Sunday, March 15, 2026 Last Updated 14 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.34 PM

കളിക്കുന്നതിനിടെ തോട്ടില്‍വീണു;ഒന്നര വയസുകാരന്‌ ദാരുണാന്ത്യം

ആലപ്പുഴ: കളിക്കുന്നതിനിടെ തോട്ടില്‍ വീണ്‌ ഒന്നരവയസുകാരന്‍ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡ്‌ ചിറപ്പുറത്ത്‌ അനസ്‌-സൈറ ദമ്പതികളുടെ മകന്‍ ഐസിനാണ്‌ മരിച്ചത്‌. വീടിന്‌ സമീപത്തെ അങ്ങാടി തോട്ടിലേക്കാണ്‌ കുട്ടി വീണത്‌. ഉടന്‍ കാവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്‌ച വൈകിട്ടാണ്‌ സംഭവം. അനസിന്റെ സഹോദരന്‍ ഹാരിസിന്റെ മകന്‍ വയറുവേദനയെത്തുടര്‍ന്ന്‌ കരഞ്ഞപ്പോള്‍ വീട്ടുകാരുടെ ശ്രദ്ധ തിരിഞ്ഞ സമയത്താണ്‌ ഐസിന്‍ തോട്ടിലേക്ക്‌ പോയത്‌. സൗദിയിലെ ദമാമില്‍ ൈഡ്രവറായി ജോലി ചെയ്യുന്ന അനസ്‌ ഇതുവരെ കാണാത്ത തന്റെ ഇളയ മകനെ നേരില്‍ കാണാനുള്ള കാത്തിരിപ്പിലായിരുന്നു.
പ്രസവത്തിനായി രണ്ടു വര്‍ഷം മുമ്പാണ്‌ സൈറയും മക്കളും നാട്ടിലെത്തിയത്‌. ജോലിത്തിരക്ക്‌ കാരണം നാല്‌ വര്‍ഷമായി അനസിന്‌ നാട്ടില്‍ വരാന്‍ കഴിഞ്ഞിരുന്നില്ല. മകനെ കാണാനുള്ള അതിയായ ആഗ്രഹത്താല്‍ നാട്ടിലേക്ക്‌ വരാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ്‌ കുഞ്ഞിന്റെ മരണം.
ശനിയാഴ്‌ച വൈകിട്ടോടെ നാട്ടിലെത്തിയ പിതാവ്‌ മകനെ അവസാനമായി ഒരുനോക്ക്‌ കണ്ടു. തുടര്‍ന്ന്‌ എട്ടു മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കം നടത്തി. അസ്‌ലഹ, അസ്‌ഹദ്‌ എന്നിവര്‍ സഹോദരങ്ങളാണ്‌.

Ads by Google
Saturday 14 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google