തിരുവനന്തപുരം: പെരുമ്പാവുരില്‍ സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തയ്യാറെടുത്ത് എല്‍ദോസ് കുന്നപ്പള്ളിയും. തീരുമാനം എടുത്തതിന് പിന്നാലെ എല്‍ദോസിനെ അനുനയിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. രമേശ് ചെന്നിത്തലയാണ് എല്‍ദോസിനെ അനുനയിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. തനിക്ക് മാത്രം നിഷേധിക്കുന്നത് നീതിയല്ലെന്നും എല്‍ദോസ് കുന്നപ്പള്ളി വ്യക്തമാക്കി.
സീറ്റ് തടഞ്ഞത് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെന്ന് എല്‍ദോസ് കുന്നപ്പള്ളിയുടെ ക്യാമ്പും പറയുന്നു. എല്‍ദോസ് കുന്നപ്പള്ളിക്ക് സീറ്റ് നിഷേധിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മാറാന്‍ കാരണം വി.ഡി. സതീശനാണെന്നും പറഞ്ഞു. ഹൈക്കമാന്റില്‍ കെ. സുധാകരന്റെയൂം അടൂര്‍ പ്രകാശിന്റെയും എല്‍ദോസ് കുന്നപ്പള്ളിയുടേയും സ്ഥാനാര്‍ത്ഥിത്വത്തെ ഏറെ എതിര്‍ത്തത് വി.ഡി. സതീശനാണെന്ന തരത്തിലാണ് ചര്‍ച്ചകള്‍.
നേരത്തേ പെരുമ്പാവൂരില്‍ സീറ്റ് നിഷേധിച്ചതില്‍ കൂടുതല്‍ പ്രതികരണവുമായി എല്‍ദോസ് കുന്നപ്പിള്ളി രംഗത്ത് വന്നിരുന്നു. പെരുമ്പാവൂരിലെ സാധ്യതകള്‍ ഇല്ലാതാക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടി പരിഗണിക്കുമെന്നും എല്‍ദോസ് പറഞ്ഞു. താന്‍ സേഫ് ആണെന്ന് വ്യക്തമാക്കിയ എല്‍ദോസ് പട്ടിക വരട്ടെ ബാക്കി പിന്നീട് പ്രതികരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. സീറ്റ് കിട്ടിയാല്‍ 15000 ലേറെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും എല്‍ദോസ് കുന്നപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. നിലവിലെ തീരുമാനം അനുസരിച്ച് പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിക്ക് സീറ്റില്ലെന്നും മനോജ് മൂത്തേടന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നുമായിരുന്നു വിവരം.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാലാണ് സ്ഥാനാര്‍ത്ഥിത്വം തടഞ്ഞുകൊണ്ടുള്ള ഹൈക്കമാന്‍ഡ് നിലപാട്. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പാനലില്‍ നിന്നാണ് മനോജ് മൂത്തേടനിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. കേസിന്റെ പശ്ചാത്തലത്തിലാണ് എല്‍ദോസിനെ മത്സരരം?ഗത്ത് നിന്ന് മാറ്റി നിര്‍ത്തിയത്.