ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സാ പദ്ധതി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പാക്കാന്‍ തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കാസ്‌പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ്, മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെടാത്ത മിസിങ് മിഡില്‍ വിഭാഗത്തിനുകൂടി ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനാണു പദ്ധതി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ഒരുവര്‍ഷമായി വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചകളുടെയും പരിശോധനകളുടെയും അടിസ്‌ഥാനത്തിലാണ് എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. വിഷന്‍ 2031 അവലോകന യോഗങ്ങളിലും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു ചികിത്സാ പദ്ധതിയിലും അംഗമല്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പദ്ധതി ആശ്വാസമാകും. സംസ്‌ഥാനത്ത് കാസ്‌പ് പദ്ധതിയിലുള്‍പ്പെട്ട 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ നല്‍കി വരുന്നുണ്ട്. ഇതിലുള്‍പ്പെടാത്ത വാര്‍ഷിക വരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരം രണ്ടുലക്ഷം രൂപയുടെ ചികിത്സയും വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ഒരുലക്ഷം രൂപവരെ അധിക ചികിത്സാ ആനുകൂല്യവും നല്‍കിവരുന്നു.