കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ മുന്‍ നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് സുപ്രീം കോടതിയില്‍ സമ്മതിച്ച് സത്യവാങ്‌മൂലം സമര്‍പ്പിച്ച സംസ്‌ഥാന സര്‍ക്കാര്‍ പൊതുസമൂഹത്തോടും, വിശ്വാസി സമൂഹത്തോടും പരസ്യമായി മാപ്പ് പറയണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം ആവശ്യപ്പെട്ടു.
അവിശ്വാസികളായ യുവതികളെ പ്രവേശിപ്പിച്ച് അയ്യപ്പന്റെ പൂങ്കാവനത്തെ മലീമസപ്പെടുത്താന്‍ പോലീസിനും മറ്റ് സംവിധാനങ്ങള്‍ക്കുമായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്.
സുപ്രീം കോടതിയില്‍ കേസുകള്‍ നടത്താന്‍ വീണ്ടും പൊതു ഖജനാവില്‍ നിന്നു ലക്ഷങ്ങള്‍ ചെലവഴിക്കുന്നു.
സമൂഹത്തിലെ അശരണരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കേണ്ട കോടിക്കണക്കിനു രൂപയാണ് ഇപ്രകാരം അനാവശ്യ കേസുകള്‍ക്കായി സര്‍ക്കാര്‍ ചെലവിടുന്നത്.
ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങള്‍ക്ക് അനുകൂലമായി സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയ സര്‍ക്കാര്‍ ആചാര സംരക്ഷണത്തിനായി സമരം ചെയ്‌ത വിശ്വാസികള്‍ക്കെതിരേ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിച്ച് പൊതുസമൂഹത്തോടും, വിശ്വാസി സമൂഹത്തോടും മാപ്പ് പറയണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്‌ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍ വിളയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.