കോട്ടയം: തെറ്റുപറ്റിയതായി സമ്മതിച്ച് ഖേദപ്രകടനം നടത്തിയതോടെ ബിജെപിയില്‍ തിരിച്ചെത്തി അഡ്വ. നോബിള്‍ മാത്യു. സംസ്ഥാന കമ്മിറ്റിയോട് ഖേദം പ്രകടിപ്പിച്ചതോടെ ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള സസ്പെന്‍ഷന്‍ പിന്‍വലിച്ച് ബിജെപി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേതാണ് തീരുമാനം. നോബിള്‍ മാത്യു കഴിഞ്ഞദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു.
കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ വിമര്‍ശിച്ച് രംഗത്ത് വന്നതിന് പിന്നാലെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി ബിജെപിയുടെ നോബിള്‍ മാത്യുവിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ നോബിള്‍ മാത്യുവിനെതിരേ രാജീവ് ചന്ദ്രശേഖര്‍ ആയിരുന്നു നടപടിയെടുത്തത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിക്കുള്ളില്‍ ഗ്രൂപ്പ് പോരും വീതം വെയ്പ്പുമാണ് നടന്നത്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നായിരുന്നു ആരോപിച്ചത്. ഇതിന് പിന്നാലെയാണ് തന്റെ പ്രസ്താവനയില്‍ ഖേദം രേഖപ്പെടുത്തി നോബിള്‍ രംഗത്ത് വന്നതും പാര്‍ട്ടി തിരിച്ചെടുത്തതും.