തിരുവനന്തപുരം: ശബരിമലയുടെ ആചാര സംരക്ഷണത്തിന് വേണ്ടി പോരാടിയവര്‍ക്കെതിരേ ഫയല്‍ ചെയ്‌ത എല്ലാ കേസുകളും അടിയന്തരമായി പിന്‍വലിക്കണമെന്ന് ബി.ജെ.പി. മുന്‍ സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ശബരിമല ഭക്‌തര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കാതെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലം തിരുത്തുമെന്ന് പറയുന്നത് സംസ്‌ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ്. നയം മാറ്റത്തെ ന്യായീകരിക്കാന്‍ അച്യുതാനന്ദന്റെ കാലത്തെ സത്യവാങ്‌മൂലത്തെദേവസ്വം മന്ത്രി വി. എന്‍. വാസവന്‍ കൂട്ടുപിടിക്കുന്നത് ശരിയല്ല. ആചാരങ്ങള്‍ പണ്ഡിതരുടെ തീരുമാനത്തിന് വിടുന്നതില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ പരാമര്‍ശമില്ല. യുവതികളെ പ്രവേശിപ്പിക്കണമെന്ന ഉറച്ച നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. കേസ് പിന്‍വലിച്ചു മാപ്പ് പറയുന്നില്ലെങ്കില്‍ ഇപ്പോഴത്തെ ചുവടുമാറ്റം വെറും കാപട്യമാണെന്ന് പറയേണ്ടിവരും. അയ്യപ്പഭക്‌തര്‍ തെരുവിലിറങ്ങി സമരം ചെയ്‌തത് വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാനാണ്. സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് തിരുത്തുകയും സമരക്കാരുടെ ആവശ്യം ശരിവയ്‌ക്കുകയും ചെയ്‌ത സാഹചര്യത്തില്‍ അതേ സമരക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍ തുടരുന്നത് അങ്ങേയറ്റം അനീതിയാണ്. സി.പി.എമ്മും സര്‍ക്കാറും സ്വീകരിക്കുന്ന രാഷ്‌ട്രീയ ഇരട്ടത്താപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചുവടുമാറ്റം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടാണ്. ആചാര സംരക്ഷണത്തെക്കുറിച്ച് വാചാലമായി സംസാരിക്കുന്ന സര്‍ക്കാര്‍ ചെയ്‌ത തെറ്റിന് ജനങ്ങളോട് മാപ്പ് പറയണം. സത്യവാങ്‌മൂലം തിരുത്താന്‍ കാണിക്കുന്ന ആവേശം ഭക്‌തര്‍ക്കെതിരേയുള്ള കേസുകള്‍ റദ്ദാക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ കാണിക്കണം. അല്ലാത്തപക്ഷം, ശബരിമലയെ കേവലം രാഷ്‌ട്രീയ മുതലെടുപ്പിനുള്ള കരുവാക്കി മാറ്റാനുള്ള പിണറായി സര്‍ക്കാറിന്റെ ശ്രമങ്ങളെ വിശ്വാസികള്‍ തിരിച്ചറിയുമെന്നും പ്രതിരോധിക്കുമെന്നും കുമ്മനം പറഞ്ഞു.