ടിവികെ നേതാവ് ആധവ് അര്‍ജുന നടന്‍ രജനികാന്തിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. ഡിഎംകെ കുടുംബത്തില്‍ നിന്നുളള ഭീഷണിയെത്തുടര്‍ന്നാണ് രജനികാന്ത് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതെന്നായിരുന്നു കഴിഞ്ഞ ദിവസം അര്‍ജുന ആരോപിച്ചത്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ രജനികാന്ത്.
ഇതിന് '' കാലം കാത്തിരുന്ന് മറുപടി നല്‍കുമെന്ന്'' അദ്ദേഹം പറഞ്ഞു. അതോടൊപ്പം ടിവികെ നേതാവ് നടത്തിയ പരാമര്‍ശം ' അസത്യം' ആണെന്നും അദ്ദേഹം വ്യക്തമാക്കി. '' കാലം സംസാരിക്കില്ല, പക്ഷേ കാത്തിരിക്കുകയും ഉത്തരം നല്‍കുകയും ചെയ്യും''- എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. തന്നെ പിന്തുണച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും, മന്ത്രിമാര്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും, ആരാധകര്‍ക്കും രജനികാന്ത് നന്ദിയും അറിയിച്ചിട്ടുണ്ട്.
അതേസമയം എഐഎഡിഎംകെ മേധാവി എടപ്പാടി കെ പളനിസ്വാമി, ബിജെപി നേതാവ് കെ അണ്ണാമലൈ ഉള്‍പ്പെടെ നിരവധി പേര്‍ അര്‍ജുനയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചു രംഗത്തെത്തി.
മൂന്ന് പതിറ്റാണ്ടോളം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള ഊഹാപോഹങ്ങള്‍ സജീവമായി നിലനിര്‍ത്തിയ രജനികാന്ത്, ആരോഗ്യപരമായ കാരണങ്ങളും കോവിഡ്-19 പാന്‍ഡെമിക്കും ചൂണ്ടിക്കാട്ടി 2020 ല്‍ ഔദ്യോഗികമായി പിന്മാറുകയായിരുന്നു.