Sunday, March 15, 2026 Last Updated 14 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.34 PM

ഗുണ്ടാനേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു

uploads/news/2026/03/830265/k9c.jpg

കൊല്ലം: പോലീസ്‌ സ്‌റ്റേഷനില്‍ പോയി ഒപ്പിട്ടു മടങ്ങിയ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ നാലംഗ ഗുണ്ടാസംഘം പട്ടാപ്പകല്‍ വെട്ടിക്കൊന്നു. മാതാവിന്റെ കണ്‍മുമ്പില്‍ ജിം സന്തോഷ്‌ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അലുവ അതുലാ(31)ണ്‌ കരുനാഗപ്പള്ളി പുതിയകാവില്‍ കൊല്ലപ്പെട്ടത്‌. ഇന്നോവ കാറില്‍ പിന്തുടര്‍ന്ന ഗുണ്ടാസംഘം അതുല്‍ സഞ്ചരിച്ച കാറിനെ റോഡിനു സമീപത്തെ കുഴിയിലേക്ക്‌ ഇടിച്ചുമറിച്ചശേഷം ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു.
അതുലിന്‌ ഒപ്പമുണ്ടായിരുന്ന, കുക്കു എന്നു വിളിക്കുന്ന മനുവാണ്‌ കാര്‍ ഓടിച്ചിരുന്നത്‌. മനുവിനെ മര്‍ദിച്ച്‌ ഓടിച്ചശേഷമാണ്‌ അതുലിനെ ആക്രമിച്ചത്‌. മനുവിന്‌ ആക്രമണത്തില്‍ പരുക്കേറ്റു.
കാര്‍ ഇടിച്ചിട്ടശേഷം മുഖംമറയ്‌ക്കാതെ വാളുമായി ഇന്നോവയില്‍നിന്നു ചാടിയിറങ്ങിയ സംഘം അതുലിന്റെ തലയില്‍ തുരുതുരാ വെട്ടുകയായിരുന്നു. അതുലിന്റെ തലയോട്ടി വെട്ടിപ്പിളര്‍ത്തി. ശരീരത്തില്‍ ആഴത്തിലുള്ള ഏഴു വെട്ടുകളുണ്ട്‌. ഇടതു കാലില്‍ നാലു വെട്ടേറ്റു. വലതു കാലില്‍ ഒരു വെട്ടും വലതു കൈയില്‍ ഒരു വെട്ടുമേറ്റു. അതുലിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.
സംഭവത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. കൊല്ലുകയെന്ന ഉദ്ദേശ്യംമാത്രമാണ്‌ പ്രതികള്‍ക്കുണ്ടായിരുന്നത്‌. പരിസരത്തു സി.സി. ടിവി ഉണ്ടാകുമെന്ന്‌ അറിഞ്ഞിട്ടും മുഖംപോലും മറയ്‌ക്കാതെയാണു നാലു പേര്‍ വടിവാളുകളുമായി കൊലപാതകത്തിനു തുനിഞ്ഞത്‌. പട്ടാപ്പകല്‍, സിനിമാ രംഗത്തെപ്പോലും വെല്ലുന്ന കൊലപാതകം നടന്നതിന്റെ ഞെട്ടലിലാണ്‌ പുതിയകാവ്‌. ഏറെക്കാലമായി നിലനില്‍ക്കുന്ന, ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം. കൊലപാതകത്തിനു പിന്നില്‍ കരുനാഗപ്പള്ളി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌ വിഷ്‌ണു നേതൃത്വം നല്‍കുന്ന കടത്തൂര്‍ ഗുണ്ടാസംഘമാണെന്നു പോലീസ്‌ സംശയിക്കുന്നു.
അലുവ അതുലിനെ ആക്രമിക്കുമെന്ന്‌ ഇന്റലിജന്‍സും സ്‌പെഷല്‍ ബ്രാഞ്ചും ഒരാഴ്‌ച മുമ്പ്‌ മുന്നറിയിപ്പു നല്‍കിയിരുന്നതായി അറിയുന്നു. ജാമ്യത്തിലിറങ്ങിയാല്‍ അലുവ അതുലിനെ കടത്തൂര്‍ ടീം ആക്രമിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്‌. ഇരുസംഘങ്ങളും തമ്മില്‍ തുടര്‍ച്ചയായി സംഘര്‍ഷം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 27നു പടനായര്‍കുളങ്ങര വടക്ക്‌ കെട്ടിശേരില്‍ കിഴക്കതില്‍ വീട്ടില്‍ എ.സന്തോഷ്‌കുമാറെന്ന ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്‌ അതുല്‍. ജിം സന്തോഷിനെ അതുലും സംഘവും വീട്ടില്‍ അതിക്രമിച്ച്‌ കയറി കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ വടിവാളും കമ്പിപ്പാരയും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കാറിലെത്തിയ സംഘം ആദ്യം സന്തോഷിന്റെ മാതാവ്‌ ഓമന കിടന്ന മുറിയുടെ കതക്‌ വെട്ടിപ്പൊളിച്ച്‌ ഉള്ളില്‍ കടക്കുകയും ആ മുറിയില്‍ സന്തോഷ്‌ ഇല്ലെന്നറിഞ്ഞതോടെ തൊട്ടടുത്ത മുറിയുടെ കതക്‌ തകര്‍ത്ത്‌ അകത്തുകയറി സന്തോഷിനെ ആക്രമിക്കുകയുമായിരുന്നു. അക്രമികള്‍ സ്‌ഫോടകവസ്‌തുക്കള്‍ മുറിയില്‍ പൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തു. മാതാവിന്റെ മുമ്പില്‍ വച്ചായിരുന്നു കൊലപാതകം. ശരീരത്തിന്റെ പലഭാഗത്തും വെട്ടേറ്റ സന്തോഷ്‌കുമാര്‍ മരിച്ചെന്നു കരുതി സംഘം മടങ്ങി. ഇതിനുശേഷം സന്തോഷ്‌കുമാര്‍തന്നെ ആംബുലന്‍സ്‌ വിളിച്ചുവരുത്തി താലൂക്ക്‌ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചു. സന്തോഷിന്റെ ഭാര്യ രമ്യയും മക്കളായ ഭഗതും വൈഗയും ഈ സമയം തഴവയിലെ വീട്ടിലായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്‌.
പങ്കജ്‌ എന്നയാള്‍ പറഞ്ഞിട്ടാണ്‌ സന്തോഷിനെ കൊലപ്പെടുത്തിയതെന്ന്‌ അലുവ അതുല്‍ അന്നു പോലീസില്‍ മൊഴിനല്‍കിയിരുന്നു. ജിം സന്തോഷ്‌ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയവെ കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനെ അലുവ അതുല്‍ മര്‍ദിച്ച്‌ പരുക്കേല്‍പ്പിക്കുകയും ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിലെ കമ്പ്യൂട്ടര്‍ തല്ലിത്തകര്‍ക്കുകയും ചെയ്‌തിരുന്നു. ജിം സന്തോഷ്‌ വധക്കേസില്‍ ജാമ്യം ലഭിച്ച സാഹചര്യത്തിലാണ്‌ അതുല്‍ പോലീസ്‌ സ്‌റ്റേഷനില്‍ ഒപ്പിടാനായി പോയത്‌.

Ads by Google
Saturday 14 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google