്കൂട്ടത്തിലിന് പകരക്കാരനായി പാലക്കാടേക്ക് എത്തിയ രമേഷ് പിഷാരടിയെ ഇരുകൈകളും നീട്ടിയാണ് പ്രവർത്തകർ സ്വീകരിച്ചത്.
സിനിമ താരങ്ങളെ ആരെയും നിര്‍ബന്ധിച്ച് പ്രചാരണത്തിന് ഇറക്കില്ലെങ്കിലും വിജയിച്ചാല്‍ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും രമേഷ് പിഷാരടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ, മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് പിഷാരടി.
മോഹൻലാലിനെ കാണാനെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് രമേഷ് പിഷാരടി പങ്കുവച്ചത്. "എന്താ മോനെ ജയിച്ചു വാ..... കൈ പിടിച്ച് ലാലേട്ടൻ" എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.
ജനവിധി തേടി ജന്മനാട്ടിലേക്ക് എത്തുകയാണെന്നും, ഇനി പാലക്കാടുള്ള ജനങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കും തന്നെയാണ് പ്രഥമ പരിഗണനയെന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ പിഷാരടി വ്യക്തമാക്കിയിരുന്നു. കക്ഷി രാഷ്ട്രീയത്തിന്റെയോ, വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേർതിരിവും വേലികളും ഇല്ലാത്ത സ്നേഹം ആണ് താൻ അനുഭവിച്ചതെന്നും ആ സ്‌നേഹം തിരികെ തരാൻ കഠിന പ്രയത്നം ചെയ്യുമെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു.