കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സുധാകരന് സീറ്റില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കാൻ സുധാകരൻ അനുകൂലികൾ. സുധാകരനൊപ്പം 15 സീറ്റുകളിലേക്ക് സ്വതന്ത്രരായി മത്സരിക്കാനാണ് അനുകൂലികളുടെ തീരുമാനം. സുധാകരന് പിന്തുണയുമായി നിലവിൽ മൂന്ന് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമാരാണ് രംഗത്തുവന്നത്.
ഇന്ന് നടന്ന നേതൃയോഗം തങ്ങളെ അറിയിച്ചില്ലെന്നും സുധാകരനോടുള്ള അവഗണന തങ്ങളോടും കാണിച്ചെന്നുമാണ് പരാതി. കണ്ണൂരിൽ സുധാകരൻ തന്നെ മത്സരിക്കുമെന്നും അല്ലെങ്കിൽ സംസ്ഥാനത്താകെ ചലനമുണ്ടാകുമെന്നും മണ്ഡലം പ്രസിഡന്റുമാർ മുന്നറിയിപ്പ് നൽകി.
അതേസമയം കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥിപട്ടിക ഇന്ന് അർധരാതി പുറത്തിറക്കുമെന്ന് വിവരം. പുറത്തിറക്കുന്ന പട്ടികയിൽ കെ സുധാകരന്റെ പേര് ഉണ്ടാകുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. പട്ടിക പ്രഖ്യാപിച്ച ശേഷമാകും സുധാകരൻ ഡൽഹിയിൽ നിന്ന് മടങ്ങുക. ഇന്ന് കണ്ണൂരിലേക്ക് നിശ്ചയിച്ചിരുന്ന യാത്ര സുധാകരൻ നാളത്തേക്ക് മാറ്റിയിട്ടുണ്ട്.